മനുഷ്യാവകാശം ധ്വംസിക്കുന്ന ഏകാധിപതികളിലൊരാളാണ് പിണറായി വിജയനെന്ന് ചെന്നിത്തല

തിരുവനന്തപുരം: പ്രതിപക്ഷം ചൂണ്ടിക്കാട്ടിയില്ലായിരുന്നുവെങ്കില്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലര്‍ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ ഡാറ്റകള്‍ വിറ്റു കാശാക്കുമായിരുന്നുവെന്നും സര്‍ക്കാര്‍ ഇപ്പോള്‍ എട്ട് കാര്യങ്ങളില്‍ പിന്നോക്കം പോയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കോടതിയും പ്രതിപക്ഷവും വസ്തുതകള്‍ മനസ്സിലാക്കിയപ്പോള്‍ അവസാനം വരെ സര്‍ക്കാര്‍ മുടന്തന്‍ ന്യായം പറഞ്ഞ് പിടിച്ചുനിന്നു. രക്ഷയില്ലാ എന്ന് കണ്ടപ്പോള്‍ തകിടം മറിഞ്ഞ പരിതാപകരമായ അവസ്ഥയാണ് ഇന്നലെ സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ കണ്ടത്.

കോവിഡിന്റെ മറവില്‍ മനുഷ്യാവകാശം ധ്വംസിക്കുന്ന ഏകാധിപതികളിലൊരാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തിനിടെ വ്യക്തമാക്കി.

‘കോവിഡ്19ന്റെ മറവില്‍ ഏകാധിപതികളായ ഭരണാധികാരികള്‍ മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കുന്നു. ജനാധിപത്യപരമായ അവകാശങ്ങള്‍ കുഴിച്ചുമൂടുന്നു. ലോകത്തൊട്ടാകെ ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നുവരുന്ന കാലമാണ്. ലോകത്തെ എല്ലാ ഏകാധിപതികളും ഇതേ പാതയാണ് പിന്തുടരുന്നത്. അമേരിക്കയിലാണെങ്കിലും ലണ്ടനിലാണെങ്കിലും ഡല്‍ഹിയിലാണെങ്കിലും തിരുവനന്തപുരത്താണെങ്കിലും ഏകാധിപതികള്‍ സ്വേഛാധിപത്യ നടപടികളുമായി മുന്നോട്ട് പോകുന്നതാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്’ ചെന്നിത്തല പറഞ്ഞു.

ഏപ്രല്‍ 10നാണ് സ്പ്രിംക്ലര്‍ കരാര്‍ പ്രതിപക്ഷം ആദ്യമായി ഉന്നയിക്കുന്നത്. പ്രതിപക്ഷം ഇത് ഉന്നയിച്ചില്ലായിരുന്നെങ്കില്‍ അമേരിക്കന്‍ കമ്പനിക്കും നിക്ഷിപ്ത താത്പര്യക്കാര്‍ക്കും കോവിഡ്19 ന്റെ മറവില്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുമായിരുന്നു. ഈ ഡാറ്റ അടുത്ത തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പ്രയോജനപ്പെടുത്താനും ദുരുപയോഗം ചെയ്യുമായിരുന്നു. ഞങ്ങള്‍ ഇടപെട്ടതു കൊണ്ടാണ് രഹസ്യമാക്കി വെച്ചിരുന്ന സ്പ്രിംക്ലര്‍ തട്ടിപ്പ് പുറംലോകം അറിഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ ഡാറ്റാ സ്പ്രിംക്ലര്‍ വിറ്റ് കാശാക്കുമായിരുന്നു. ഈ ഡാറ്റ അടുത്ത തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പ്രയോജനപ്പെടുത്താന്‍ ദുരുപയോഗം ചെയ്യുമായിരുന്നു. ഈ വസ്തുതകള്‍ ഞങ്ങള്‍ ചൂണ്ടിക്കാട്ടിയില്ലായിരുന്നെങ്കില്‍ ഇത് ആരും അറിയുമായിരുന്നില്ല. കാരണം അത്ര നിഗൂഢമായിട്ടാണ് ഈ കരാര്‍ ഉണ്ടാക്കിയിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ എവിടേയും ഇത് പരാമര്‍ശിച്ചിട്ടില്ല. അതീവ രഹസ്യമായിട്ടാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഡാറ്റ അമേരിക്കന്‍ കമ്പനിയുടെ കൈകളിലേക്ക് നല്‍കിയത്. ഞങ്ങള്‍ ഇത് ചൂണ്ടിക്കാട്ടിയപ്പോഴാണ് പര്‍ച്ചേഴ്‌സ് ഓര്‍ഡറും മറ്റു എഗ്രിമെന്റും ഉണ്ടാകുന്നത്. ന്യായീകരിക്കുന്നതിനായി കമ്പനിയുടെ പക്കല്‍നിന്ന് രണ്ടു കത്തുകള്‍ വാങ്ങുകയും ചെയ്തു. വിഷയം ഞങ്ങള്‍ ഉന്നയിച്ചതിന് ശേഷമാണ് സിഡിറ്റ് രംഗപ്രവേശം ചെയ്യുന്നതും ഇതുമായി ബന്ധപ്പെട്ട് ഒരു സമിതികളിലും ചര്‍ച്ചയുണ്ടായില്ല. മന്ത്രിസഭയിലും ചര്‍ച്ചയായില്ല. ഇടതു മുന്നണിയും പാര്‍ട്ടി സെക്രട്ടറിയേറ്റും ചര്‍ച്ച ചെയ്തില്ല. പ്രതിപക്ഷം ഉന്നയിക്കുന്നത് വരെ ഒരു ഫയലും സര്‍ക്കാരിന്റെ പക്കലില്ലായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

വ്യക്തികളുടെ വിവരങ്ങള്‍ സിഡിറ്റ് നേരിട്ട് ശേഖരിക്കുന്നതടക്കം എട്ട് കാര്യങ്ങളില്‍ സര്‍ക്കാര്‍ പിന്നോട്ട് പോയി. കഴിഞ്ഞ തവണ നല്‍കിയ സത്യവാങ്മൂലവും ഇപ്പോള്‍ നല്‍കിയ സത്യവാങ്മൂലവും പരിശോധിച്ചാല്‍ ഇത് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ കോവിഡ് രോഗികളുടെ വിവരങ്ങള്‍ ഇപ്പോള്‍ യു.എസ്. കമ്പനിയായ സ്പ്രിംക്ലറിനു കൈമാറുന്നില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അവയെല്ലാം സിഡിറ്റിന്റെ നിയന്ത്രണത്തിലാണെന്നും വിവരവിശകലനത്തിനടക്കം സ്പ്രിംക്ലറിന് ഇപ്പോള്‍ പങ്കില്ലെന്നും ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

Follow us on pathram onlie latest news

pathram:
Related Post
Leave a Comment