ജൂണ്‍ ഒന്നു മുതല്‍ 200 നോണ്‍ എസി ട്രെയിനുകള്‍ കേരളത്തിലേയ്ക്ക്

ന്യൂഡല്‍ഹി: ജൂണ്‍ ഒന്നു മുതല്‍ റെയില്‍വേ 200 നോണ്‍ എസി ട്രെയിനുകള്‍ ഓടിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍. കേരളത്തിലേക്കുള്ള പ്രത്യേക നോണ്‍ എസി ട്രെയിന്‍ 20ന് വൈകിട്ട് ആറിന് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടും. 1304 പേരുടെ പട്ടികയാണ് തയാറാക്കിയിട്ടുള്ളത്. 971 പേര്‍ ഡല്‍ഹിയില്‍ നിന്നും 333 പേര്‍ യുപി, ജമ്മു കശ്മീര്‍, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുമാണ്.

അറിയിപ്പ് കിട്ടിയിട്ടുള്ള യാത്രക്കാര്‍ നോര്‍ക്കയില്‍ ഓണ്‍ലൈനായി പണമടയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നുള്ള യാത്രക്കാര്‍ 20ന് രാവിലെ 9ന് നിഷ്‌കര്‍ഷിച്ചിട്ടുള്ള സ്‌ക്രീനിങ് സെന്ററുകളിലെത്തി സ്‌ക്രീനിങ്ങിന് വിധേയമാകണം.

12 സ്‌ക്രീനിങ് സെന്ററുകളാണ് ജില്ലാടിസ്ഥാനത്തില്‍ ക്രമീകരിച്ചിട്ടുള്ളത്. ഇവരെ ഡല്‍ഹി സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന വാഹനങ്ങളില്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ അതത് സര്‍ക്കാരുകളുടെ നിര്‍ദേശം പാലിച്ച് എക്‌സിറ്റ് പാസുമായി കാനിങ് റോഡിലുള്ള കേരള സ്‌കൂളില്‍ സ്‌ക്രീനിങ്ങിന് എത്തണം. ശേഷം ഇവര്‍ വന്ന വാഹനത്തില്‍ തന്നെ റെയില്‍വേ സ്റ്റേഷനില്‍ എത്തണം. ഏതെങ്കിലും സാഹചര്യത്താല്‍ ഓണ്‍ലൈനായി പണം അടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് സ്‌ക്രീനിങ്ങിന് ഹാജരാകുന്ന സെന്റിറില്‍ നേരിട്ടും പണം അടയ്ക്കാം.

ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കായി ഒരു കൗണ്ടറാണുള്ളത്. ഇവര്‍ 10 മണിക്ക് കൗണ്ടറില്‍ എത്തേണ്ടതാണ്. ഹരിയാനയ്ക്കായി ഒരുക്കിയിട്ടുള്ള കൗണ്ടറില്‍ 11 മുതലും യുപിക്കുള്ള കൗണ്ടറില്‍ 12 മുതലും ടിക്കറ്റുകള്‍ വിതരണം ചെയ്യും. 975 രൂപയാണ് അടയ്‌ക്കേണ്ടത്. കേരള സ്‌കൂളില്‍ എത്തുന്നവര്‍ക്ക് അന്നേ ദിവസത്തെ ഭക്ഷണം ഡല്‍ഹിയിലെ മലയാളി സംഘടനകളും അതത് ജില്ലകളിലെ സ്‌ക്രീനിങ് സെന്ററുകളില്‍ എത്തുന്നവര്‍ക്ക് ഡല്‍ഹി സര്‍ക്കാരും ക്രമീകരിക്കും. യാത്രക്കാര്‍ രണ്ടു ദിവസത്തെ യാത്രയ്ക്കുള്ള ഭക്ഷണവും വെള്ളവും സാനിറ്റൈസര്‍, മാസ്‌ക് തുടങ്ങിയവയും കരുതണം. ട്രെയിനിനകത്തും പുറത്തും സാമൂഹിക അകലം പാലിക്കണം.

pathram:
Related Post
Leave a Comment