2011ലെ ലോകകപ്പ് ഫൈനലില്‍ ടോസ് നഷ്ടമായ ധോണി രണ്ടാമതും ടോസിടാന്‍ നിര്‍ബന്ധം പിടിച്ചതായി വെളിപ്പെടുത്തല്‍

ഇന്ത്യ കിരീടം ചൂടിയ 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ടോസ് നഷ്ടമായ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി രണ്ടാമതും ടോസിടാന്‍ നിര്‍ബന്ധം പിടിച്ചതായി വെളിപ്പെടുത്തല്‍. അന്ന് കലാശപ്പോരില്‍ ഇന്ത്യയുടെ എതിരാളികളായിരുന്ന ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഇതേ തുടര്‍ന്ന് ആശയക്കുഴപ്പം ഉടലെടുത്തതോടെയാണ് അന്ന് രണ്ടാമതും ടോസ് ഇട്ടതെന്ന് സംഗക്കാര വ്യക്തമാക്കി. എന്നാല്‍, രണ്ടാം തവണ ടോസ് ഇട്ടപ്പോഴും ‘ഹെഡ്’ വിളിച്ച ശ്രീലങ്കന്‍ നായകന്‍ തന്നെയാണ് ടോസ് ജയിച്ചത്. തുടര്‍ന്ന് ഇന്ത്യയെ ഫീല്‍ഡിങ്ങിന് അയയ്ക്കുകയും ചെയ്തു. രവിചന്ദ്രന്‍ അശ്വിനുമായി ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുമ്പോഴാണ് സംഗക്കാര ഇക്കാര്യം വെളിപ്പെടുത്തിയത്.

മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സാണ് നേടിയത്. മുന്‍ ക്യാപ്റ്റന്‍ കൂടിയായിരുന്ന മഹേള ജയവര്‍ധനെയുടെ സെഞ്ചുറിയാണ് ശ്രീലങ്കയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. നാലാമനായിറങ്ങിയ ജയവര്‍ധനെ 88 പന്തില്‍ 13 ഫോറുകള്‍ സഹിതം 103 റണ്‍സാണ് നേടിയത്. മൂന്നാം വിക്കറ്റില്‍ സംഗക്കാരയ്‌ക്കൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടും തീര്‍ത്തു. എന്നാല്‍, ശ്രീലങ്ക ഉയര്‍ത്തിയ 275 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 10 പന്തുകള്‍ ബാക്കിനില്‍ക്കെ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നിരുന്നു. മൂന്നാമനായി ഇറങ്ങിയ ഗൗതം ഗംഭീര്‍ (122 പന്തില്‍ 97), ക്യാപ്റ്റന്‍ എം.എസ്. ധോണി (79 പന്തില്‍ പുറത്താകാതെ 91) എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് ഇന്ത്യയ്ക്ക് തുണയായത്.

ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ മൂന്നാമത്തെ മാത്രം ഫൈനല്‍ കാണാന്‍ ആയിരങ്ങളാണ് കലാശപ്പോരിന് വേദിയൊരുക്കിയ മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിലേക്ക് ഇരച്ചെത്തിയത്. കലാശപ്പോരിന്റെ ആവേശത്തില്‍ ഗാലറിയില്‍നിന്ന് ആരാധകരുയര്‍ത്തിയ ആരവത്തില്‍ ആദ്യതവണ ടോസ് ഇടപ്പോള്‍ താന്‍ ‘ഹെഡ്’ വിളിച്ചത് കേട്ടില്ലെന്ന് ധോണി അറിയിച്ചതായി സംഗക്കാര വെളിപ്പെടുത്തി. താന്‍ ഹെഡ് വിളിച്ചത് വ്യക്തമായി കേട്ട മാച്ച് റഫറി ശ്രീലങ്ക ടോസ് ജയിച്ചതായി പ്രഖ്യാപിച്ചെങ്കിലും ധോണി വിയോജിക്കുകയായിരുന്നു.

