വാക്‌സിന്‍ ഒക്ടോബറില്‍ ലോകവിപണിയിലെത്തിക്കാന്‍ ഇന്ത്യന്‍ കമ്പനി; രാജ്യത്ത് 1000 രൂപയ്ക്കു വാക്‌സിന്‍ ലഭ്യമാക്കാന്‍

കൊച്ചി : കോവിഡ് 19 രോഗത്തിനു ഫലപ്രദമായ വാക്‌സിന്‍ ഒക്ടോബറില്‍ ലോകവിപണിയിലെത്തിക്കാന്‍ പുണെയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ(എസ്‌ഐഐ). രാജ്യത്ത് 1000 രൂപയ്ക്കു വാക്‌സിന്‍ ലഭ്യമാക്കുമെന്നാണു കമ്പനിയുടെ വാഗ്ദാനം. ഇതു യാഥാര്‍ഥ്യമായാല്‍ ലോകത്തെ ഏറ്റവും ചെലവു കുറഞ്ഞ കോവിഡ് വാക്‌സിന്‍ നിര്‍മിക്കുന്ന രാജ്യം എന്ന അഭിമാന നേട്ടം ഇന്ത്യയ്ക്കു സ്വന്തം.

കോവിഡ് 19 വാക്‌സിന്‍ ഗവേഷണത്തിനും നിര്‍മാണത്തിനും കേന്ദ്ര സര്‍ക്കാര്‍ അനുമതിയും കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ സാമ്പത്തിക സഹായവും ലഭിച്ചിട്ടുള്ള കമ്പനിയാണു സിറം ഇന്‍സ്റ്റിറ്റിയൂട്ട്. ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ വാക്‌സിന്‍ ഗവേഷണത്തില്‍ പങ്കാളിയാണു സിറം ഇന്‍സ്റ്റിറ്റിയൂട്ട്. ഗവേഷണം മനുഷ്യ പരീക്ഷണ(ഹ്യൂമന്‍ ട്രയല്‍സ്) ഘട്ടത്തിലേക്കു കടന്നതായി കമ്പനിയുടെ ഡയറക്ടറും കണ്ണൂര്‍ ചെറുകുന്ന് സ്വദേശിയുമായ പുരുഷോത്തമന്‍ സി. നമ്പ്യാര്‍ മനോരമയ്ക്കായി അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍നിന്ന്..

കോവിഡ് 19 വാക്‌സിന്റെ നിര്‍മാണം ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്?

സാങ്കേതിക പഠനങ്ങളും ആദ്യഘട്ട പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയ വാക്‌സിന്റെ വ്യാവസായിക നിര്‍മാണത്തിനുള്ള ഒരുക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ വാക്‌സിന്‍ വിപണിയിലെത്തിക്കും. ബ്രിട്ടന്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ മനുഷ്യരില്‍ സിറം–ഓക്‌സ്ഫഡ് വാക്‌സിന്‍ പരീക്ഷിച്ചു തുടങ്ങി. ജൂണില്‍ വ്യാവസായിക നിര്‍മാണം തുടങ്ങി സെപ്റ്റംബറോടെ 2 കോടി ഡോസ് തയാറാക്കി വയ്ക്കാനാണു പദ്ധതി. മനുഷ്യരിലെ പരീക്ഷണം വിജയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയും ലഭ്യമായി കഴിഞ്ഞാല്‍ ആദ്യ ബാച്ച് വിപണിയിലെത്തിക്കും. കാലതാമസം ഒഴിവാക്കാന്‍ മനുഷ്യരില്‍ പരീക്ഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ത്തന്നെ വ്യാവസായിക നിര്‍മാണത്തിനും കമ്പനി തുടക്കമിട്ടു കഴിഞ്ഞു.

ഗവേഷണത്തിന്റെയും ഉത്പാദനത്തിന്റെയും ഭീമമായ ചെലവു പരിഗണിക്കുമ്പോള്‍ 1000 രൂപയ്ക്കു വാക്‌സിന്‍ നല്‍കുന്നതു ലാഭകരമാണോ?

രാജ്യത്തുള്ള സാധാരണക്കാര്‍ക്കും വാക്‌സിന്‍ ഉപയോഗപ്രദമാകണമെങ്കില്‍ വില കുറച്ചു നല്‍കാതെ പറ്റില്ല. അതു കൊണ്ടാണു തുക മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഇതു മൂലമുണ്ടാകുന്ന നഷ്ടം വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിലൂടെ നികത്താമെന്ന ആത്മവിശ്വാസം കമ്പനിക്കുണ്ട്.

വാക്‌സിന്‍ നിര്‍മാണത്തില്‍ ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ പങ്ക് എന്താണ്?

