സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കോവിഡ്; 16 പേര്‍ മഹാരാഷ്ട്രയില്‍നിന്ന് വന്നവര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 10 പേര്‍ക്ക് ഫലം നെഗറ്റീവായി. കാസര്‍കോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകളുടെ എണ്ണം. രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ മഹാരാഷ്ട്രയില്‍നിന്ന് വന്നവരാണ്. തമിഴ്‌നാട് 5, തെലങ്കാന 1, ഡല്‍ഹി 3, ആന്ധ്ര, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍നിന്നായി ഓരോരുത്തര്‍ വീതവും. വിദേശത്തുനിന്ന് വന്ന 9 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 3 പേര്‍ക്കും രോഗം വന്നു. മലപ്പുറം 6, ആലപ്പുഴ 1, വയനാട് 1, കാസര്‍കോട് 2 എന്നിങ്ങനെയാണ് നെഗറ്റീവ് കേസുകളുടെ എണ്ണം.

ഇന്നലെ വരെ കോവിഡ് ബാധിച്ച് വിദേശത്തു മരിച്ച മലയാളികള്‍ 173 പേരാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് ആകെ 81 ഹോട്‌സ്‌പോട്ടുകള്‍ ഉണ്ട്. ഇന്നു പുതതായി 13 എണ്ണം കൂടിയുണ്ടായി. പാലക്കാട് 10, തിരുവനന്തപുരം മൂന്ന്. എല്ലാ രാഷ്ട്രീയകക്ഷി നേതാക്കളുമായി ഇന്നു വിഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തിയെന്നും. ഒന്നിച്ചു നീങ്ങണമെന്ന പൊതുഅഭിപ്രായം രൂപപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. രോഗവ്യാപനം തടയുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ കക്ഷിനേതാക്കള്‍ മതിപ്പ് പ്രകടിപ്പിച്ചു. എല്ലാവിധ പിന്തുണയും ഇവര്‍ അറിയിച്ചു.

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1004 ആയി. 445 പേര്‍ ചികില്‍സയിലുണ്ട്. 1,07,832 പേര്‍ നിരീക്ഷണത്തിലുണ്ട്. 1,06,940 പേര്‍ വീടുകളിലും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും നിരീക്ഷണത്തിലാണ്. 892 പേര്‍ ആശുപത്രികളില്‍ നീരീക്ഷണത്തിലുണ്ട്. ഇന്ന് 229 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 58,866 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 56,558 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി.

വരാനാഗ്രഹിക്കുന്ന എല്ലാവരെയും സ്വീകരിക്കും. ഒരു ക്രമീകരണവുമില്ലാതെ ആളുകള്‍ ഒന്നിച്ചു വന്നാല്‍ രോഗവ്യാപനം തടയാന്‍ സാധിക്കില്ല. ആസൂത്രണത്തോടെയും ചിട്ടയോടെയും പുറത്തുനിന്നുവരുന്നവരെ ക്വാറന്റീനിലേക്ക് അയയ്ക്കും. വരുന്ന എല്ലാവരുടെയും വിവരങ്ങള്‍ മുന്‍കൂട്ടി ലഭിക്കണം. അതിനായി അവര്‍ സര്‍ക്കാര്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. അതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ സാധിക്കില്ല. ക്വാറന്റീന്‍ സൗകര്യമില്ലാത്തവരെ സര്‍ക്കാര്‍ ക്വാറന്റീനിലേക്ക് അയയ്ക്കും. ക്രമീകരണം നിഷ്‌കര്‍ഷിക്കുന്നതിനെ ചിലര്‍ തെറ്റിദ്ധരിക്കുന്നു. അതിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം ഉണ്ടായത്. വിദേശത്തുനിന്നു വരുന്നവരുടെ ക്വാറന്റീന്‍ ചാര്‍ജ് ഈടാക്കാന്‍ തീരുമാനിച്ചതും ആശയക്കുഴപ്പം ഉണ്ടാക്കി. തുക താങ്ങാന്‍ കഴിയുന്നവരില്‍നിന്നും തുക ഈടാക്കും. അല്ലാത്തവരെ ഒഴിവാക്കും. വിദേശത്തുള്ള സംഘടനകള്‍ ഫ്‌ലൈറ്റ് ചാര്‍ട്ട് ചെയ്തു വരാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കണം. എങ്കിലേ ക്രമീകരണങ്ങള്‍ നടത്താനാകൂ.

pathram:
Related Post
Leave a Comment