ഗാസിയാബാദ്: കശ്മീരിനെച്ചൊല്ലി വീണ്ടും വിവാദമുയര്‍ത്തിയ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു ‘കശ്മീരി’യുടെ മറുപടി. കശ്മീരില്‍ വേരുകളുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയാണ് അഫ്രീദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. മുഖ്യധാരയില്‍ സജീവമായി നില്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അഫ്രീദിയുടെ അനാവശ്യ പ്രസ്താവനകളെന്ന് റെയ്‌ന പരിഹസിച്ചു. താനും ഒരു കശ്മീരിയാണെന്ന് വ്യക്തമാക്കിയ റെയ്‌ന, കശ്മീരിനെത്തൊട്ട് കളിക്കേണ്ടെന്നും അഫ്രീദിക്ക് മുന്നറിയിപ്പ് നല്‍കി.
‘ഹോ, മുഖ്യധാരയില്‍ സജീവമായി നില്‍ക്കാന്‍ ഓരോരുത്തര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട്! അതും വല്ലവരുടെയും കാരുണ്യത്തില്‍ ഇന്നും നിലനില്‍ക്കുന്ന രാജ്യമാണെന്ന് ഓര്‍ക്കണം. കശ്മീരിനെ വെറുതെവിട്ട് വന്‍ തോല്‍വിയായ സ്വന്തം രാജ്യത്തിനു വേണ്ടി ആദ്യം എന്തെങ്കിലുമൊക്കെ ചെയ്യുന്നതല്ലേ നല്ലത്. കശ്മീരിയായതില്‍ അഭിമാനിക്കുന്ന ഒരാളാണ് ഞാന്‍. കശ്മീര്‍ അന്നും ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരിക്കും. ജയ് ഹിന്ദ്’ – റെയ്‌ന ട്വിറ്ററില്‍ കുറിച്ചു. ഇപ്പോള്‍ ഉത്തര്‍പ്രദേശിലാണ് താമസമെങ്കിലും കശ്മീരുകാരാണ് റെയ്‌നയും കുടുംബവും. സൈനികനായിരുന്ന അദ്ദേഹത്തിന്റെ പിതാവ് ത്രിലോക് ചന്ദ് കശ്മീരി പണ്ഡിറ്റ് കുടുംബത്തിലെ അംഗമാണ്.ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങ്, യുവരാജ് സിങ്, ശിഖര്‍ ധവാന്‍, ഗൗതം ഗംഭീര്‍ എന്നിവര്‍ക്കു പിന്നാലെ ഈ വിഷയത്തില്‍ പ്രതികരിക്കുന്ന ക്രിക്കറ്റ് താരമാണ് റെയ്‌ന.
വിവാദ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ അഫ്രീദിയുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നതായി ഹര്‍ഭജന്‍ സിങ്ങും യുവരാജ് സിങ്ങും പ്രഖ്യാപിച്ചിരുന്നു. കൊറോണക്കാലത്ത് കശ്മീര്‍ വിഷയവുമായി അഫ്രീദി രംഗത്തെത്തിയതില്‍ ശിഖര്‍ ധവാന്‍ അദ്ഭുതം രേഖപ്പെടുത്തിയപ്പോള്‍, കടുത്ത ഭാഷയിലാണ് ഗംഭീര്‍ പ്രതികരിച്ചത്.അടുത്തിടെ പാക്ക് അധീന കശ്മീര്‍ സന്ദര്‍ശിച്ച അവസരത്തിലാണ് ഷാഹിദ് അഫ്രീദി ഇന്ത്യാവിരുദ്ധ പ്രസ്താവന നടത്തി വീണ്ടും വിവാദനായകനായത്. ‘ഇന്നിതാ ഞാന്‍ നിങ്ങളുടെ സുന്ദരമായ ഗ്രാമത്തിലെത്തിയിരിക്കുന്നു. നിങ്ങളെ സന്ദര്‍ശിക്കണമെന്ന് ദീര്‍ഘനാളായി ആഗ്രഹിക്കുന്നതാണ്. ഇന്ന് ഈ ലോകം ഒരു വലിയ രോഗത്തിന്റെ പിടിയിലാണ്. പക്ഷേ, അതിലും വലിയ രോഗം മോദിയുടെ മനസ്സിലാണ്. പാക്കിസ്ഥാന്റെ ആകെ സൈനിക ബലമായ ഏഴു ലക്ഷം സൈനികരെയാണ് മോദി കശ്മീരില്‍ വിന്യസിച്ചിരിക്കുന്നത്’ – അഫ്രീദി പറഞ്ഞു. ഇന്ത്യയിലെ കശ്മീരികളും പാക്കിസ്ഥാന്‍ സൈന്യത്തെയാണ് പിന്തുണയ്ക്കുന്നതെന്ന് അഫ്രീദി അവകാശപ്പെട്ടിരുന്നു
Leave a Comment