വാക്‌സിന്‍ കണ്ടെത്താനും നിര്‍മിക്കുന്നതിനുമായി ഓക്‌സഫഡ് സര്‍വകലാശാലയുടെ സഹകരണം ലഭ്യമായിട്ടുള്ള ലോകത്തെ 7 സ്ഥാപനങ്ങളിലൊന്നാണു സിറം. വാക്‌സിന്‍ നിര്‍മാണത്തിനുള്ള സാങ്കേതിക വിദ്യ ഓക്‌സ്ഫഡിന്റേതാണ്. എന്നാല്‍ വാക്‌സിനുകളുടെ വന്‍തോതിലുള്ള ഫലപ്രദമായ നിര്‍മാണത്തിനു സാങ്കേതികവിദ്യ മാത്രം പോര. വളരെ വേഗത്തില്‍ കൂടുതല്‍ ഡോസ് നിര്‍മിക്കാനുള്ള ഉപകരണങ്ങളും ആധുനിക സൗകര്യങ്ങളുള്ള പ്ലാന്റുകളും വേണം. വാക്‌സിന്‍ നിര്‍മാണത്തിലേക്കു കാലെടുത്തുവയ്ക്കുന്ന പുതിയ കമ്പനികള്‍ ഈ സൗകര്യങ്ങള്‍ ഒരുക്കാന്‍ തന്നെ മാസങ്ങളെടുക്കും. അതേസമയം, സിറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഈ സൗകര്യങ്ങള്‍ എല്ലാം ഇപ്പോള്‍ത്തന്നെയുണ്ട്. ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ സാങ്കേതികവിദ്യയുടെ സഹായത്തോടെ വളരെ വേഗം ലക്ഷ്യത്തിലെത്താനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള കമ്പനിയാണു സിറം.

പുണെയിലെ ഫാക്ടറികളില്‍ തയാറാക്കുന്ന ഡോസ് ലോകത്തെ ഉയര്‍ന്ന ആവശ്യത്തിനു തികയുമോ. പ്രതിമാസം എത്ര ഡോസ് നിര്‍മിക്കാനാകും?

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ പ്രതിമാസം 50–60 ലക്ഷം ഡോസ് നിര്‍മിക്കും. ഒക്ടോബര്‍ മുതല്‍ ഇത് 80 ലക്ഷം ഡോസ് ആയി ഉയര്‍ത്തും. പുണെയിലെ സിറം ക്യാംപസ് 110 ഏക്കറാണ്. രോഗവ്യാപനത്തിന്റെ തോതും മരണനിരക്കും പരിഗണിച്ച്, ഇവിടെയുള്ള പ്ലാന്റുകളിലെ ശേഷി പൂര്‍ണമായും കോവിഡ് വാക്‌സിന്‍ നിര്‍മാണത്തിനായി മാറ്റിവയ്ക്കാനാണു കമ്പനിയുടെ തീരുമാനം.

ഇപ്പോഴുള്ള ഈ കോവിഡ് ഭീതി എത്ര കാലം നിലനില്‍ക്കും എന്നാണു കമ്പനിയുടെ കണക്കൂകൂട്ടല്‍?

അഞ്ചാംപനി, പോളിയോ തുടങ്ങിയ രോഗങ്ങളെപ്പോലെ കോവിഡ് 19 രോഗവും ഏറെക്കാലം ലോകത്തു നിലനില്‍ക്കും. രോഗത്തെ പൂര്‍ണമായും തുടച്ചുനീക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും. ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ വാക്‌സിന്‍ നയത്തില്‍ അതുകൊണ്ടു തന്നെ കോവിഡ് 19 വാക്‌സിനേഷനും ഉള്‍പ്പെടുത്തേണ്ടി വരും.

എച്ച്1 എന്‍ 1 രോഗത്തിന് നേസല്‍ സ്‌പ്രേ കണ്ടു പിടിച്ച കമ്പനിയാണ് സിറം?

1966ല്‍ ആരംഭിച്ച് 1995ല്‍ വാക്‌സിന്‍ കയറ്റുമതി തുടങ്ങിയ കമ്പനിയാണു ഞങ്ങളുടേത്. ഇന്ന് ലോകത്തെ 170 രാജ്യങ്ങളിലേക്കു സിറത്തിന്റെ ഉത്പന്നങ്ങള്‍ കയറ്റി അയക്കപ്പെടുന്നുണ്ട്. ലോകത്തു ജനിക്കുന്ന കുട്ടികളില്‍ മൂന്നില്‍ ഒരാള്‍ക്കു നല്‍കുന്ന വാക്‌സിന്‍ എസ്‌ഐഐ നിര്‍മിക്കുന്നു. ലോകത്തെ വാക്‌സിന്‍ നിര്‍മാണത്തിന്റെ 70 ശതമാനവും കൈകാര്യം ചെയ്യുന്നതും സിറമാണ്. ഏച്ച് 1 എന്‍ 1 രോഗത്തിനു കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറെ ഫലപ്രദമായ മരുന്നാണ് സിറം നേസല്‍ സ്‌പ്രേ.
കടപ്പാട് മനോരമ

pathram:
Related Post
Leave a Comment