കൊല്ലം: അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്ര (25) കുടുംബ വീട്ടിലെ കിടപ്പു മുറിയല്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. സൂരജിന്റെ സുഹൃത്തായ പാമ്പുപിടിത്തക്കാരനെയും ചോദ്യം ചെയ്യുന്നുണ്ട്. അതേസമയം ഉത്രയും സൂരജും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി സൂരജിന്റെ മാതാപിതാക്കള്‍ പ്രതികരിച്ചു.
എന്നാല്‍ അതൊന്നും ഗൗരവമുള്ളതായിരുന്നില്ല. മകന്‍ തെറ്റു ചെയ്യുമെന്നു കരുതുന്നില്ലെന്ന് സൂരജിന്റെ പിതാവ് സുരേന്ദ്രന്‍ പ്രതികരിച്ചു. ഉത്രയുടെ വീട്ടുകാരുടെ ആരോപണം തെറ്റെന്ന് മാതാവ് രേണുകയും വ്യക്തമാക്കി. ഉത്രയെ ആദ്യം പാമ്പു കടിച്ചത് കിടപ്പു മുറിയില്‍ വച്ചല്ലെന്നാണു സൂരജിന്റെ വീട്ടുകാരുടെ നിലപാട്. മുറ്റത്തുവച്ചാണ് പാമ്പു കടിച്ചതെന്നും വീട്ടുകാര്‍ പ്രതികരിച്ചു. മാര്‍ച്ച് മൂന്നിനാണ് ഭര്‍ത്താവ് സൂരജിന്റെ വീട്ടില്‍വച്ച് ഉത്രയെ പാമ്പു കടിച്ചത്.
മകളെ അപായപ്പെടുത്തിയത് സൂരജാണെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ അ!ഞ്ചല്‍ സിഐക്കു നല്‍കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. മാതാപിതാക്കളുടെ മൊഴി കഴിഞ്ഞ ദിവസം െ്രെകംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. സൂരജിന്റെ അസ്വാഭാവിക പെരുമാറ്റവും വീട്ടുകാരുമായുണ്ടായ അസ്വാരസ്യവുമാണ് ഇത്തരമൊരു പരാതിയിലേക്കു നയിച്ചത്. മാത്രവുമല്ല സൂരജിന്റെ വീട്ടില്‍വച്ചും നേരത്തേ ഉത്രയ്ക്ക് പാമ്പുകടിയേറ്റിയിരുന്നു. അതിന്റെ ചികിത്സ കഴിഞ്ഞ് തിരികെ സ്വന്തം വീട്ടിലെത്തി വിശ്രമിക്കുമ്പോഴായിരുന്നു രണ്ടാമതും പാമ്പുകടിയേറ്റത്. മരണം സംഭവിച്ചതിന്റെ തലേന്ന് വലിയൊരു ബാഗുമായി സൂരജ് വീട്ടിലെത്തിയെന്നാണു മാതാപിതാക്കള്‍ പറയുന്നത്.
ഉത്ര മരിച്ച ദിവസം കിടപ്പു മുറിയുടെ ജനാല തുറന്നിട്ടിരുന്നതായാണ് സൂരജ് പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ എയര്‍കണ്ടീഷന്‍ ചെയ്ത മുറിയില്‍ കിടന്ന ഉത്രയെ പാമ്പ് കടിച്ചെന്നതു വിശ്വസനീയമല്ലെന്നു പൊലീസ് പറയുന്നു. ഒന്നര വയസ്സുള്ള മകനെ ശിശുക്ഷേമ സമിതിയുടെ ഉത്തരവുമായി എത്തി സൂരജ് കഴിഞ്ഞ ദിവസം ഉത്രയുടെ വീട്ടില്‍നിന്നു കൊണ്ടുപോയിരുന്നു.
കഴിഞ്ഞ 7ന് രാവിലെയാണ് ഉത്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ കണ്ട വിഷപ്പാമ്പിനെ തല്ലിക്കൊന്നു. ഉത്രയുടെ ഭര്‍ത്താവ് സൂരജ് വിഷപ്പാമ്പുകളെക്കുറിച്ച് യുട്യൂബിലും മറ്റും പരിശോധന നടത്തിയിരുന്നതായും ഇയാള്‍ക്കു പാമ്പുകളെ പിടിക്കാനും സൂക്ഷിക്കാനും കഴിവുള്ളതായും പൊലീസ് കണ്ടെത്തിയിരുന്നു.
Leave a Comment