ഉത്തേജക പാക്കേജ് നിരാശാജനകം; കൈ നനയാതെ മീന്‍ പിടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് തോമസ് ഐസക്

തിരുവനന്തപുരം : കേന്ദ്രം പ്രഖ്യാപിച്ച ഉത്തേജക പാക്കേജ് നിരാശാജനകമെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക്. പാക്കേജ് രാജ്യത്തെ രക്ഷിക്കുകയോ സ്വാശ്രയ ഇന്ത്യയെ സൃഷ്ടിക്കുകയോ ചെയ്യില്ല. തൊഴിലാളികള്‍ക്ക് ഒന്നും കൊടുക്കാതെ പാക്കേജിനെക്കുറിച്ചു പറയുന്നതില്‍ എന്താണ് അര്‍ഥമെന്ന് ധനമന്ത്രി ചോദിച്ചു. സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരമായി ചുരുങ്ങിയത് 75,000 കോടി രൂപ കേന്ദ്രം കൊടുക്കാനുണ്ട്. അതിനെക്കുറിച്ച് പാക്കേജില്‍ ഒന്നും പറയുന്നില്ല.

സംസ്ഥാനങ്ങളെ മാറ്റി നിര്‍ത്തി കോവിഡിനെതിരെ പോരാടാന്‍ കഴിയില്ല. സംസ്ഥാനങ്ങളുടേയും ജനങ്ങളുടെയും ചെലവില്‍ പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഒന്നും നല്‍കുന്നില്ല. കോവിഡ് പ്രതിരോധം നേരിട്ട് നടത്തുന്ന സംസ്ഥാനങ്ങള്‍ക്കും സഹായമില്ല. മിനുക്ക് പണിക്കാണ് കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നതെന്നാണ് ഇതിന്റെയെല്ലാം സൂചനയെന്നും ധനമന്ത്രി പറഞ്ഞു.

ഉത്തേജക പാക്കേജില്‍ വ്യക്തത വരുത്താന്‍ കേന്ദ്ര ധനമന്ത്രിയുടെ പത്രസമ്മേളനം സഹായകരമായില്ല. 3 ലക്ഷം കോടി രൂപയുടെ വായ്പ സര്‍ക്കാരല്ല ബാങ്കാണ് കൊടുക്കുന്നത്. ഇങ്ങനെയാണോ 20 ലക്ഷം കോടി രൂപയുടെ കണക്കൊപ്പിക്കുന്നതെന്ന് ധനമന്ത്രി ചോദിച്ചു. നഗരമേഖലയില്‍ വലിയ രീതിയില്‍ തൊഴില്‍ നഷ്ടപ്പെട്ടു. ലോക്ഡൗണ്‍ കഴിഞ്ഞപ്പോള്‍ ആരുടെ കയ്യിലും പണം ഇല്ല. അടിയന്തരമായി വേണ്ടത് ജനങ്ങളില്‍ പണം എത്തിക്കലാണ്. ഡിമാന്‍ഡ് ഉണ്ടെങ്കിലേ ചെറുകിട വ്യവസായങ്ങള്‍ നിലനില്‍ക്കൂ. നേരത്തെ പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയില്‍ പാവങ്ങളുടെ സഹായം ഒതുങ്ങാന്‍ പോകുകയാണ്. അതില്‍ 30,000 കോടി രൂപ തൊഴിലാളി ക്ഷേമനിധിയില്‍നിന്നാണ്. അത് സംസ്ഥാനങ്ങള്‍ രൂപീകരിച്ചതാണ്. തൊഴിലുറപ്പ് പദ്ധതിക്ക് 30,000 കോടി രൂപ നല്‍കുമെന്നാണ് പറയുന്നത്. തൊഴിലുറപ്പ് അടുത്തകാലത്തൊന്നും തുടങ്ങാന്‍ കഴിയില്ല. ആകെ ജന്‍ധന്‍ അക്കൗണ്ടിലെ 1,500 രൂപയാണ് ജനത്തിനു കിട്ടിയത്. ഇത് അപര്യാപ്തമാണ്. കുടിയേറ്റ തൊഴിലാളികള്‍ വീടെത്തുമ്പോള്‍ അവരുടെ കയ്യില്‍ ഒന്നും ഉണ്ടാകില്ല.

ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് 3 ലക്ഷം കോടിയുടെ വായ്പ നല്‍കുന്നത് നല്ല കാര്യമാണെന്ന് ധനമന്ത്രി പറഞ്ഞു. ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ പ്രശ്‌നം അവര്‍ എടുത്ത വായ്പകള്‍ കുടിശികയായി കിടക്കുന്നതാണ്. അതിന് 3 മാസം മൊറട്ടോറിയം കൊടുത്തു. ഇപ്പോള്‍ 3 മാസം നീട്ടി. ഈ പലിശ ആരുകൊടുക്കുമെന്ന് ധനമന്ത്രി ചോദിച്ചു. മൊറട്ടോറിയം കാലത്തെ പലിശ കേന്ദ്രവും ബാങ്കും വഹിക്കണമെന്നാണ് മുഖ്യന്ത്രി ആവശ്യപ്പെട്ടത്. 1 വര്‍ഷത്തേക്ക് മൊറട്ടോറിയം നീട്ടണം. അതിന്റെ പലിശ കേന്ദ്രം ഏറ്റെടുക്കണം. അതൊന്നും ചെയ്യാതെ കൈ നനയാതെ മീന്‍ പിടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. എല്ലാം ബാങ്കുകളുടെ ചുമരില്‍ വയ്ക്കുന്നു. ചെറുകിട, ഇടത്തരം, നാമമാത്ര സംരംഭങ്ങള്‍ക്ക് പാക്കേജിലൂടെ ഒരു ഉത്തേജനവും ലഭിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

pathram:
Related Post
Leave a Comment