സച്ചിന്‍ ബാറ്റു ചെയ്യുമ്പോള്‍ വിക്കറ്റിനു പിന്നില്‍നിന്ന് അദ്ദേഹം ഔട്ടാകരുതേ എന്ന് പലപ്പോഴും ഉള്ളിന്റെയുള്ളില്‍ ആഗ്രഹിച്ചിരുന്നുവെന്ന് പാക് താരത്തിന്റെ വെളിപ്പെടുത്തല്‍

ഇസ്‌ലാമാബാദ്: സൂപ്പര്‍താരം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ ചേതോഹരമായ ബാറ്റിങ് ഇഷ്ടപ്പെടാത്ത ആരാധകരുണ്ടോ? ആ സ്‌ട്രൈറ്റ് ഡ്രൈവുകളും കവര്‍ ഡ്രൈവുകളും അപ്പര്‍ കട്ടുകളുമെല്ലാം ഒരു കാലഘട്ടത്തിന്റെ ക്രിക്കറ്റ് കാഴ്ചയെ രൂപപ്പെടുത്തിയ ഷോട്ടുകളാണ്. എതിരാളികളെ വകവയ്ക്കാതെയുള്ള ആ മായിക പ്രകടനത്തില്‍ വീണുപോയവരില്‍ ഇതാ ഒരു പാക്കിസ്ഥാന്‍ താരവും സച്ചിനോടുള്ള ഇഷ്ടത്തിന്റെ വ്യത്യസ്തമായൊരു വേര്‍ഷന്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത് പാക്കിസ്ഥാന്റെ മുന്‍ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമാണ്; റാഷിദ് ലത്തീഫ്. സച്ചിന്‍ ബാറ്റു ചെയ്യുമ്പോള്‍ വിക്കറ്റിനു പിന്നില്‍നിന്ന് അദ്ദേഹം ഔട്ടാകരുതേ എന്ന് പലപ്പോഴും ഉള്ളിന്റെയുള്ളില്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് ലത്തീഫിന്റെ വെളിപ്പെടുത്തല്‍.

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധസമാനമായ സാഹചര്യങ്ങളില്‍ ഏറ്റുമുട്ടിയിരുന്ന കാലത്ത് പാക്കിസ്ഥാന്റെ വിക്കറ്റ് കീപ്പറായിരുന്ന താരമാണ് റാഷിദ് ലത്തീഫ്. 1992ല്‍ പാക്ക് ജഴ്‌സിയില്‍ അരങ്ങേറിയ ലത്തീഫ്, 2003ലാണ് ഏറ്റവും ഒടുവില്‍ പാക്കിസ്ഥാനായി കളത്തിലിറങ്ങിയത്. ഇതിനിടെ കളിച്ചത് 37 ടെസ്റ്റുകളും 166 ഏകദിനങ്ങളും. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം ഏറെക്കുറെ സജീവമായിരുന്ന ഈ കാലഘട്ടം തന്നെയാണ് സച്ചിന്റെ കരിയറിലെ സുവര്‍ണ കാലവും. ബ്രയാന്‍ ലാറയും റിക്കി പോണ്ടിങ്ങും ജാക്ക് കാലിസും ഉള്‍പ്പെടെയുള്ളവര്‍ എത്രയും പെട്ടെന്ന് പുറത്തായി കാണാന്‍ ആഗ്രഹിക്കുമ്പോഴാണ്, സച്ചിന്‍ പുറത്താകരുതെന്ന് ആഗ്രഹിച്ചിരുന്നതെന്നും അന്‍പത്തൊന്നുകാരനായ റാഷിദ് ലത്തീഫ് വെളിപ്പെടുത്തി.

‘ഞാന്‍ പാക്കിസ്ഥാന്‍ വിക്കറ്റ് കീപ്പറായിരുന്ന കാലത്ത് ഒട്ടേറെ മികച്ച താരങ്ങള്‍ എനിക്കു തൊട്ടുമുന്നില്‍ ബാറ്റു ചെയ്തിട്ടുണ്ട്. പക്ഷേ സച്ചിന്‍ ബാറ്റിങ്ങിനായെത്തുന്നത് തികച്ചും വ്യത്യസ്തമായൊരു അനുഭവമായിരുന്നു. സച്ചിന്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹം ഔട്ടാകരുതേയെന്ന് തൊട്ടുപിന്നില്‍നിന്ന് ആഗ്രഹിച്ചുപോയ എത്ര നിമിഷങ്ങളുണ്ടെന്നോ. അത്രയും അടുത്തുനിന്ന് സച്ചിന്റെ ബാറ്റിങ് കാണുന്നത് തന്നെ സുഖമുള്ളൊരു കാഴ്ചയായിരുന്നു. ടിവിയില്‍ പോലുമല്ല ഞാന്‍ അദ്ദേഹത്തിന്റെ കളി കണ്ടിരുന്നത്. മറിച്ച് തൊട്ടുപിന്നില്‍ വിക്കറ്റിനു പിന്നില്‍നിന്നാണ്’ – റാഷിദ് ലത്തീഫ് വിവരിച്ചു.

