കെവിന്റെ വീട് എന്ന സ്വപ്‌നം പൂര്‍ത്തിയായി; പുതിയ വീട്ടില്‍ ജോസഫും മേരിയും സഹോദരി കൃപയും മനസുകൊണ്ട് നീനുവും

കോട്ടയം :19 വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം വീട്ടിലാണ് ജോസഫും മേരിയും. കെവിന്‍ ആഗ്രഹിച്ചതുപോലെ സ്വന്തം വീട്ടില്‍. ഒപ്പമുണ്ട് കെവിന്റെ സഹോദരി കൃപയും മനസ്സുകൊണ്ട് നീനുവും. കെവിന്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാകും. സര്‍ക്കാര്‍ നല്‍കിയ 10 ലക്ഷം രൂപ സഹായ ധനവും പിഎം ആവാസ് യോജന യില്‍ നിന്നുള്ള 4 ലക്ഷം രൂപയും കുടുംബ സുഹൃത്തിന്റെ സഹായവുമെല്ലാം ലഭിച്ചതോടെ ചൂട്ടുവേലി, ദയറാ പള്ളിയുടെ അടുത്ത് കരിയമ്പാടത്ത് വീടുപണി പൂര്‍ത്തിയായി.

കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് തറക്കല്ലിട്ടു. മാര്‍ച്ചില്‍ പണി പൂര്‍ത്തിയായെങ്കിലും ലോക്ഡൗണ്‍ മൂലം കഴിഞ്ഞ മാസം അവസാനമാണ് കെവിന്റെ കുടുംബം പുതിയ വീട്ടിലേക്കു മാറിയത്. സ്വന്തമായി ഒരു വീട് എന്നായിരുന്നു കെവിന്റെ സ്വപ്നമെന്ന് അച്ഛന്‍ ജോസഫ് പറയുന്നു. ഇനി മകള്‍ കൃപയുടെ വിവാഹം നടത്തണം. കെവിന്റെ ഭാര്യ നീനു കേരളത്തിനു പുറത്ത് പഠിക്കുകയാണ്.

പതിവായി ഫോണ്‍ ചെയ്ത് വിശേഷങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്ന് കെവിന്റെ അമ്മ മേരി പറയുന്നു. ലോക്ഡൗണ്‍ ആയതിനാല്‍ നീനുവിനു വരാന്‍ കഴിഞ്ഞിട്ടില്ല. തെന്മല സ്വദേശിനി നീനുവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍, നീനുവിന്റെ സഹോദരന്റെ നേതൃത്വത്തിലുള്ള സംഘം കെവിനെ തട്ടിക്കൊണ്ടു പോയി തെന്മല ചാലിയക്കര പുഴയില്‍ വീഴ്ത്തി കൊലപ്പെടുത്തിയെന്നതായിരുന്നു കേസ്.

pathram:
Related Post
Leave a Comment