ഞാനാണ് ഉത്രയെ കൊന്നതെന്നു വരെ കേസു കൊടുത്തവരാണ്…അവളുമായി ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല

കൊല്ലം: പാമ്പുകടിയേറ്റ് ഉത്ര കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് സൂരജും ബന്ധുക്കളും തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നു സഹോദരന്‍ വിഷു. ഉത്രയുടെ മരണത്തില്‍ വിഷുവിനു പങ്കുണ്ടെന്ന് ആരോപിച്ചു സൂരജ് പരാതി നല്‍കിയിരുന്നു. വിഷുവും ഉത്രയും തമ്മില്‍ സ്വത്തുവിഷയത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു, വിവാഹശേഷം വിഷു ഉത്രയോടു ഫോണില്‍ പോലും സംസാരിക്കാറില്ല എന്നുമാണു സൂരജിന്റെ സഹോദരി സൂര്യയടക്കം മാധ്യമങ്ങളോടു പറഞ്ഞത്. ഉത്ര മരിച്ച ദിവസം മുറിയുടെ ജനാല തുറന്നിട്ടതും പാമ്പിനെ പിടിച്ചപ്പോള്‍ കൊന്നതുമൊക്കെ വിഷുവാണെന്നും സൂര്യ പറഞ്ഞിരുന്നു.

ഇതെല്ലാം കേസില്‍നിന്നു രക്ഷപ്പെടാന്‍ വേണ്ടി അവര്‍ പറയുന്ന കാര്യങ്ങള്‍ മാത്രമാണെന്നു വിഷു പ്രതികരിച്ചു. ‘കൂടുതലൊന്നും പറയാനില്ല. ഞാനാണ് ഉത്രയെ കൊന്നതെന്നു വരെ കേസു കൊടുത്തവരാണ്. അത് അവര്‍ ചെയ്തതു മറയ്ക്കാനാണ്. അതില്‍ വേറെന്ത് പറയാനാണ്.’– വിഷു പറഞ്ഞു. ‘അവളെ അവന്‍ ആദ്യം പാമ്പ് കടുപ്പിച്ച അന്നു മുതല്‍ അവള്‍ക്കൊപ്പം ഞാന്‍ ആശുപത്രിയിലുണ്ട്. അവളുമായി എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഞാനങ്ങനെ നില്‍ക്കേണ്ട കാര്യമുണ്ടോ? ഈ പറയുന്ന ആരും അവളെ തിരിഞ്ഞുപോലും നോക്കാത്ത ആളുകളാണ്. ആദ്യ രണ്ടു ദിവസം മാത്രം അവര്‍ വന്നു. പിന്നീട് അവള്‍ അനങ്ങാനാകാതെ കിടന്നിട്ടു പോലും തിരിഞ്ഞു നോക്കിയിട്ടില്ല. ഞാനും അമ്മയും അച്ഛനുമാണു നോക്കിയത്, സൂരജും ഒപ്പം ഉണ്ടായിരുന്നു.’– വിഷു പറഞ്ഞു.

ഉത്രയും സൂരജും തമ്മില്‍ നേരത്തേ മുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും വിഷു സൂചിപ്പിച്ചു. പല തവണ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ തുടര്‍ന്നപ്പോള്‍ ജനുവരിയില്‍ ഉത്രയെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ ചെന്നു. അപ്പോള്‍ ഇനി പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നു പറഞ്ഞു സൂരജ് മാതാപിതാക്കളെയും സഹോദരനെയും അനുനയിപ്പിച്ചാണ് ഉത്രയെ വീണ്ടും വീട്ടില്‍ നിര്‍ത്തുന്നത്. ഇനി പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് പറഞ്ഞപ്പോള്‍ അത് ഇങ്ങനെയാകുമെന്ന് കരുതിയില്ലെന്നും അവളുടെ കുടുംബജിവിതം തകരരുതെന്നു മാത്രമാണ് ആഗ്രഹിച്ചതെന്നും വിഷു പറഞ്ഞു.

ഞങ്ങള്‍ അവളെ വിളിച്ചുകൊണ്ടു പോരുമെന്ന് മനസ്സിലാക്കിയതു മുതല്‍ അവന്‍ പ്ലാന്‍ മാറ്റി. വഴക്കോ കാര്യങ്ങളോ ഒന്നും ഉണ്ടാക്കാന്‍ നില്‍ക്കാതെ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യമെന്ന് ഇപ്പോഴാണു മനസ്സിലായത്. ഇങ്ങനെ എന്തെങ്കിലും അവന്റെ ഉള്ളില്‍ ഉണ്ടായിരുന്നെന്ന് അറിഞ്ഞിരുന്നെങ്കില്‍ അന്നേ എന്തെങ്കിലും ചെയ്‌തേനെ. ഇതുവരെ വിവാഹമോചനത്തിനു ശ്രമിച്ചിട്ടില്ല.’– വിഷു പറഞ്ഞു. കൊലപാതകത്തെ കുറിച്ച് സൂരജിന്റെ കുടുബാംഗങ്ങള്‍ക്കും വ്യക്തമായി അറിയാമായിരുന്നെന്ന് വിഷു ആരോപിച്ചു.

ഉത്ര നേരത്തെ പാമ്പിനെ കണ്ടിരുന്നെന്ന് പറഞ്ഞപ്പോഴും അവര്‍ കാര്യമായി എടുത്തിരുന്നില്ല. അതു ചേരയോ മറ്റോ ആയിരിക്കും, കാര്യമാക്കേണ്ടെന്നാണു സൂരജിന്റെ വീട്ടുകാര്‍ പറഞ്ഞത്. അവര്‍ക്കു കൃത്യമായി അറിയാമായിരുന്നു സൂരജ് ഇങ്ങനെ ചെയ്യാന്‍ പോവുകയാണെന്ന്. അതുകൊണ്ടാണ് അന്ന് അവരത് കാര്യമാക്കാതെ വിട്ടതെന്നും ഉത്രയുടെ സഹോദരന്‍ പറയുന്നു. അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്ര (25) മേയ് 7നാണ് കുടുംബവീട്ടില്‍ പാമ്പു കടിയേറ്റ് കൊല്ലപ്പെട്ടത്. ഉത്രയെ പാമ്പിനെ കൊണ്ടു കടിപ്പിച്ച് കൊന്നതിനു പിന്നീട് ഭര്‍ത്താവിനെ അറസ്റ്റു ചെയ്തു. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും അങ്ങനെ തുടരുമെന്നാണു വിശ്വസിക്കുന്നതെന്നും വിഷു പറഞ്ഞു.

Follow us on patham online news

pathram:
Related Post
Leave a Comment