വിമര്‍ശകര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി; കേരളത്തെ ഇകഴ്ത്തിക്കാട്ടാന്‍ ചിലര്‍ ശ്രമിക്കുന്നു; ഈ രോഗം ആര്‍ക്കെങ്കിലും ഒളിച്ചു വയ്ക്കാന്‍ കഴിയില്ല, ചികിത്സിച്ചില്ലെങ്കില്‍ മരണത്തിനു കാരണമാകും

തിരുവനന്തപുരം: രോഗമുക്തിയില്‍ ദേശീയ തലത്തില്‍ തന്നെ കേരളം മുന്നിലാണെന്നും തെറ്റായ കണക്കുകളും വ്യാജ ആരോപണങ്ങളും ഉയര്‍ത്തി കേരളത്തിന്റെ മുന്നേറ്റത്തെ ഇകഴ്ത്തിക്കാട്ടാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ ഇതുവരെ അഭിനന്ദിക്കുക മാത്രമേ കേന്ദ്രം ചെയ്തിട്ടുള്ളൂ എന്ന് ആരോപണം ഉന്നയിക്കുന്നവര്‍ ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ കോവിഡ് പ്രതിരോധം വളരെ ശ്രദ്ധ നേടിയതാണ്. ഐസിഎംആറിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി അനുസരിക്കുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇത് അംഗീകരിച്ചതാണ്. മറ്റുള്ളവരോട് കേരള മോഡല്‍ മാതൃകയാക്കണമെന്നും നിര്‍ദേശിച്ചു. ഇതെല്ലാം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുമാണ്. ആദ്യം ആലപ്പുഴയിലെ വൈറോളജി ലാബ് മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. പിന്നീട് 15 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 5 സ്വകാര്യ ലാബുകളിലും കോവിഡ് പരിശോധനയ്ക്ക് സൗകര്യമൊരുക്കി. ഇവയെല്ലാം ഐസിഎംആര്‍ അംഗീകരിച്ചതാണ്.

വ്യാപകമായി ആന്റിബോഡി ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചിരുന്നു. ഐസിഎംആര്‍ വഴി ലഭിച്ച കിറ്റുകള്‍ക്ക് ഗുണനിലവാരം ഉണ്ടായിരുന്നില്ല. അത് ഉപയോഗിക്കേണ്ട എന്ന് ഐസിഎംആര്‍ തന്നെ നിര്‍ദേശിച്ചു. ഇതോടെയാണ് വ്യാപകമായി ആന്റിബോഡി ടെസ്റ്റ് നടത്താന്‍ കഴിയാതിരുന്നത്. രോഗം പടരുന്നുണ്ടോ എന്നറിയാനാണ് സെന്റിനല്‍ സര്‍വൈലന്‍സ് ടെസ്റ്റ്. ഇങ്ങനെ നടത്തിയാണ് സമൂഹവ്യാപനം ഉണ്ടായില്ലെന്ന് സര്‍ക്കാര്‍ വിലയിരുത്തിയത്.

എന്നാല്‍ നാളെ സമൂഹവ്യാപനം ഉണ്ടാകുകയേയില്ല എന്ന് ഉറപ്പ് പറയാനാകില്ല. ഇന്നത്തെ നിലയില്‍ സമൂഹവ്യാപനം ഇല്ല എന്നതാണ്. ഈ രോഗം ആര്‍ക്കെങ്കിലും ഒളിച്ചു വയ്ക്കാന്‍ കഴിയില്ല. രോഗബാധിതര്‍ ചികിത്സിച്ചില്ലെങ്കില്‍ മരണത്തിനു കാരണമാകും. കേരളത്തില്‍ മരണനിരക്ക് കുറവാണ്. 0.5 ശതമാനമാണ് കേരളത്തിലെ മരണനിരക്ക്. 2.89 ശതമാനമാണ് ദേശീയ നിരക്ക് എന്നോര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

Follow us on patham online news

pathram:
Related Post
Leave a Comment