‘ഞാന്‍ കീപ്പറായിരിക്കുമ്പോള്‍ ബ്രയാന്‍ ലാറ, റിക്കി പോണ്ടിങ്, ജാക്വസ് കാലിസ് തുടങ്ങിയവരൊക്കെ എനിക്കു തൊട്ടുമുന്നില്‍ ബാറ്റു ചെയ്തിട്ടുണ്ട്. ഇവരെല്ലാം എത്രയും പെട്ടെന്ന് ഔട്ടായിപ്പോകണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. പക്ഷേ, സച്ചിന്റെ പെരുമാറ്റവും രീതികളുമെല്ലാം തികച്ചും വ്യത്യസ്തമായിരുന്നു. വിക്കറ്റിനു പിന്നില്‍നിന്ന് അദ്ദേഹത്തെ പ്രകോപിപ്പിക്കാനായി എന്തൊക്കെ പറഞ്ഞാലും വകവയ്ക്കില്ല. ഒന്നും മിണ്ടില്ലെന്ന് മാത്രമല്ല, വെറുതെ ചിരിക്കുകയും െചയ്യും’ – ലത്തീഫ് പറഞ്ഞു.

നോക്കൂ, വിക്കറ്റിനു പിന്നില്‍ നിന്ന് ഓരോന്നു പറയുമ്പോള്‍ മിക്ക താരങ്ങളും അരിശത്തോടെ പ്രതികരിച്ചിരുന്നു. സച്ചിനേപ്പോലെ എല്ലാം ചിരിച്ചു തള്ളിയിരുന്ന മറ്റൊരു താരം ഇന്ത്യയുടെ തന്നെ മുഹമ്മദ് അസ്ഹറുദ്ദീനാണ്. എതിരാളികളുടെ പോലും ഹൃദയം കവരുന്നവര്‍. ഇതുകൊണ്ടൊക്കെയാണ് എല്ലാവരും സച്ചിനെ സ്‌നേഹിക്കുന്നതും ആരാധിക്കുന്നതും, പ്രത്യേകിച്ചും വിക്കറ്റ് കീപ്പര്‍മാര്‍. അദ്ദേഹം ബോളര്‍മാരെ കടന്നാക്രമിക്കും, സെഞ്ചുറി നേടും. എന്നാലും ഒരക്ഷരം ഉരിയാടില്ല. വിക്കറ്റ് കീപ്പറെന്ന നിലയില്‍ അദ്ദേഹത്തിന്റെ ശ്രദ്ധ കളയാന്‍ പരമാവധി ശ്രമിക്കും. പക്ഷേ, അദ്ദേഹം ഗൗനിക്കില്ല’ – ലത്തീഫ് വെളിപ്പെടുത്തി.

‘നിങ്ങള്‍ നല്ലൊരു ഇന്നിങ്‌സ് കളിച്ചാല്‍ അതവിടെ തീര്‍ന്നു. പക്ഷേ, നിങ്ങളുടെ പെരുമാറ്റം ആളുകള്‍ എക്കാലവും ഓര്‍ത്തിരിക്കും. ക്രിക്കറ്റ് കളത്തില്‍ ഏറ്റവും മാന്യമായി പെരുമാറിയിരുന്ന താരങ്ങളുടെ പട്ടികയെടുത്താല്‍ അതില്‍ മുന്‍നിരയില്‍ സച്ചിനുണ്ടാകുമെന്ന് തീര്‍ച്ചയാണ്. അത്തരം താരങ്ങള്‍ എക്കാലവും നമ്മുടെ ഓര്‍മകളിലുണ്ടാകും’ – ലത്തീഫ് പറഞ്ഞു.

pathram:
Related Post
Leave a Comment

Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51