മുംബൈ: കാര്യം ആള് ക്യാപ്റ്റന്‍ കൂളൊക്കെ ആയിരിക്കും. എന്നാലും മനുഷ്യനല്ലേ? മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി ദേഷ്യപ്പെടാറില്ലെന്ന പൊതുധാരണ തെറ്റാണെന്ന് വ്യക്തമാക്കി അദ്ദേഹത്തിനു കീഴില്‍ കളിച്ചിട്ടുള്ള മുന്‍ ഇന്ത്യന്‍ താരങ്ങളായ ഗൗതം ഗംഭീറും ഇര്‍ഫാന്‍ പഠാനും രംഗത്ത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡ് എന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ധോണിയുടെ ചൂടന്‍ സ്വഭാവത്തെക്കുറിച്ച് ഇരുവരും വിവരിച്ചത്. ലോകകപ്പിന്റെ സമയത്ത് ഉള്‍പ്പെടെ ധോണി കുപിതനാകുന്നത് കണ്ടിട്ടുണ്ടെന്ന് ഗംഭീര്‍ വിശദീകരിച്ചു. ഒരിക്കല്‍ പരിശീലന മത്സരത്തിനിടെ പുറത്തായപ്പോള്‍ ധോണി ബാറ്റ് വലിച്ചെറിഞ്ഞ് ഡ്രസിങ് റൂമിലേക്കു മടങ്ങിയതിനെക്കുറിച്ചായിരുന്നു പഠാന്റെ വിവരണം.
‘ധോണി ദേഷ്യപ്പെടുന്നത് ഇതുവരെ കണ്ടിട്ടില്ലെന്ന് ആളുകള്‍ പറയാറുണ്ട്. പക്ഷേ, അദ്ദേഹം ദേഷ്യപ്പെടുന്നത് പലതവണ ഞാന്‍ കണ്ടിട്ടുണ്ട്. 2007ലെ ലോകകപ്പ് സമയത്തും മറ്റ് ലോകകപ്പുകളുടെ സമയത്തും പിഴവുകളൊക്കെ സംഭവിക്കുമ്പോള്‍ ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. ധോണിയും മനുഷ്യനാണെന്ന് നമ്മള്‍ ഓര്‍ക്കണം. സ്വാഭാവികമായും അദ്ദേഹം അത്തരത്തില്‍ പ്രതികരിച്ചെന്നുമിരിക്കും. ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കുമ്പോള്‍ പോലും ഫീല്‍ഡിങ്ങിനിടെ താരങ്ങള്‍ പിഴവു വരുത്തുമ്പോഴോ ക്യാച്ച് നിലത്തിടുമ്പോഴോ എല്ലാം ധോണി കുപിതനാകുന്നത് കാണാം’ – ഗംഭീര്‍ പറഞ്ഞു.
അതേസമയം, താനുമായി തട്ടിച്ചു നോക്കുമ്പോള്‍ ധോണി വളരെ ശാന്തനാണെന്നും ഗംഭീര്‍ സമ്മതിച്ചു. ‘അതെ, മറ്റു ക്യാപ്റ്റന്‍മാരുമായി തട്ടിച്ചുനോക്കുമ്പോള്‍ ധോണി വളരെ ശാന്തനാണ്. ഞാനുമായിട്ടൊക്കെ താരതമ്യപ്പെടുത്തിയാല്‍ പറയുകയും വേണ്ട’ – ഗംഭീര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, 2006–07ല്‍ പരിശീലന സെഷനിടെ രണ്ടു ടീമാക്കി കളിക്കുമ്പോള്‍ പുറത്തായതിനെ തുടര്‍ന്ന് ധോണി കുപിതനായി ഡ്രസിങ് റൂമിലേക്ക് മടങ്ങിയതിനെക്കുറിച്ച് ഇര്‍ഫാന്‍ പഠാനും അനുസ്മരിച്ചു.
