കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; കിടക്കകള്‍ കിട്ടാനില്ല, മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ല, പൊതു ആരോഗ്യസംവിധാനങ്ങള്‍ തകര്‍ച്ചയുടെ വക്കില്‍

മുംബൈ : കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും വര്‍ധിച്ചതോടെ നഗരത്തിലെ പൊതു ആരോഗ്യസംവിധാനങ്ങള്‍ തകര്‍ച്ചയുടെ വക്കിലെന്ന് സൂചന. കോവിഡ് ചികിത്സയ്ക്കായി പ്രത്യേക സൗകര്യമൊരുക്കിയ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെ ജീവനക്കാര്‍ തന്നെ നിലവിലുള്ള സംവിധാനങ്ങളിലും ക്രമീകരണങ്ങളിലും കടുത്ത അതൃപ്തിയും അമര്‍ഷവും പ്രകടിപ്പിക്കുന്നു. കോവിഡ് വാര്‍ഡില്‍ ഡ്യൂട്ടിക്ക് നിയോഗിച്ച തങ്ങളിലൊരാള്‍ അവധിയോ ചികിത്സയോ ലഭിക്കാതെ മരിച്ചതോടെ പരേല്‍ കെഇഎം ആശുപത്രിയില്‍ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും കഴിഞ്ഞ ദിവസം പ്രതിഷേധവുമായി പുറത്തിറങ്ങിയിരുന്നു. കോവിഡ് രോഗികളെ അഭിമുഖീകരിക്കുന്ന തങ്ങള്‍ക്ക് അവശ്യംവേണ്ട സുരക്ഷാ സംവിധാനങ്ങള്‍ നല്‍കുന്നില്ലെന്നാണു സര്‍ക്കാര്‍ ആശുപത്രികളിലെ ജീവനക്കാര്‍ പരാതിപ്പെടുന്നത്.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തന്നെ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയ ദൃശ്യങ്ങള്‍ പുറത്തുവരുമ്പോള്‍ പൊതുജനങ്ങള്‍ ആരെ ആശ്രയിക്കും എന്ന ഭീതിയിലാണ്. മോര്‍ച്ചറികളില്‍ നിറഞ്ഞുകവിയുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങളും മരവിപ്പ് പടര്‍ത്തും. സര്‍ക്കാര്‍ ആശുപത്രികളിലെ ജീവനക്കാരുടെ അമിതഭാരം കുറയ്ക്കാന്‍ സ്വകാര്യ ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്താനുള്ള ബിഎംസിയുടെ ശ്രമങ്ങള്‍ പ്രതീക്ഷിച്ചപ്പോലെ വിജയിച്ചില്ല.

രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ഇപ്പോഴത്തെ സൗകര്യങ്ങള്‍ അപര്യാപ്തമെന്നു വ്യക്തം. കെഇഎമ്മിനു പുറമെ, കസ്തൂര്‍ബ, സയണ്‍, കൂപ്പര്‍, നായര്‍, എച്ച്ബിടി ട്രോമ (ജോഗേശ്വരി), ബാബ (ബാന്ദ്ര), ബാബ (കുര്‍ള), രാജവാഡി (ഘാട്‌കോപര്‍) തുടങ്ങിയ മുനിസിപ്പല്‍ ആശുപത്രികളിലും കോവിഡ് ചികിത്സാ സൗകര്യമുണ്ടെങ്കിലും പുതിയ സാഹചര്യങ്ങള്‍ നേരിടാന്‍ ഇവ മതിയാകില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പു നല്‍കുന്നു.

കോവിഡ് രോഗികളെ മാത്രം ചികിത്സിക്കുന്ന കെഇഎം ആശുപത്രിയില്‍ ചികിത്സയ്ക്കായി രോഗികളുടെ പ്രവാഹമാണ്. എന്നാല്‍ മണിക്കൂറുകളോളം കാത്തുനിന്നാലും കിടക്കകള്‍ ഒഴിവില്ലാത്തതിനാല്‍ ആശുപത്രി പ്രവേശനം ലഭിക്കുമോ എന്നുറപ്പില്ല. നഗരത്തിലെ നക്ഷത്ര ഹോട്ടലുകള്‍ പലതും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ബിഎംസി ഉദ്യോഗസ്ഥര്‍ക്കും താമസസൗകര്യം നല്‍കുന്നതിനാല്‍ ഒട്ടേറെ ഹോട്ടല്‍ ജീവനക്കാരും കോവിഡ് ബാധിതരാകുന്നുണ്ട്. ഇവര്‍ക്ക് ചികിത്സാ സൗകര്യം ഒരുക്കുന്നതിന് ബിഎംസിക്ക് കഴിയുന്നുമില്ല. നഗരത്തില്‍ കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് വെറും ഐസിയുകള്‍ മാത്രം പോരെന്നും ഓക്‌സിജന്‍ സപ്ലൈ സംവിധാനമുള്ള 10,000 കിടക്കകള്‍ തന്നെ ആവശ്യം വരുമെന്നും ആരോഗ്യമന്ത്രി രാജേഷ് തോപ്പെ ചൂണ്ടിക്കാട്ടിയിരുന്നു. നിലവില്‍ ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ കോവിഡ് ചികിത്സാ കേന്ദ്രവും വര്‍ളിയിലെ എന്‍എസ്‌സിഐ സ്‌റ്റേഡിയത്തില്‍ ഐസലേഷന്‍ കേന്ദ്രവും തുറന്നിട്ടുണ്ട്.

കോവിഡ് മരണങ്ങള്‍ വര്‍ധിച്ചതോടെ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നതും വെല്ലുവിളിയായി. കെഇഎം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ 27 മൃതദേഹങ്ങള്‍ സൂക്ഷിക്കാനേ സൗകര്യമുള്ളൂ. പത്തോ പതിനഞ്ചോ മൃതദേഹങ്ങള്‍ ഇടനാഴിയിലോ വരാന്തയിലോ കിടക്കും. ഇത്തരത്തില്‍ സ്‌ട്രെച്ചറുകളില്‍ കിടത്തിയിരിക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.

Follow us on pathram online news

pathram:
Leave a Comment