സമൂഹവ്യാപനമില്ലെന്നും പരിശോധനാ ഫലങ്ങള്‍ അതിനു തെളിവാണെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ കോവിഡിന്റെ സമൂഹവ്യാപനമില്ലെന്നും പരിശോധനാ ഫലങ്ങള്‍ അതിനു തെളിവാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് പോസിറ്റീവായ എല്ലാവരും പുറത്തുനിന്ന് വന്നവരാണ്. റാന്‍ഡം ടെസ്റ്റും സെന്റിനല്‍ സര്‍വൈലന്‍സ് ഫലങ്ങളും സമൂഹവ്യാപനം ഇല്ലെന്നതിനു തെളിവാണ്. എന്നാല്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും ആളുകള്‍ എത്തിത്തുടങ്ങിയപ്പോള്‍ പ്രതീക്ഷിച്ച പോലെ പോസിറ്റീവ് രോഗികളുടെ എണ്ണം വര്‍ധിച്ചു. അടുത്ത ഘട്ടം സമ്പര്‍ക്കം വഴിയുള്ള വ്യാപനമാണ്. എന്നാല്‍ ഇതുവരെ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരുടെ എണ്ണം പരിമിതമാണ്. അതിനാല്‍ ഭയപ്പെടേണ്ടത് സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപനമാണ്. കുട്ടികള്‍, പ്രായമായവര്‍, മറ്റു അസുഖങ്ങളുള്ളവര്‍ എന്നിവരെ ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധനയ്ക്കു വിധേയമാക്കുന്നത് രോഗവ്യാപനം എത്രത്തോളമുണ്ടെന്ന് അറിയാനാണ്.

അകലം പാലിക്കുക, ആവര്‍ത്തിച്ചു കൈ വൃത്തിയാക്കുക എന്നിവ നടപ്പാക്കുന്നതിലും ക്വാറന്റീന്‍ കൃത്യമായി പാലിക്കുന്നതിലും കേരളം മുന്നിലാണ്. 74,426 പേര്‍ കര, വ്യോമ, നാവിക മാര്‍ഗങ്ങളില്‍ കോവിഡ് പാസുമായി എത്തി. ഇതില്‍ 44,712 പേര്‍ റെഡ് സോണ്‍ ജില്ലയില്‍നിന്നാണ് വന്നത്. 63,239 പേര്‍ റോഡ് വഴി എത്തി. വിമാന മാര്‍ഗം എത്തിയ 53 പേര്‍ക്കും കപ്പല്‍വഴി എത്തിയ 6 പേര്‍ക്കും റോഡ് വഴിയെത്തിയ 46 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. നമ്മുടെ സഹോദരങ്ങള്‍ തുടര്‍ച്ചയായി എത്തുമ്പോള്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമാക്കണം

ധാരണപിശക് മൂലമുള്ള ഒരു ആശയക്കുഴപ്പവും ഉണ്ടാവാതിരിക്കാനാണ് ഇതിങ്ങനെ ആവര്‍ത്തിച്ചു പറയുന്നത്. നമ്മുടെ നാട്ടില്‍ എല്ലാവര്‍ക്കും സുരക്ഷയുണ്ടാവണം. അതിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ചിലര്‍ വളച്ചൊടിക്കുന്നത് കണ്ടു. അതില്‍ സഹതാപം മാത്രമേയുള്ളൂ. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ രാജ്യമാകെ ലഘൂകരിച്ചിട്ടുണ്ട്. പുതിയ സാഹചര്യം നേരിടുമ്പോള്‍ അതും കൂടി മനസില്‍ വേണം. നാട്ടിലേക്ക് വരാന്‍ സൗകര്യം ഏര്‍പ്പെടുത്തുമ്പോള്‍ ആദ്യം എത്തേണ്ടവരെ കൃത്യമായി വേര്‍തിരിച്ചിട്ടുണ്ട്. അത്ര അത്യാവശ്യമില്ലാത്ത പലരും ഈ ക്രമീകരണം ദുരുപയോഗം ചെയ്യുന്നു.

ഔദ്യോഗിക സംവിധാനവുമായി സഹകരിക്കാന്‍ എല്ലാവരും തയാറാകണം. അനാവശ്യമായ തിക്കുംതിരക്കും അപകടം ക്ഷണിച്ചു വരുത്തും. സംസ്ഥാനത്തെത്തുന്ന എല്ലാവരുടെയും വിവരങ്ങള്‍ സൂക്ഷിക്കണം. വാഹനങ്ങളില്‍ ആളുകളെ കുത്തിനിറച്ച് യാത്ര ചെയ്യുന്നത് ഗുണം ചെയ്യില്ല. ചലനാത്മകത നല്ലതാണ്. കാര്യങ്ങള്‍ അയഞ്ഞുപോകാന്‍ പാടില്ല. തുറന്ന മനസോടെ, അര്‍പ്പണ ബോധത്തോടെ എല്ലാവരും പ്രവര്‍ത്തിക്കണം. ചെക്ക് പോസ്റ്റുകളിലും ആശുപത്രികളിലും മാസ്‌കുകളും മറ്റും ആവശ്യത്തിനു ലഭ്യമാക്കും. മരുന്നുക്ഷാമം പരിഹരിക്കും മുഖ്യമന്ത്രി പറഞ്ഞു.

pathram:
Related Post
Leave a Comment