ബെവ് ക്യൂ ആപ്പ് നിര്‍മ്മാണത്തിനായി സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചത് വന്‍ തട്ടിപ്പാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
ഇത്തരമൊരു ആപ്പ് നിര്‍മ്മിക്കാന്‍ പ്രാവീണ്യമുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ ഉണ്ടായിട്ടും അവയെ തെരഞ്ഞെടുത്തില്ല. ഇത് സംശയാസ്പദമാണ്. 27 കമ്പനികളാണ് ടെണ്ടര്‍ നല്‍കിയത്. അതില്‍ നിന്നാണ് മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും താല്‍പ്പര്യമുള്ള ഐ.ടി രംഗത്ത് മുന്‍ വൈദഗ്ധ്യം ഒന്നുമില്ലാത്ത ഫെയര്‍ കോഡെന്ന കമ്പനിയെ തന്നെ സര്‍ക്കാര്‍ തെരഞ്ഞെടുത്ത്. ഈ ദൗത്യത്തിനായി സര്‍ക്കാര്‍ നിയോഗിച്ചത് വിവാദമായ സ്പ്രിങ്കളര്‍ കമ്പനിയെ തെരഞ്ഞെടുത്ത ഐ.ടി.സെക്രട്ടറിയേയും.
എന്തു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സാങ്കേതിക മികവില്ലാത്ത ഇത്തരമൊരു കമ്പനിക്ക് കരാര്‍ നല്‍കിയതെന്ന് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും വിശദീകരിക്കണം. മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും ഇത്തരമൊരു കമ്പനിയോടുള്ള അമിത താല്‍പ്പര്യം എന്താണെന്നും ഇത് പരിശോധിക്കേണ്ട വിഷയമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഡാറ്റ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ബെവ് ക്യൂ ആപ്പ് ഗുണനിലവാരമില്ലെന്നാണ് ഗൂഗിളിന്റെ കണ്ടെത്തല്‍. ഇത് തന്നെ ആപ്പ് നിര്‍മ്മാണ ചുമതലയുള്ള ഫെയര്‍ കോഡിന് പരിചയസമ്പന്നതയില്ലെന്നതിന് തെളിവാണ്. 20 ലക്ഷം പേരെ സ്വീകരിക്കാന്‍ ശേഷിയുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. എന്നാല്‍ പത്തുലക്ഷം പേര്‍ എത്തിയാല്‍ ക്രമീകരണമേര്‍പ്പെടുത്താന്‍ പോലും ഇതുവരെ കമ്പനിയ്ക്ക് കഴിഞ്ഞിട്ടില്ല. ഡാറ്റാ സുരക്ഷിതത്വമടക്കമുള്ള കാര്യങ്ങളിലും കമ്പനി കൃത്യമായ ഉത്തരം നല്‍കിയിട്ടില്ല.
ഇ-ടോക്കണ്‍ വഴി ഒരാളില്‍ നിന്നും 50 പൈസയാണ് കമ്പനിയീടാക്കുന്നത്. ഇതിലൂടെ മാസം കോടികളുടെ ലാഭമാണ് കമ്പനിയുടെ കൈകളിലെത്തുന്നത്. 20 ലക്ഷം പേര്‍ പ്രതിദിനം ബെവ് ക്യൂ ആപ്പ് വഴി ടോക്കണ്‍ എടുക്കുമ്പോള്‍ പ്രതിദിനം 10 ലക്ഷം രൂപയും മാസം മൂന്ന് കോടിയും വര്‍ഷം 36 കോടിയുമാണ് ഈ ആപ്പ് വഴി സ്വകാര്യകമ്പനിക്ക് ലഭിക്കുന്നത്. ഇതിന്റെ പങ്ക് ആരൊക്കെയാണ് പറ്റുന്നതെന്ന് അന്വേഷിക്കേണ്ട വിഷയമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
സ്പ്രിങ്കളറുമായുള്ള അവിഹിതബന്ധത്തിന്റെ വേരുകള്‍ അറക്കാന്‍ മുഖ്യമന്ത്രി തയ്യാറല്ലെന്ന പരസ്യപ്രഖ്യാപനമാണ് കോവിഡ് രോഗികളുടെ വിവരശേഖരണ ചുമതലയില്‍ നിന്നും ഒഴിവാക്കിയിട്ടും സോഫ്റ്റുവെയര്‍ അപ്‌ഡേഷന്റെ പേരില്‍ ഇപ്പോഴും ഇതേ കമ്പനിയെ നിലനിര്‍ത്തിയിരിക്കുന്നത്.സ്പ്രിങ്കളര്‍ ഇടപാടിന് സമാനമായ മറ്റൊരു അഴിമതിയാണ് ബെവ് ക്യൂ ആപ്പിന്റെ മറവിലും നടക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
Leave a Comment