കോവിഡ് പ്രതിരോധപ്രവര്‍ത്തനം പാളുന്നു: പാലക്കാട് ജില്ലയിലെ കോവിഡ് ചികിത്സാ കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലെന്ന് റിപ്പോര്‍ട്ട്; പിപിഇ കിറ്റിനൊപ്പമുള്ള ഗോഗിള്‍സ് കഴുകി ഉപയോഗിക്കുന്നതായി വെളിപ്പെടുത്തല്‍

പാലക്കാട്: രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നിട്ടും അന്നു സ്രവം പരിശോധനയ്ക്കു നല്‍കിയത് നന്നായി എന്ന സമാധാനത്തിലാണ് പാലക്കാട് ജില്ലാശുപത്രിയില്‍ രോഗം സ്ഥിരീകരിച്ച ഇസിജി ടെക്‌നീഷ്യനായ മലപ്പുറം സ്വദേശി. സ്രവം നല്‍കി നാലു ദിവസം വീട്ടിലിരുന്ന ശേഷമാണ് ജോലിക്കു പോയത്. സാധാരണ ഫലം നാലു ദിവസത്തിനകം അറിയേണ്ടതാണ്. പോസിറ്റീവ് അല്ലാത്തതിനാലാണ് ഫലം അറിയിക്കാതിരുന്നതെന്നു കരുതിയാണ് ഡ്യൂട്ടിക്കു കയറിയത് .

24 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്ത് ഇറങ്ങി വീട്ടിലേക്കു പോകുന്ന വഴിയില്‍ വച്ചാണു തനിക്കു രോഗം സ്ഥീരീകരിച്ചത് അറിയിച്ച് സ്‌പെഷല്‍ ബ്രാഞ്ചില്‍നിന്നു വിളി വരുന്നത്. തൊട്ടു പിന്നാലെ മെഡിക്കല്‍ ഓഫിസില്‍നിന്നും വിളി വന്നതോടെ ബൈക്കില്‍ തന്നെ നേരെ മഞ്ചേരി മെഡിക്കല്‍ കോളജിലെത്തി ആശുപത്രിയില്‍ അഡ്മിറ്റാകുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക പ്രശ്‌നം കൊണ്ട് ഫലം വൈകിയ വിവരം പിന്നീടാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലാണ് ഇപ്പോള്‍ പാലക്കാട് ജില്ലയിലെ കോവിഡ്–19 ചികിത്സാ സംവിധാനം. നോഡല്‍ ഓഫിസര്‍ ഉള്‍പ്പടെ ക്വാറന്റീനില്‍ പോയതോടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ഏകോപനം കാര്യമായി പാളുന്നുണ്ടെന്നാണു മനസിലാകുന്നത്. കഴിഞ്ഞ ദിവസം ഭക്ഷണം ലഭിക്കാന്‍ വൈകുന്നു എന്നു ചൂണ്ടിക്കാട്ടി ചികിത്സയിലുളള–19 രോഗികള്‍ വിഡിയോ പുറത്തുവിട്ടിരുന്നു.

കൃത്യസമയത്ത് ഭക്ഷണം ലഭിക്കേണ്ട പ്രമേഹ രോഗികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കു പ്രഭാത ഭക്ഷണം പത്തുമണിക്കാണു ലഭിക്കുന്നതെന്നും പലര്‍ക്കും തലകറക്കം ഉള്‍പ്പടെയുള്ള പ്രശനങ്ങളുണ്ടായതായും വിഡിയോയില്‍ ചൂണ്ടിക്കാണിച്ചതോടെ ഭക്ഷണക്കാര്യത്തില്‍ നടപടിയുണ്ടായി. രാവിലെ 9 മണിക്ക് പ്രഭാത ഭക്ഷണവും 12ന് ഉച്ചഭക്ഷണവും എത്തിച്ചു നല്‍കുകയും ബന്ധുക്കള്‍ക്കു വേണമെങ്കില്‍ ഭക്ഷണം എത്തിച്ചു നല്‍കാന്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

