ബംഗളുരു: പിഎം കെയേഴ്സ് ഫണ്ട് ദുർവിനിയോഗം ചെയ്തെന്ന് കോൺഗ്രസ് ട്വിറ്റർ പേജിൽ ആരോപിച്ചെന്ന പരാതിയിൽ, അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ കേസ്. കഴിഞ്ഞ11ന് പ്രത്യക്ഷപ്പെട്ട ട്വീറ്റുകൾ രാജ്യത്തിനും പ്രധാനമന്ത്രിക്കും എതിരെയുള്ള അപവാദ പ്രചാരണമാണെന്നും ജനത്തെ ഇളക്കിവിടുന്നതിന്റെ ഭാഗമാണെന്നും ആരോപിക്കുന്ന ഹർജിയിലാണ് ശിവമൊഗ്ഗ സാഗർ പൊലീസ് കേസെടുത്തത്.
അതിനിടെ ലോക്ഡൗൺ മൂലം അതിഥിത്തൊഴിലാളികൾ നേരിടുന്ന ദുരിതം ചർച്ചചെയ്യാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷി നേതാക്കൾ ഇന്ന് മൂന്നിനു യോഗം ചേരും.
വിഡിയോ കോൺഫറൻസ് വഴി ചേരുന്ന യോഗത്തിൽ മമത ബാനർജി (തൃണമൂൽ), ഉദ്ധവ് താക്കറെ (ശിവസേന), സീതാറാം യച്ചൂരി (സിപിഎം), ഡി. രാജ (സിപിഐ), ശരദ് പവാർ (എൻസിപി), എം.കെ. സ്റ്റാലിൻ (ഡിഎംകെ), ഹേമന്ത് സോറൻ (ജെഎംഎം) തുടങ്ങിയവരടക്കം 18 കക്ഷിനേതാക്കൾ പങ്കെടുക്കുമെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
തൊഴിൽ നിയമങ്ങളിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതികളും ചർച്ചചെയ്യും. ഇതാദ്യമായാണു പ്രതിപക്ഷ കക്ഷികൾ വിഡിയോ കോൺഫറൻസിലൂടെ യോഗം ചേരുന്നത്. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിനായി കോൺഗ്രസുമായി കൈകോർത്ത ശേഷം ആദ്യമായാണ് ഉദ്ധവ് പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കുന്നത്. ശിവസേനാ എംപി: സഞ്ജയ് റാവുത്തും പങ്കെടുക്കും. പൗരത്വ നിയമം ചർച്ചചെയ്യാൻ ജനുവരിയിൽ ചേർന്ന പ്രതിപക്ഷ യോഗത്തിൽ സേന പങ്കെടുത്തിരുന്നില്ല.
Leave a Comment