മൊബൈല്‍ ഫോണുകളിലൂടെ കൊവിഡ് പകരുമെന്ന് എംയിസിലെ ഡോക്ടര്‍മാരുടെ പഠനം

മൊബൈല്‍ ഫോണുകളിലൂടെ കൊവിഡ് പകരാമെന്ന് ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് റായ്പൂരിലെ ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. കൊവിഡ് വൈറസിന്റെ വാഹകരാകാന്‍ മൊബൈല്‍ ഫോണുകള്‍ക്ക് കഴിയുമെന്ന് എംയിസ് റായ്പൂരിലെ ഡോക്ടര്‍മാരുടെ പഠനം പറയുന്നു. വ്യക്തി ശുചിത്വം പാലിക്കാനായി കൂടുതല്‍ കാര്യങ്ങള്‍ ആശുപത്രികളില്‍ ഉള്‍പ്പെടുത്തണമെന്നും ഒരു സംഘം ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു.

ആരോഗ്യ പ്രവര്‍ത്തകര്‍ തമ്മിലുള്ള ആശയവിനിമയം, മാര്‍ഗനിര്‍ദേശങ്ങള്‍ പരിശോധിക്കല്‍. മരുന്നുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ തേടല്‍, ടെലിമെഡിസിന്‍ ആവശ്യങ്ങള്‍, അങ്ങനെ നിരവധി കാരണങ്ങളാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് നിയന്ത്രിക്കണമെന്നും അല്ലെങ്കില്‍ വൈറസ് വ്യാപനത്തിന് സാധ്യത വര്‍ധിക്കുമെന്നും ബിഎംജെ ഗ്ലോബല്‍ ഹെല്‍ത്ത് ജേര്‍ണലില്‍ വന്ന ലേഖനത്തില്‍ വ്യക്തമാക്കുന്നു.

മൊബൈല്‍ ഫോണ്‍ പ്രതലത്തില്‍ നിന്നും കൊവിഡ് ബാധിക്കുന്നതിനുള്ള സാധ്യത വളരെയധികമാണ്. ഫോണ്‍ പ്രതലത്തില്‍ വൈറസ് ഇരുന്നാല്‍ അതിന് നേരിട്ട് കണ്ണ്, മൂക്ക്, വായ എന്നീ അവയവങ്ങളിലേക്ക് എത്തിച്ചേരാം. ആരോഗ്യ പ്രവര്‍ത്തകര്‍ കൈകള്‍ തുടര്‍ച്ചയായി അണുവിമുക്തമാക്കുന്നുണ്ടെങ്കിലും ഓരോ അഞ്ച് മിനുട്ട് മുതല്‍ രണ്ട് മണിക്കൂര്‍ വരെ വ്യത്യാസത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തല്‍. മൊബൈല്‍ ഫോണുകള്‍ അണുവിമുക്തമാക്കാന്‍ പലരും ശ്രദ്ധിക്കാറുമില്ല.

കൊവിഡ് തടയാന്‍ ലോകാരോഗ്യസംഘടന അടക്കം മാര്‍ഗനിര്‍ദേശങ്ങള്‍ തന്നിട്ടുണ്ടെങ്കിലും ഒന്നിലും മൊബൈല്‍ ഫോണ്‍ ഉപയോഗത്തെക്കുറിച്ച് പറഞ്ഞിട്ടില്ല. മൊബൈല്‍ ഫോണിലൂടെ വൈറസ് വ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്നാണ് ഡോക്ടര്‍മാര്‍ വാദിക്കുന്നത്. ഇത് നിയന്ത്രിച്ചാല്‍ ആരോഗ്യപ്രവര്‍ത്തകരില്‍ രോഗബാധ ഉണ്ടാക്കിയേക്കാവുന്ന ഒരു കാരണത്തെ പ്രതിരോധിക്കാനാകുമെന്നും ഡോക്ടര്‍മാര്‍ ലേഖനത്തില്‍ പറയുന്നു.

Follow us on pathram online news

pathram:
Leave a Comment