രോഗികള്‍ക്കൊപ്പം മണിക്കൂറുകള്‍ ചെലവഴിക്കുന്ന നഴ്‌സുമാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിപിഇ കിറ്റ് നല്‍കുന്നുണ്ടെങ്കിലും അതോടൊപ്പമുള്ള കണ്ണില്‍ വയ്ക്കുന്ന ഗോഗിള്‍സ് വീണ്ടും കഴുകി ഉപയോഗിക്കുന്നതായി വെളിപ്പെടുത്തുന്നത് നഴ്‌സുമാര്‍ തന്നെയാണ്. നഴ്‌സിങ് അസിസ്റ്റന്റുമാരോട് ഇതു കഴുകി എടുക്കാന്‍ നിര്‍ബന്ധിക്കുകയാണത്രെ. നിലവില്‍ ആവശ്യത്തിനു പിപിഇ കിറ്റുകള്‍ ലഭ്യമാകുന്നുണ്ടെന്നാണ് ആശുപത്രിയില്‍നിന്ന് ലഭിക്കുന്ന വിവരം. എന്നാല്‍ ഗോഗിള്‍സ് ഉള്‍പ്പടെയുള്ളവ പ്രത്യേകം സെറ്റുകളായാണത്രെ വരുന്നത്.

ഗോഗിള്‍സ് ഇല്ലാതെ വരുന്ന കിറ്റുകളില്‍ ഉപയോഗിക്കുന്നതിനുവേണ്ടിയാണ് കിറ്റ് കഴുകി എടുക്കുന്നത്. പക്ഷേ, രോഗം ഇത്ര രൂക്ഷമായ സാഹചര്യത്തില്‍ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലാതെ ഇവ കഴുകി ഉപയോഗിക്കുന്നത് അപകടമാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇവിടെ ഹെഡ് നഴ്‌സ് ഉള്‍പ്പെടെ നിരവധി ആരോഗ്യ പ്രവര്‍ത്തകരാണ് ഇതിനകം രോഗം പോസിറ്റീവാകുകയും അവര്‍ക്കൊപ്പം ജോലി ചെയ്തവര്‍ ക്വാറന്റീനില്‍ പോകുകയും ചെയ്തിട്ടുള്ളത്. വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനാല്‍ രോഗികളില്‍നിന്ന് രോഗം പടരാനുള്ള സാധ്യത കുറവാണെന്നാണു വിദഗ്ധരും വിലയിരുത്തുന്നത്. പകരം ഇത്തരത്തിലുള്ള അശ്രദ്ധമായ ഇടപഴകലുകളിലൂടെയോ ഉപയോഗിച്ച ഗോഗിള്‍സ് ഉപയോഗിക്കുന്നതിലൂടെയോ രോഗം പകരാന്‍ സാധ്യതയുണ്ടെന്നാണു വിലയിരുത്തല്‍.

കഴിഞ്ഞ ദിവസം ഐസലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിയെടുത്ത് ഇറങ്ങുമ്പോള്‍ ടെസ്‌റ്റെടുത്ത് നെഗറ്റീവാണെന്നു പറഞ്ഞ നിരവധിപ്പേരോടാണു ഇതിനകം വീണ്ടും ടെസ്‌റ്റെടുക്കണം, പെട്ടെന്ന് എത്താന്‍ ആവശ്യപ്പെട്ട് വിളിയെത്തിയത്. രോഗമില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് പല ഇടപഴകലുകളും നടത്തിയവരെ സംശയമുണ്ട് എന്നു പറഞ്ഞ് വിളിച്ചു വരുത്തുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകരും ആശങ്കയിലാകുകയാണ്. ആദ്യ പരിശോധനാ ഫലം വരാതിരുന്നത് വെളിപ്പെടുത്താതിരിക്കുകയോ പോസിറ്റീവായിട്ടും മറച്ചു വയ്ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് ഇവര്‍ സംശയിക്കുന്നത്.

Follow us _ pathram online

pathram:
Related Post
Leave a Comment