എറണാകുളം ജില്ലയില്‍ 13, 000 പേര്‍ക്കുള്ള കിടക്ക തയ്യാറാണ്, 1269 ഐസിയുകളും 373 വെന്റിലേറ്ററുകളുമുണ്ടെന്ന് കളക്ടര്‍

കൊച്ചി: എറണാകുളം ജില്ലയില്‍ കൂടുതല്‍ കോവിഡ് രോഗികള്‍ എത്തിയാല്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ സജ്ജമാണെന്ന് ജില്ലാ കലക്ടര്‍ എസ്. സുഹാസ് അറിയിച്ചു. 13,000 പേരെ കിടത്തി ചികിത്സിക്കാനാണ് ജില്ലയില്‍ സൗകര്യമുള്ളത്. ഇതില്‍ 7636 കിടക്കകള്‍ നിലവില്‍ ഒഴിവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കലക്ടറേറ്റില്‍ മന്ത്രി വി.എസ്. സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ജില്ലയിലെ സാഹചര്യം വിലയിരുത്തിയത്. ജില്ലയിലാകെ 1269 ഐസിയുകളും 373 വെന്റിലേറ്ററുകളുമുണ്ട്. ഇതില്‍ 672 ഐസിയുകളും 284 വെന്റിലേറ്ററുകളും നിലവില്‍ ലഭ്യമാണെന്നും കണ്ടെത്തയിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കുന്നവര്‍ക്ക് അതിന് സൗകര്യം ഒരുക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. അല്ലാത്തവര്‍ക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളില്‍ സൗകര്യമൊരുക്കണം. അതുമല്ലാത്തവരെ മാത്രമേ കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കാവു.

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലാബില്‍ നിലവില്‍ ദിവസേന 150 സാംപിളുകള്‍ വരെ പരിശോധിക്കാന്‍ സാധിക്കും. സെന്റിനല്‍ സര്‍വെയ്‌ലന്‍സിന്റെ ഭാഗമായി കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്ന് ശരാശരി 30 പേരുടെയും മറ്റുള്ളവരില്‍ നിന്ന് 20 പേരുടെയും സാംപിളുകള്‍ പരിശോധിക്കുന്നുണ്ട്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ ഇതുവരെ 2717 സാംപിളുകള്‍ പരിശോധിച്ചു. സെന്റിനല്‍ സര്‍വെയ്‌ലന്‍സിന്റെ ഭാഗമായുള്ള പരിശോധന ഒഴിച്ചുള്ള കണക്കാണിത്. സെന്റിനല്‍ സര്‍വെയ്‌ലന്‍സിന്റെ ഭാഗമായി 154 സാംപിളുകളാണ് ഇതു വരെ പരിശോധിച്ചത്. ഇതില്‍ 18 പേരുടെ സാംപിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതാണ്. പൊലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ സേന അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരില്‍ നിന്നാണ് പ്രധാനമായും സാംപിള്‍ ശേഖരിക്കുന്നത്.

പരിശോധന കൂടുതല്‍ ആളുകളിലേക്ക് വ്യാപിപ്പിക്കുന്നതിനായി സാംപിളുകള്‍ പൂളിങ് നടത്തിയ ശേഷം ഇപ്പോള്‍ പരിശോധിക്കുന്നുണ്ട്. കോവിഡ് കെയര്‍ സെന്ററുകളില്‍ ആണ് പൂളിങ് പരിശോധന നടത്തുന്നത്. കപ്പലില്‍ കൊച്ചി തുറമുഖത്തെത്തിയ 90 പേരുടെ ഉള്‍പ്പടെ 130 സാംപിളുകള്‍ പരിശോധനക്ക് അയച്ചു. അവയില്‍ 60 ഫലങ്ങള്‍ ലഭ്യമായിട്ടുണ്ട്.

കോവിഡ് കെയര്‍ സെന്ററുകളില്‍ നേരിട്ട് എത്തിയാണ് ഇത്തരത്തില്‍ സാംപിളുകള്‍ ശേഖരിക്കുന്നത്. ഇതിനായി പ്രത്യേക സംവിധാനങ്ങള്‍ ആരോഗ്യ വകുപ്പ് ക്രമീകരിച്ചു കഴിഞ്ഞു. മൈക്രോ ബയോളജിസ്റ്റും ഡോക്ടറും ചേര്‍ന്നാണ് സാംപിള്‍ ശേഖരണം നടത്തുന്നത്.

pathram:
Related Post
Leave a Comment