കോവിഡ് പ്രതിരോധത്തിന് 3100 കോടി ; 1000 കോടി രൂപ അതിഥി തൊഴിലാളികളുടെ ക്ഷേമത്തിന്

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിഎം കെയേഴ്‌സ് ഫണ്ട് ട്രസ്റ്റില്‍ നിന്നും 3100 കോടി രൂപ അനുവദിച്ചു. ഇതില്‍ 2000 കോടി രൂപ വെന്റിലേറ്ററുകള്‍ വാങ്ങുന്നതിനും 1000 കോടി രൂപ അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനും 100 കോടി രൂപ കോവിഡ് പ്രതിരോധ വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനും ചെലവഴിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിപ്രകാരം നിര്‍മിച്ച 50,000 വെന്റിലേറ്ററുകളാണ് വാങ്ങുന്നത്. 200 കോടിയോളം ചെലവ് പ്രതീക്ഷിക്കുന്നു.

ദുരിതബാധിതരെ സഹായിക്കുന്നതിന് മാര്‍ച്ച് 27 നാണ് പ്രധാനമന്ത്രിയുടെ സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റ്വേഷന്‍ (പിഎം കെയേര്‍സ്) ഫണ്ട് എന്ന പേരില്‍ പബ്ലിക് ചാരിറ്റബിള്‍ ഫണ്ട് രൂപീകരിച്ചത്. പ്രധാനമന്ത്രിയാണ് ട്രസ്റ്റിന്റെ അധ്യക്ഷന്‍. പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി, ധനകാര്യ മന്ത്രി എന്നിവരാണ് അംഗങ്ങള്‍. കോവിഡ് 19നെതിരെയുള്ള യുദ്ധത്തില്‍ സംഭാവന നല്‍കാന്‍ ജീവിതത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുള്ളവരും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സഹായിക്കാനുള്ള സന്നദ്ധത കണക്കിലെടുത്താണ് ചാരിറ്റബിള്‍ ഫണ്ടിന് രൂപം നല്‍കിയതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഈ ഫണ്ടിലേക്കുള്ള സംഭാവനകള്‍ക്ക് ആദായനികുതി ഇളവ് ലഭിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു

pathram:
Related Post
Leave a Comment