സന്തോഷ് ശിവന്‍ ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം പൃഥിരാജും

സന്തോഷ് ശിവന്‍ ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം പൃഥിരാജും. മഞ്ജു വാര്യരും കാളിദാസ് ജയറാമും സൗബിന്‍ ഷാഹിറും ഒന്നിക്കുന്ന ചിത്രത്തിലാണ് പൃഥ്വിരാജും എത്തുന്നത് . ‘ഉറുമി’ക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ‘ജാക്ക് ആന്‍ഡ് ജില്‍’ എന്ന സിനിമയിലാണ് പൃഥ്വിയും അഭിനയിക്കുന്നത്. സന്തോഷ് ശിവന്‍ ഒരുക്കിയ ഉറുമി, അനന്തഭദ്രം എന്നീ സിനിമകളില്‍ പൃഥ്വി നായകനായിട്ടുണ്ട്.

മഞ്ജുവും സൗബിനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെന്നും പൃഥ്വിരാജിന്റെ ശബ്ദത്തിലുള്ള നരേഷന്‍ സിനിമയിലുണ്ടാകുമെന്നും സന്തോഷ് ശിവന്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ്. പൃഥ്വിയുടെ ഈ ഭാഗങ്ങളുടെ റെക്കോര്‍ഡിങ് പൂര്‍ത്തിയാക്കിയെന്നും സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍, ഗ്രേഡിങ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ്.

മുമ്പ് ഓഗസ്റ്റ് സിനിമാസിന്റെ പാര്‍ട്‌നര്‍മാരായിരുന്ന സമയത്ത് പൃഥ്വിരാജും, സന്തോഷ് ശിവനും ‘ദി ഗ്രേറ്റ് ഫാദര്‍’, ‘ഡാര്‍വിന്റെ പരിണാമം’ തുടങ്ങിയ സിനിമകള്‍ ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിച്ചിട്ടുണ്ട്. കാളിദാസ് ജയറാമും ജാക്ക് ആന്‍ഡ് ജില്ലില്‍ ഒരു പ്രധാനവേഷത്തിലുണ്ട്. ഇതേ സിനിമയുടെ തമിഴ് പതിപ്പില്‍ കാളിദാസിനു പകരം യോഗി ബാബു ആയിരിക്കുമെന്നും സന്തോഷ് ശിവന്‍ വ്യക്തമാക്കിയിരിക്കുകയാണ്.

ആടുജീവിതം സിനിമയുടെ ജോര്‍ദാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി എത്തിയ പൃഥ്വി ഇപ്പോള്‍ കൊച്ചിയില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ഒന്നിക്കുന്ന വിനീത് ശ്രീനിവാസന്‍ ചിത്രമായ ഹൃദയത്തില്‍ പൃഥ്വി ഒരു ഗാനം ആലപിക്കുന്നുമുണ്ട്.

മഞ്ജു വാര്യര്‍, കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി നിരവധി താരങ്ങള്‍ ഒരുമിക്കുന്ന ജാക്ക് ആന്‍ഡ് ജില്‍ സന്തോഷ് ശിവനും മഞ്ജു വാര്യരും ഒന്നിക്കുന്ന ആദ്യ സിനിമകൂടിയാണ്.

pathram:
Related Post
Leave a Comment