രാജ്യത്ത് കോവിഡി രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്; 24 മണിക്കൂറില്‍ 8380 രോഗികള്‍, ആകെ മരണം 5164 കടന്നു

ന്യൂഡല്‍ഹി : കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് ഒരു ദിവസത്തെ ഏറ്റവും വലിയ വര്‍ധന. 24 മണിക്കൂറില്‍ 8380 പേരെയാണു രോഗം ബാധിച്ചത്. 193 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1,82,143 ആയി. രാജ്യത്ത് ആകെ ചികില്‍സയിലുള്ളത് 89,995 പേര്‍. 86,984 പേര്‍ രോഗമുക്തരായി. ഇതുവരെ 5164 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ലോക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടിയതായി തമിഴ്‌നാട് അറിയിച്ചു. ആനുകൂല്യങ്ങളോടെയാണ് ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങള്‍ ഭാഗികമായി തുറന്നുകൊടുക്കും. തൊഴിലിടങ്ങളില്‍ കൂടുതല്‍ ജീവനക്കാരെയും അനുവദിക്കും. ആരാധനാലയങ്ങള്‍, സംസ്ഥാനാന്തര ബസ് സര്‍വീസ്, മെട്രോ, സബര്‍ബന്‍ ട്രെയിന്‍ എന്നിവയ്ക്കുള്ള നിരോധനം തുടരുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രതികരിച്ചു.

ജൂണ്‍ 1 മുതല്‍ നിയന്ത്രിതമായി പൊതു ഗതാഗതം ആരംഭിക്കുമെങ്കിലും കോവിഡ് രോഗികള്‍ ഏറെയുള്ള ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട് ജില്ലകളില്‍ ബസ് സര്‍വീസുകള്‍ ഉണ്ടാകില്ല. ചില റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് അനുമതി നല്‍കും. ശനിയാഴ്ച മാത്രം തമിഴ്‌നാട്ടില്‍ 938 പേര്‍ക്കാണ് കോവിഡ് രോഗം ബാധിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 21,184 ആയി.

ജൂണ്‍ അവസാനം വരെ ലോക്ഡൗണ്‍ തുടരാന്‍ പഞ്ചാബ് സര്‍ക്കാരും തീരുമാനിച്ചിരുന്നു. രാജ്യത്തെ ലോക്ഡൗണ്‍ ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച അറിയിച്ചു.

Follow us -pathram online

pathram:
Leave a Comment