യുഎസില്‍ കുടുങ്ങിയ വിവിധ ഇന്ത്യക്കാര്‍ക്ക് തിരിച്ചടി: എച്ച്1 ബി വീസ ഉടമകള്‍ക്കും ഗ്രീന്‍ കാര്‍ഡുകാര്‍ക്കും രാജ്യം വിട്ട് യാത്ര ചെയ്യാനുള്ള അനുമതിയില്ല

വാഷിങ്ടന്‍: യുഎസില്‍ കുടുങ്ങിയ വിവിധ ഇന്ത്യക്കാര്‍ക്കു തിരിച്ചു മടങ്ങാനുള്ള വഴികള്‍ അടയുന്നു. ജനനം കൊണ്ട് യുഎസ് പൗരന്മാരായ മക്കളുള്ള എച്ച്1ബി വീസ ഉടമകള്‍ക്കും ഗ്രീന്‍ കാര്‍ഡുകാര്‍ക്കും രാജ്യം വിട്ട് യാത്ര ചെയ്യാനുള്ള അനുമതി നിഷേധിച്ചിരിക്കുകയാണ്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം വിവിധ രാജ്യങ്ങളില്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും കോവിഡുമായി ബന്ധപ്പെട്ട യാത്രാ നിയന്ത്രണങ്ങള്‍ പലര്‍ക്കും തിരികെയുള്ള യാത്ര ദുര്‍ഘടമാക്കുന്നു.

കഴിഞ്ഞ മാസം ഇന്ത്യന്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ വിദേശത്തുള്ള ഇന്ത്യക്കാരുടെയും ഒസിഐ കാര്‍ഡുകള്‍(ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ്) കൈവശമുള്ളവരുടെയും വീസകള്‍ പുതിയ യാത്രാ മാനദണ്ഡങ്ങള്‍ പ്രകാരം താല്‍ക്കാലികമായി നീട്ടിവയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നു.

ന്യൂജഴ്‌സിയില്‍ താമസിക്കുന്ന പാണ്ഡേ ദമ്പതികളെ (പേര് യഥാര്‍ഥമല്ല) പോലുള്ളവര്‍ക്ക് ഇത് ഇരട്ട പ്രഹരമാണ് ഏല്‍പ്പിക്കുന്നത്. എച്ച്1ബി വീസയില്‍ യുഎസില്‍ എത്തി ജോലി നഷ്ടപ്പെട്ട ഇവര്‍ വീസ കാലാവധി കഴിഞ്ഞ് 60 ദിവസത്തിനുള്ളില്‍ രാജ്യം വിടണമെന്നാണു നിയമം. എന്നാല്‍ ഒന്നും രണ്ടും വയസ് പ്രായമുള്ള യുഎസില്‍ ജനിച്ച കുട്ടികളാണ് ഇവര്‍ക്കുള്ളത്.

തിങ്കളാഴ്ച നാട്ടിലേക്കു മടങ്ങാനായി എയര്‍ ഇന്ത്യ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ നെവാര്‍ക് വിമാനത്താവളത്തില്‍ എത്തിയ ഇവര്‍ക്ക് തിരിച്ചു പോകേണ്ടിവന്നു. കാരണം യുഎസ് പൗരന്മാരായതിനാല്‍ അവരുടെ കുട്ടികള്‍ക്ക് എയര്‍ ഇന്ത്യ ടിക്കറ്റ് നിഷേധിച്ചു. മാതാപിതാക്കള്‍ ഇന്ത്യന്‍ പൗരന്മാരായതിനാല്‍ അവര്‍ക്ക് മടങ്ങാനാകും, എന്നാല്‍ കുട്ടികളെ കൂടെക്കൂട്ടാന്‍ കഴിയില്ല.

‘എയര്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ വളരെയധികം സഹകരിച്ചു. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ മാറ്റാതെ അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്നാണു പറഞ്ഞത്. മാനുഷികാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.’– ജോലി നഷ്ടപ്പെട്ടിട്ടും വീസ നൂലാമാലകള്‍ കാരണം രാജ്യം വിടാന്‍ കഴിയാത്ത പാണ്ഡേ ദമ്പതികള്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. നിലവില്‍ യുഎസില്‍ തന്നെ തുടരാന്‍ അനുവദിക്കണമെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് എമിഗ്രേഷന്‍ സര്‍വീസില്‍ ആവശ്യപ്പെടാനിരിക്കയാണ് ഇവര്‍.

കഴിഞ്ഞ മാസം ജോലി നഷ്ടപ്പെട്ടതിനു ശേഷം 60 മുതല്‍ 180 ദിവസം വരെ യുഎസില്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എച്ച്1ബി വീസ ഉടമകള്‍ വൈറ്റ്ഹൗസിനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇതില്‍ യാതൊരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല. എത്ര എച്ച്1ബി വീസ ഉടമകള്‍ക്കു ജോലി നഷ്ടപ്പെട്ടു എന്നതില്‍ കൃത്യമായ ഔദ്യോഗിക കണക്കുകളും ലഭ്യമല്ല.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ 33 ദശലക്ഷം യുഎസ് പൗരന്മാര്‍ക്കാണു തൊഴില്‍ നഷ്ടപ്പെട്ടതെന്നാണു കണക്കുകള്‍. ഇത്തരത്തില്‍ തൊഴിലില്ലായ്മ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്കു മടങ്ങുക മാത്രമാണ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നിലുള്ള വഴി.

pathram:
Leave a Comment