കേസുകള്‍ ഇനിയും കൂടും; കേരളത്തിന്റെ അവസ്ഥ എന്താകും…? ശൈലജ ടീച്ചര്‍ പറയുന്നു

കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേരളം രക്ഷപ്പെടാന്‍ ശക്തമായ ക്വാറന്റയിന്‍ സംവിധാനം തന്നെ വേണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. റെഡ് സോണുകളില്‍ നിന്നടക്കം കൂടുതല്‍ ആളുകള്‍ എത്തിയതോടെയാണ് കേസുകള്‍ കൂടി തുടങ്ങിയത്. പലരും വളരെ അവശരായാണ് എത്തുന്നത്. ഈ സാഹചര്യത്തില്‍ കമ്മ്യൂണിറ്റി ടെസ്റ്റ് ഒക്കെ കൂട്ടേണ്ടി വരും.

ഹോം ക്വാറന്റയിന്‍ 14 ദിവസമാക്കുകയും അത് കര്‍ശനമായി പാലിക്കുകയും വേണം. ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങുന്നത്തും കോവിഡ് കേസുകള്‍ കൂട്ടും. മറ്റ്‌സംസ്ഥാനങ്ങളില്‍നിന്നും രാജ്യങ്ങളില്‍നിന്നും വളരെ അവശരായി വരുന്നവര്‍ ഉണ്ട്. ഇന്നലെ മരിച്ച കദീജകുട്ടി മഹാരാഷ്ട്രയില്‍നിന്ന് വളരെ അവശയായാണ് എത്തിയത്. അവരോടൊപ്പം കാറിലെത്തിയ മൂന്ന് പേരെ ഐസൊലേറ്റ് ചെയ്തിട്ടുണ്ട്.

ആരോടും നാട്ടിലേക്ക് വരരുതെന്ന് പറയാന്‍ നമുക്ക് പറ്റില്ല. ട്രെയിന്‍, വിമാന സര്‍വീസുകള്‍ എല്ലാം തുടങ്ങിയാല്‍ കേസുകള്‍ ഇനിയും കൂടും. അപ്പോള്‍ കര്‍ശനമായ ക്വാറന്റയിന്‍ വേണ്ടിവരും. കൂടുതല്‍ പേര്‍ നാട്ടിലേക്ക് എത്താന്‍ തുടങ്ങിയ മെയ്7ന് ശേഷം ഇന്നലെ വരെ പരിശോധിക്കുമ്പോള്‍ 158 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ ഭൂരിഭാഗവും വെളിയില്‍നിന്ന് വന്നവരാണ്. കുറച്ച് അവരുടെ കോണ്‍ടാക്റ്റ്‌സും .
വരുന്ന ആളില്‍നിന്ന് കൂടുതല്‍ പേരിലേക്ക് പകരാതെ നോക്കുകയാണ് വേണ്ടത്. അതിന് നാട്ടുകാരടക്കം സഹകരിക്കണം . വരുന്ന ആളില്‍ മാത്രം രോഗം അടക്കി നിര്‍ത്താന്‍ സാധിച്ചാല്‍ ഒരു പരിധിവരെ നമുക്ക് പ്രതിരോധിക്കാനാകും. ഒരാളില്‍ നിന്ന് മൂന്ന് പേരിലേക്കും അവരില്‍നിന്ന് മറ്റുള്ളവരിലേക്ക് പടരുന്ന സാഹചര്യം ഉണ്ടാകരുത്.

രോഗികളുടെ എണ്ണം കൂടിയാല്‍ നമുക്കുംപിടിച്ചു നില്‍ക്കാന്‍ കഴിയാതെ വരും . ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞാല്‍ ഓരോ രോഗിക്കും ഇപ്പോള്‍ കൊടുക്കുന്ന ശ്രദ്ധ കൊടുക്കാനാവില്ല. ഇതുവരെ നമുക്കത് സാധിച്ചതിനാലാണ് മരണനിരക്കു കുറയ്ക്കാനും രോഗം ഭേദമാകുന്നവരുടെ എണ്ണം കൂട്ടാനും സാധിച്ചത്. 95 ശതമാനമാണ് നമ്മുടെ റിക്കവറി റേറ്റ്. ചിട്ടയായ പ്രവര്‍ത്തനം ആണ് ഇതിന് സഹായിച്ചത്.

കേരളത്തില്‍ ടെസ്റ്റുകളുടെ എണ്ണം കുറവാണെന്ന് പറയുന്നതില്‍ കാര്യമില്ല. രോഗികളും അവരുമായി ഇടപഴകിയവരുടേയും ടെസ്റ്റുകളാണ് ചെയ്യുന്നത്. അത് ഫലപ്രദമാണെന്ന് ഉറപ്പാക്കിയിട്ടുമുണ്ട്. മറ്റുള്ളവരുമായി മല്‍സരിക്കാനോ മറ്റോ ടെസ്റ്റുകളുടെ എണ്ണം കൂട്ടേണ്ടതില്ലല്ലോ. വരുന്ന ആഴ്ച രോഗലക്ഷണം ഇല്ലാത്തവരില്‍നിന്ന് 3000 സാമ്പിളുകള്‍ ശേഖരിച്ച് ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

വരും ദിവസങ്ങളില്‍ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കും. റെഡ് സോണുകളില്‍നിന്ന് വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും. ഹോം ക്വാറന്‍ന്റൈന്‍ ആണെങ്കില്‍ ആളുകള്‍ക്ക് ഒരു സമാധാനമാണ് . ആരേയും കാണുന്നില്ലെങ്കിലും വീടുകളില്‍ തന്നെ ആണല്ലോ എന്ന ആശ്വാസം ഉണ്ടാകും. ആഭ്യന്തര വിമാനത്തില്‍ വരുന്നതും ട്രെയിനിലോ കാറിലോ വരുന്നതും ഒരേ പോലെയെ കാണാന്‍ ആകൂ. ആര് പുറത്തുനിന്ന് വരികയാണെങ്കിലും ക്വാറന്റയിന്‍ വേണ്ടി വരും.

സംസ്ഥാനത്ത് ഹോട്ട് സ്‌പോട്ടില്‍ നിന്നുളളവര്‍ക്ക് യാത്ര അനുവദിക്കില്ല. ബാക്കി സ്ഥലങ്ങളിലെ യാത്രാ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ തീരുമാനിക്കും. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിനെ അറിയിക്കും. എല്ലാ വകുപ്പും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

ക്വാറന്റയിന് വേണ്ടി വലിയ ഹോട്ടലുകളും ലോഡ്ജുകളും ഹോസ്റ്റലുകളും എല്ലാം സര്‍ക്കാര്‍ എടുത്തിട്ടുണ്ട് പക്ഷെ കൂടുതല്‍ പേര്‍ എത്തുമ്പോള്‍ എല്ലാവര്‍ക്കും തുടക്കത്തിലേ കൊടുത്തപോലെ എല്ലാ സൗകര്യങ്ങളും ഉള്ള റൂമുകള്‍ കൊടുക്കാന്‍ കഴിയില്ല. അപ്പോള്‍ പരാതികള്‍ ഉയരുന്നത് സ്വാഭാവികമാണ്.ഇതെല്ലാം സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു.

pathram:
Related Post
Leave a Comment