‘2006–07ലാണ് സംഭവം. ആയിടയ്ക്ക് പരിശീലനത്തിന്റെ ഭാഗമായി ടീമിനെ രണ്ടായി തിരിച്ച് ഒരു മത്സരം നടത്തി. വലംകയ്യന്‍മാര്‍ ഇടംകയ്യന്‍മാര്‍ക്കൊപ്പവും ഇടംകയ്യന്‍മാര്‍ വലംകയ്യന്‍മാര്‍ക്കൊപ്പവും ബാറ്റു ചെയ്ത് പരിശീലിക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. കളിക്കിടെ ഔട്ടായപ്പോള്‍ ധോണി കുപിതനായി. താന്‍ ഔട്ടല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ദേഷ്യം സഹിക്കാനാകാതെ അദ്ദേഹം ബാറ്റ് വലിച്ചെറിഞ്ഞ് ഡ്രസിങ് റൂമിലേക്ക് മടങ്ങിയത് ഇപ്പോഴും ഓര്‍മയുണ്ട്. പിന്നീട് ഒരുപാട് താമസിച്ചാണ് പരിശീലനത്തിന് വന്നത്. ധോണിക്കും ദേഷ്യം വരാറൊക്കെയുണ്ട്’ – പഠാന്‍ പറഞ്ഞു.
നേരത്തെ ഒരു യുട്യൂബ് ചാനലിലെ ക്രിക്കറ്റ് ഷോയില്‍ പങ്കെടുക്കുമ്പോള്‍ ധോണി ദേഷ്യപ്പെട്ട സംഭവം ഇന്ത്യന്‍ താരം കുല്‍ദീപ് യാദവും പങ്കുവച്ചിരുന്നു. പൊതുവെ ചെറിയ ബൗണ്ടറികളുള്ള ഇന്‍ഡോറില്‍ നടന്ന ഒരു മത്സരത്തിനിടെയായിരുന്നു സംഭവം.
‘മത്സരത്തിനിടെ കുശാല്‍ പെരേരയാണ് സ്‌െ്രെടക്ക് ചെയ്തിരുന്നത്. എനിക്കെതിരെ കുശാല്‍ കവറിനു മുകളിലൂടെ ബൗണ്ടറി നേടി. ഇതോടെ ഫീല്‍ഡിങ് ക്രമീകരണത്തില്‍ വ്യത്യാസം വരുത്താന്‍ ധോണി ഭായ് വിക്കറ്റിനു പിന്നില്‍നിന്ന് വിളിച്ചുപറഞ്ഞു. കവറിലെ ഫീല്‍ഡറെ മാറ്റി പോയിന്റിലേക്ക് കൊണ്ടുവരാനായിരുന്നു പറഞ്ഞത്. അദ്ദേഹം പറഞ്ഞത് ഞാന്‍ കേട്ടില്ല. തൊട്ടടുത്ത പന്ത് കുശാല്‍ റിവേഴ്‌സ് സ്വീപ്പിലൂടെ ബൗണ്ടറി കടത്തി. ഇതോടെ കുപിതനായ ധോണി എന്റെ അടുത്തെത്തി. എന്നിട്ടു ചോദിച്ചു: ഞാനെന്താ പൊട്ടനാണോ? ഇന്ത്യയ്ക്കു വേണ്ടി 300 ഏകദിനം കളിച്ചയാളാണ് ഞാന്‍. എന്നിട്ടും ഞാന്‍ പറയുന്നത് കേട്ടുകൂടേ?’ – ഇരുപത്തിനാലുകാരനായ കുല്‍ദീപ് ഓര്‍ത്തെടുത്തു.
‘അന്നെനിക്ക് അദ്ദേഹത്തോടു പേടിതോന്നി. മത്സരത്തിനുശേഷം ഹോട്ടലിലേക്കു പോകുമ്പോള്‍ ഞാന്‍ ധോണി ഭായിയുടെ അടുത്തെത്തി, ഇതിനു മുന്‍പ് എന്നെങ്കിലും ദേഷ്യപ്പെട്ടിട്ടുണ്ടോ എന്നു ചോദിച്ചു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആരോടും ദേഷ്യപ്പെട്ടിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി’ – കുല്‍ദീപ് യാദവ് പറഞ്ഞു.
Leave a Comment