”വാങ്കഡെയില്‍ ഫൈനല്‍ കാണാന്‍ തടിച്ചുകൂടിയ ജനാവലി ഞെട്ടിക്കുന്നതായിരുന്നു. ശ്രീലങ്കയില്‍ ഇത്തരത്തിലൊരു ആരാധകക്കൂട്ടത്തെ ഒരിക്കലും കാണാനാകില്ല. ഈഡന്‍ ഗാര്‍ഡന്‍സിലും (കൊല്‍ക്കത്ത) ഞാന്‍ ഇതേ പ്രശ്‌നം അനുഭവിച്ചിട്ടുണ്ട്. ആളുകളുടെ ബഹളം കാരണം എനിക്ക് ഫസ്റ്റ് സ്ലിപ്പിലുള്ളവരോടു പോലും സംസാരിക്കാനാകില്ല. അതിനുശേഷം വാങ്കഡെയിലാണ് സമാനമായ ജനക്കൂട്ടത്തെ കണ്ടത്. അന്ന് ഫൈനലില്‍ ടോസ് ഇട്ടപ്പോള്‍ ഞാന്‍ ‘ടെയ്ല്‍’ അല്ലേ വിളിച്ചതെന്ന് ധോണി ചോദിച്ചു. അല്ല, ഹെഡ് ആണ് വിളിച്ചതെന്ന് ഞാന്‍ മറുപടി നല്‍കി’ – സംഗക്കാര വിശദീകരിച്ചു.

‘ഞാന്‍ ഹെഡ് വിളിച്ചത് കേട്ട മാച്ച് റഫറി ശ്രീലങ്ക ടോസ് ജയിച്ചതായി പ്രഖ്യാപിച്ചു. എന്നാല്‍, ധോണി വിയോജിച്ചു. ഇതോടെ ആകെ ആശയക്കുഴപ്പമായി. ഇതോടെ വീണ്ടും ടോസ് ഇടാമെന്ന് ധോണി നിര്‍ദ്ദേശിച്ചു. ഇത്തവണയും ഞാന്‍ ഞാന്‍ ഹെഡ് വിളിച്ചു. ടോസ് എനിക്കു തന്നെ കിട്ടുകയും ചെയ്തു’ – സംഗക്കാര പറഞ്ഞു.

‘സത്യത്തില്‍ അന്ന് ടോസ് ജയിച്ചത് എന്റെ ഭാഗ്യമാണോ എന്ന് ഇപ്പോഴും അറിയില്ല. അന്ന് എനിക്ക് ടോസ് നഷ്ടമായിരുന്നെങ്കില്‍ ഒരുപക്ഷേ ഇന്ത്യയും ആദ്യം ബാറ്റിങ് തന്നെ തിരഞ്ഞെടുക്കുമായിരുന്നു എന്നാണ് എനിക്കു തോന്നുന്നത്’ – സംഗക്കാര വിശദീകരിച്ചു.

അന്ന് കലാശപ്പോരില്‍ തോറ്റതോടെ രണ്ടാം ലോകകിരീടമെന്ന മോഹമാണ് ശ്രീലങ്ക കൈവിട്ടത്. 1996ലാണ് ശ്രീലങ്ക ആദ്യമായി ലോകകപ്പ് നേടിയത്. 49–ാം ഓവറില്‍ തകര്‍പ്പന്‍ സിക്‌സറിലൂടെ ടീമിനെ വിജയത്തിലെത്തിച്ചശേഷം ധോണിയും യുവരാജ് സിങ്ങും ആശ്ലേഷിക്കുമ്പോള്‍ പിന്നില്‍ പുഞ്ചിരിയുമായി നില്‍ക്കുന്ന തന്റെ ചിത്രത്തെക്കുറിച്ചും സംഗക്കാര പ്രതികരിച്ചു.

‘തോറ്റാലും ഇല്ലെങ്കിലും അതിനെ എങ്ങനെ നേരിടണമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. മത്സരം തോറ്റ നിമിഷം ആ ചിത്രത്തില്‍ കാണുന്ന എന്റെ ചിരിക്കു പിന്നില്‍ ഒളിപ്പിച്ചുവച്ച വലിയൊരു വേദനയും നിരാശയുമുണ്ട്. 1996 മുതല്‍ ലോകകപ്പ് ശ്രീലങ്കയിലെത്താന്‍ കാത്തിരിക്കുന്ന രണ്ടു കോടി ശ്രീലങ്കക്കാരെ ഓര്‍ത്തുള്ള വേദനയും നിരാശയും’ – സംഗക്കാര പറഞ്ഞു. പരുക്കുമൂലം എയ്ഞ്ചലോ മാത്യൂസിനെ കലാശപ്പോരില്‍ നഷ്ടമായതും തോല്‍വിക്കു കാരണമായതായി സംഗക്കാര ചൂണ്ടിക്കാട്ടി.

Follow us on patham online news

pathram:
Related Post
Leave a Comment