വൈദികന്റെ അടുത്ത കിടക്കയിലുണ്ടായിരുന്ന ആളുടെ മരണത്തിലും സംശയം

തിരുവനന്തപുരം: തിരുവനന്തപുരത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വൈദികൻ കെ.ജി. വർഗ്ഗീസിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വൈദികന്റെ അടുത്ത കിടക്കയിൽ ചികിത്സയിലായിരിക്കെ ചൊവ്വാഴ്ച മരിച്ച മറ്റൊരാളുടെ മരണത്തിലും സംശയം. മെയ് 30ന് മരിച്ച ഇയാൾക്കും കോവിഡ് ഉണ്ടായിരുന്നോ എന്ന സംശയമാണ് ഇപ്പോൾ ബലപ്പെടുന്നത്.

കഴിഞ്ഞ മാസം 20 മുതൽ 10 ദിവസം വൈദികൻ പേരൂർക്കട ജില്ലാ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലും പേരൂർക്കട ജില്ലാ ആശുപത്രിയിലുമായി ഒന്നര മാസത്തോളം ഇദ്ദേഹം ചികിത്സയിൽ കഴിഞ്ഞിട്ടുണ്ട്. പേരൂർക്കട ജില്ലാ ആശുപത്രിയിൽ വൈദികന്റെ തൊട്ടടുത്ത ബെഡിൽ ചികിത്സയിൽ കഴിഞ്ഞയാളുടെ മരണത്തിലാണ് ഇപ്പോൾ ആശങ്ക.

ചൊവ്വാഴ്ചയാണ് ഈ രോഗി മരിച്ചത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് ഇയാൾ ചികിത്സയിലായിരുന്നത്. അന്നു കോവിഡ് ലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാൽ തന്നെ സ്രവ പരിശോധന നടത്തിയിരുന്നില്ല. നിലവിലെ സാഹചര്യത്തിൽ ഇയാളുടെ ബന്ധുക്കളുടെ സ്രവരങ്ങൾ ശേഖരിച്ച് കോവിഡ് പരിശോധനയ്ക്കായി അയക്കും.

വൈദികന് ആരിൽ നിന്നാണ് എവിടെ നിന്നാണ് രോഗം പകർന്നത് എന്ന് കണ്ടെത്താനാകാത്തതിൽ ആശങ്കയുണ്ടെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം, വൈദികന് ആശുപത്രിയിൽ നിന്നാവാം കോവിഡ് ബാധ ഉണ്ടായതെന്നും പുറത്ത് നിന്ന് രോഗം പകരാൻ സാധ്യതയില്ലെന്നും ബന്ധുക്കൾ പറയുന്നു.

വൈദികനെ ചികിത്സിച്ച മെഡിക്കൽ കോളേജിലേയും പേരൂർക്കട ജില്ലാ ആശുപത്രിയിലേയും ഇരുപതോളം ഡോക്ടർമാരെ നിരീക്ഷണത്തിലാക്കി. പേരൂർക്കട ജില്ലാ ആശുപത്രിയിലെ അമ്പതോളം ആരോഗ്യപ്രവർത്തകരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

പേരൂർക്കട ജില്ലാ ആശുപത്രിയിലെ ശസ്ത്രക്രിയാ, മെഡിക്കൽ വാർഡുകൾ അണുനശീകരണത്തിനായി അടച്ചിടും. മെഡിക്കൽ കോളേജിലെ ന്യൂറോ, ഇ.എൻ.ടി., സി.ടി. സ്കാൻ എന്നീ വിഭാഗങ്ങളിലായി പത്തോളം ഡോക്ടർമാരേയും മുപ്പതോളം ജീവനക്കാരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ പരിശോധനാഫലം അറിഞ്ഞ ശേഷം നിരീക്ഷണം എത്ര ദിവസം തുടരണമെന്ന് തീരുമാനിക്കും.

Follow us _ pathram online

pathram desk 2:
Related Post
Leave a Comment