പൊലീസില്‍നിന്ന് അന്വേഷണം, മാനസിക പീഡനം ഉണ്ടാകരുത് ; പ്രാദേശിക നേതാക്കളുടെ സഹായം തേടി സൂരജിന്റെ പിതാവ്

അഞ്ചല്‍ : ഉത്രയുടെ കൊലക്കേസില്‍ അറസ്റ്റിലായ ഭര്‍തൃപിതാവ് സുരേന്ദ്രന്‍, മകനെ രക്ഷിക്കാന്‍ അഞ്ചലിലെ പ്രാദേശിക നേതാക്കളുടെ സഹായം തേടിയിരുന്നതായി സൂചന. ക്രൈംബ്രാഞ്ച് സൂരജിനെ അറസ്റ്റ് ചെയ്യുന്നതിനു മുന്‍പാണ് ഇയാള്‍ മകനു വേണ്ടി ഇടപെട്ടത്. അഞ്ചല്‍ പൊലീസില്‍നിന്ന് അന്വേഷണം, മാനസിക പീഡനം എന്നിവ ഉണ്ടാകരുതെന്ന ആവശ്യമാണ് നേതാക്കള്‍ക്ക് മുന്‍പില്‍ ഉന്നയിച്ചത്.

സുരേന്ദ്രന് ഒപ്പം വിദേശത്ത് 9 വര്‍ഷം ജോലി ചെയ്ത ആര്‍ച്ചല്‍ സ്വദേശിയായ സുഹൃത്ത് വഴിയാണു നേതാക്കളെ സമീപിച്ചത്. പ്രശ്‌നത്തില്‍ ഇടപെടാമെന്ന് ആദ്യം സമ്മതിച്ച നേതാക്കള്‍ കേസിന്റെ ഗൗരവം ബോധ്യമായതോടെ പിന്മാറുകയായിരുന്നു. സൂരജിന്റെ കൊടും ക്രൂരതയുടെ ചുരുള്‍ വളരെ പെട്ടെന്ന് അഴിഞ്ഞതോടെ പ്രശ്‌നത്തില്‍ ഇടപെട്ട സുഹൃത്തും നേതാക്കളും ഞെട്ടലിലാണ്.

ഉത്രയുടെ മരണത്തില്‍ സൂരജും കുടുംബാംഗങ്ങളും നിരപരാധികളാണന്നും മരണാനന്തര കര്‍മം കഴിയുന്നതിനു മുന്‍പ് ഉത്രയുടെ മാതാപിതാക്കള്‍ സ്വര്‍ണത്തിന്റെ കാര്യം പറഞ്ഞു ബുദ്ധിമുട്ടിക്കുന്നതായും സുരേന്ദ്രന്‍ ആര്‍ച്ചലിലെ സുഹൃത്തിനെയും പ്രാദേശിക നേതാവിനെയും ധരിപ്പിച്ചിരുന്നു. കുഞ്ഞിനെ വിട്ടുകിട്ടാന്‍ സഹായിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. സഹതാപം അര്‍ഹിക്കുന്ന കാര്യമെന്നു തെറ്റിദ്ധരിച്ചാണ് സുഹൃത്തും പ്രാദേശിക നേതാവും ഇടപെട്ടത്.

ഇതേസമയം, മകളുടെ മരണത്തില്‍ സൂരജിനു പുറമേ മാതാപിതാക്കള്‍ക്കും സഹോദരിക്കും പങ്കുണ്ടെന്ന് ഉത്രയുടെ പിതാവ് വിജയസേനന്‍ ആവര്‍ത്തിച്ചു.

Follow us _ pathram online

pathram:
Leave a Comment