ലോക് ഡൗണ്‍ ഞാന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല; എന്റെ കുഞ്ഞിന് ഇനി പിതാവിനെ കാണാനാകുക എന്ന് എനിക്കറിയില്ല’

ഹൈദരാബാദ്: ‘എന്റെ കുഞ്ഞിന് ഇനി എന്നാണ് അവന്റെ പിതാവിനെ കാണാന്‍ കഴിയുക?’ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ പലയിടങ്ങളിലായി ചിതറിപ്പോയ കുടുംബങ്ങളുടെ പ്രതീകമാണ് ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയുടേത്. സാനിയയും രണ്ടു വയസ്സുകാരന്‍ മകന്‍ ഇഷാനും ഹൈദരാബാദിലെ സാനിയയുടെ വീട്ടില്‍ കുടുങ്ങിയപ്പോള്‍ ഇഷാന്റെ പിതാവും പാക്ക് ക്രിക്കറ്റ് താരവുമായ ശുഐബ് മാലിക്ക് പാക്കിസ്ഥാനിലെ സിയാല്‍ക്കോട്ടിലാണുള്ളത്. വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി അനിശ്ചിതമായി നീളുമ്പോള്‍ കുഞ്ഞിന് എന്ന് പിതാവിനെ കാണാനാകും എന്ന ആശങ്കയാണുള്ളതെന്ന് സാനിയ മിര്‍സ വെളിപ്പെടുത്തി.

ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ അദ്ദേഹം പാക്കിസ്ഥാനില്‍ കുടുങ്ങി. ഞാന്‍ ഇവിടെയും. ഇതുമൂലം ഞാന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. കാരണം, ഞങ്ങള്‍ക്ക് തീരെ ചെറിയൊരു മകനുണ്ട്. അവന് എന്നാണ് ഇനി പിതാവിനെ കാണാനാകുക എന്ന് എനിക്കറിയില്ല’ – ഫെയ്‌സ്ബുക് ലൈവില്‍ ഒരു ദേശീയ മാധ്യമത്തിന്റെ പ്രതിനിധിയുമായി സംസാരിക്കവെ സാനിയ പറഞ്ഞു.

‘ഞങ്ങള്‍ രണ്ടുപേരും പ്രായോഗികമായി ചിന്തിക്കുന്ന ആളുകളാണ്. അദ്ദേഹത്തിന്റെ പാക്കിസ്ഥാനിലെ വീട്ടില്‍ 65 വയസ്സുള്ള അമ്മയുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം പ്രതിസന്ധി ഘട്ടത്തില്‍ അമ്മയ്‌ക്കൊപ്പമായിരിക്കുക എന്നത് പ്രധാനമാണ്. ആ രീതിയില്‍ നോക്കുമ്പോള്‍ അദ്ദേഹം പാക്കിസ്ഥാനിലായത് നന്നായി എന്നും തോന്നാറുണ്ട്. എന്തായാലും പ്രശ്‌നങ്ങളെല്ലാം അധികം വൈകാതെ അവസാനിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍’ – സാനിയ പറഞ്ഞു.

‘സത്യത്തില്‍ ഇത്രയും പ്രതിസന്ധികള്‍ വന്ന് മൂടിയെങ്കിലും ഇതുവരെ ആശങ്കയൊന്നും തോന്നിയിരുന്നില്ല. പക്ഷേ, കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ എന്തെന്നില്ലാത്ത ഒരു ആശങ്ക എന്നെ പൊതിഞ്ഞു. ഇനിയെന്ത് എന്ന് ചിന്തിച്ചപ്പോള്‍ എനിക്കാകെ വെപ്രാളമായിപ്പോയി. കാരണം മുന്നില്‍ നമ്മെ കാത്തിരിക്കുന്നത് എന്താണെന്ന് ഒരു പിടിയുമില്ലല്ലോ. അധികം പ്രായമില്ലാത്ത കൊച്ചുകുഞ്ഞിന്റെ കാര്യം നോക്കണം, സ്വയം ഒന്നും പറ്റാതെ നോക്കണം, പ്രായമായ മാതാപിതാക്കളെയും ശ്രദ്ധിക്കണം. എന്തായാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ടെന്നിസിനെക്കുറിച്ച് ചിന്തിക്കാന്‍ വയ്യ എന്നതാണ് സത്യം’ – സാനിയ പറഞ്ഞു.

ലോക്ഡൗണ്‍ കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആളുകള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ഹൃദയം തകര്‍ക്കുന്നതാണെന്നും സാനിയ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ദുരിതമനുഭവിക്കുന്ന ആളുകളെ സഹായിക്കാന്‍ സാനിയയുടെ നേതൃത്വത്തില്‍ നടത്തിയ ഫണ്ട് സമാഹരണത്തില്‍ 3.5 കോടി രൂപയോളം ശേഖരിച്ചിരുന്നു. ഇതൊന്നും എല്ലാവരുടെയും കണ്ണീരൊപ്പാന്‍ തികയില്ലെന്ന് സാനിയ ചൂണ്ടിക്കാട്ടി. നമ്മളെല്ലാം സുരക്ഷിതരായിരിക്കുമ്പോള്‍ ഒരു വിഭാഗം ആളുകള്‍ ബുദ്ധിമുട്ടുന്നത് കുറ്റബോധം സൃഷ്ടിക്കുന്നുണ്ടെന്നും സാനിയ പറഞ്ഞു.

കഴിഞ്ഞ ദിവസം രാവിലെ ഒരു കുടുംബത്തിന്റെ ചിത്രം കണ്ടു. ഒരു അമ്മ തന്റെ രണ്ടു മക്കളില്‍ ഒരാളെ കയ്യിലെടുത്ത് സ്യൂട്ട്‌കേസ് തള്ളി പോകുകയാണ്. രണ്ടാമത്തെ കുഞ്ഞിനെ ആ സ്യൂട്ട്‌കേസിന്റെ മുകളിലാണ് കിടത്തിയിരിക്കുന്നത്. എന്റെ ഹൃദയം തകര്‍ന്നുപോയി. ദിവസ വേതനക്കാരായ ആളുകളുടെ ദുരിത ജീവിതം സത്യമായും എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. നമ്മില്‍ പലര്‍ക്കും അവരെ സഹായിക്കാനുള്ള ശേഷിയുണ്ട്. ഞങ്ങളെല്ലാവരും ചേര്‍ന്ന് കഴിഞ്ഞ മാസം 3.3 കോടി രൂപ ശേഖരിച്ച് നല്‍കിയിരുന്നു’ – സാനിയ പറഞ്ഞു.

pathram:
Leave a Comment