ന്യൂഡല്‍ഹി: നിലവില്‍ നിര്‍ത്തിവച്ചിരിക്കുന്ന രാജ്യാന്തര വിമാന സര്‍വീസുകള്‍ ജൂണ്‍ മധ്യമോ ജൂലൈ അവസാനമോ പുനഃരാരംഭിക്കാന്‍ ശ്രമിക്കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. ആഭ്യന്തര വിമാന സര്‍വീസുകള്‍ പുഃരാരംഭിക്കുന്നത് സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കാന്‍ ജനങ്ങളുമായി നടത്തിയ ആശയവിനിമയത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുഴുവനായി പ്രവര്‍ത്തന യോഗ്യമാക്കാന്‍ കഴിയുമോ എന്ന് സാഹചര്യങ്ങള്‍ നോക്കി വിലയിരുത്തുമെന്നും അദ്ദേഹം അറിയിച്ചു.
‘സാഹചര്യം അനുകൂലമാകുകയാണെങ്കില്‍, വൈറസ് പ്രവചനാത്മക രീതിയില്‍ പ്രതികരിക്കുകയാണെങ്കില്‍ ജൂണ്‍ മധ്യത്തിലോ ജൂലൈ അവസാനമോ എന്തുകൊണ്ട് വ്യോമയാന പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിച്ചു കൂടാ എന്നാണ് ആലോചിക്കുന്നത്. സാഹചര്യം അനുസരിച്ച് അതില്‍ മാറ്റമുണ്ടാകാം.’ അദ്ദേഹം പറഞ്ഞു.
ആരോഗ്യ സേതു ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കുന്നവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ലെന്ന് അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇതും സംബന്ധിച്ച് പ്രസ്താവന ഇറക്കിയിരുന്നു. തിങ്കളാഴ്ച വിമാനസര്‍വീസുകള്‍ തുടങ്ങാനിരിക്കെ വ്യോമയാന പാതകളും യാത്രാ നിരക്കുകളുമാണ് അന്ന് ചര്‍ച്ചയായത്. വിമാന യാത്ര കഴിഞ്ഞെത്തുന്നവര്‍ 14 ദിവസം ക്വാറന്റീനില്‍ പോകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശം അനുസരിച്ച് കേരളം, കര്‍ണാടക, അസം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളില്‍ ആഭ്യന്തര വിമാനത്തില്‍ എത്തുന്നവര്‍ ക്വാറന്റീനില്‍ പോകാന്‍ അതത് സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശം നല്‍കി.
രോഗതീവ്രതയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ആഭ്യന്തര വിമാനങ്ങളില്‍ എത്തുന്നവര്‍ ഏഴു ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വീറന്റീനിലും ഓഴു ദിവസത്തെ ഹോം ക്വാറന്റീനിലും കഴിയണമെന്ന് കര്‍ണാടക ഇന്ന് ഉത്തരവിറക്കി. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവരെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Leave a Comment