പ്രവാസികളുമായി കൊച്ചിയിൽ വീണ്ടും കപ്പലെത്തി

കൊച്ചി : കോവിഡ് വ്യാപനത്തെ തുടർന്ന് മാലിദ്വീപിൽ കുടുങ്ങിയ 202 യാത്രക്കാരെ വഹിച്ചു കൊണ്ടുള്ള നാവികസേനയുടെ ഐ. എൻ. എസ് മഗർ കൊച്ചി തുറമുഖത്തെത്തി. ഓപ്പറേഷൻ സമുദ്രസേതുവിൻറെ ഭാഗമായി നടക്കുന്ന രണ്ടാം സമുദ്ര രക്ഷ ദൗത്യത്തിൽ 15 സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ആണ് സുരക്ഷിതമായി മടങ്ങിയെത്തുന്നത്. ആദ്യ കപ്പലായ ഐ. എൻ എസ് ജലാശ്വയിൽ 698 യാത്രക്കാർ ആയിരുന്നു ഉണ്ടായിരുന്നത്.

കേരളത്തിൽ നിന്നുള്ള 91 യാത്രക്കാരും തമിഴ്നാട്ടിൽ നിന്നുള്ള 80 യാത്രക്കാരും ആണ് കപ്പലിൽ ഉണ്ടായിരുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള രോഗലക്ഷണം ഇല്ലാത്ത ആളുകളെ പ്രത്യേക വാഹനത്തിൽ തമിഴ്നാട്ടിലേക്ക് കൊണ്ട് പോകും. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾക്കും എറണാകുളത്ത് നിരീക്ഷണ സൗകര്യം ഒരുക്കിയിട്ടുണ്ട്. കാക്കനാട് ആഷിയാന ലേഡീസ് ഹോസ്റ്റൽ, കളമശേരി രാജഗിരി ഹോസ്റ്റൽ എന്നിവിടങ്ങളിൽ ആണ് നിരീക്ഷണ സൗകര്യം ഒരുക്കിയിട്ടുള്ളത്. രോഗലക്ഷണമുള്ളവരെ കരുവേലിപ്പടി മഹാരാജാസ് ഹോസ്പിറ്റലിൽ ആണ് പ്രവേശിപ്പിക്കുന്നത്.

കേരളത്തിലെ വിവിധ ജില്ലകളിൽ ഉള്ള യാത്രക്കാർക്കായി കെ. എസ്. ആർ. ടി. സി ബസുകളും ക്രമീകരിച്ചിട്ടുണ്ട്. അവരെ അതാത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. തിരുവനന്തപുരം (17) കൊല്ലം (11), പത്തനംതിട്ട (4)കോട്ടയം (7) ആലപ്പുഴ (7) ഇടുക്കി (5) എറണാകുളം (6) തൃശ്ശൂർ (10)മലപ്പുറം (2) പാലക്കാട്‌ (5) കോഴിക്കോട് (5)കണ്ണൂർ (6) വയനാട് (4) കാസർഗോഡ് (2) എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം.

pathram desk 2:
Related Post
Leave a Comment