കേരളത്തിന്റെ കോവിഡ് പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്തുമോയെന്ന് ആശങ്ക

കൊച്ചി : മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തുന്നവരുടെ തിരക്ക് അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ ഫലപ്രദമായി നിയന്ത്രിക്കാനാകാത്തത് കേരളത്തിന്റെ കോവിഡ് പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്തുമോയെന്ന് ആശങ്ക. എങ്ങനെയെങ്കിലും നാട്ടിലെത്താമെന്ന പ്രതീക്ഷയോടെയാണ് ഏറെ ത്യാഗം സഹിച്ച് കുട്ടികളും രോഗികളും പ്രായമായവരുമായി നൂറുകണക്കിനാളുകള്‍ ചെക്‌പോസ്റ്റുകളില്‍ എത്തുന്നത് എന്ന മാനുഷികവശം സ്ഥിതി സങ്കീര്‍ണമാക്കുന്നു.

രോഗികള്‍, അവരുമായി അടുത്തു സമ്പര്‍ക്കമുള്ളവര്‍, വിദൂര സമ്പര്‍ക്കമുള്ളവര്‍, സമ്പര്‍ക്ക സാധ്യതയുള്ളവര്‍ എന്നിങ്ങനെ ആളുകളെ കൃത്യമായി തേടിപ്പിടിച്ചു മുന്‍കരുതലെടുത്താണു കേരളം ഇതുവരെ പിടിച്ചുനിന്നത്. വിദേശത്തുനിന്ന് ആദ്യമെത്തിയ രണ്ടു വിമാനങ്ങളിലും ഓരോരുത്തര്‍ രോഗികളാണ്. ഇതോടെ ഇവര്‍ക്കൊപ്പം യാത്ര ചെയ്ത ഗര്‍ഭിണികളും കുട്ടികളും രോഗികളും മറ്റും പ്രതിസന്ധിയിലായി.

എന്നാല്‍, ഈ പരിശോധനകള്‍ പോലുമില്ലാതെയാണു മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ആളുകള്‍ കൂട്ടമായി വരുന്നത്. അതിര്‍ത്തി കടന്നാല്‍ എങ്ങോട്ടുപോകുന്നുവെന്ന് കണക്കുമില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ 3 ഘട്ടമായി കൊണ്ടുവരാനായിരുന്നു സര്‍ക്കാര്‍ പദ്ധതി. ഗര്‍ഭിണികള്‍, രോഗികള്‍, വിദ്യാര്‍ഥികള്‍, 75നു മേല്‍ പ്രായമുള്ളവര്‍, സന്ദര്‍ശനത്തിനു പോയവര്‍, അടുത്ത ബന്ധുക്കള്‍ മരിച്ചതിനാലോ മരണാസന്നരായതിനാലോ എത്തുന്നവര്‍ എന്നിങ്ങനെയായിരുന്നു മുന്‍ഗണന.

ഇതില്‍ തന്നെ സ്വന്തം വാഹനത്തില്‍ വരുന്നവര്‍ക്കു മുന്‍ഗണന നല്‍കി. നോര്‍ക്കയിലൂടെ റജിസ്‌ട്രേഷന്‍ നടത്തി 59,000 പാസ് വിതരണം ചെയ്തു. ഇതില്‍ 22,000 പേര്‍ നാട്ടിലെത്തി. യാത്ര തിരിക്കുന്ന സ്ഥലത്തുനിന്നും എത്തേണ്ട സ്ഥലത്തുനിന്നും പാസ്, വാഹനത്തിനും െ്രെഡവര്‍ക്കും പാസ് ഉള്‍പ്പെടെ വ്യവസ്ഥകളും വച്ചു. കൃത്യം കണക്കുള്ളതിനാല്‍ ഇവരുടെ ക്വാറന്റീനും നിരീക്ഷണവും സാധ്യവുമാണ്.

എന്നാല്‍ പാസില്ലാതെ വരുന്നവരുടെ കാര്യത്തില്‍ ഈ മുന്‍കരുതലുകളൊന്നും നടപ്പാക്കാന്‍ കഴിയുന്നില്ല. ഇങ്ങനെ വരുന്ന 60 % ആളുകളും ചെന്നൈ, മുംബൈ തുടങ്ങിയ റെഡ് സോണുകളില്‍ നിന്നാണ്. രേഖകളുടെ അടിസ്ഥാനത്തിലും തുടര്‍ മേല്‍നോട്ടം ഉറപ്പുവരുത്തിയും മാത്രം പ്രവേശനം അനുവദിക്കുകയെന്ന് ആരോഗ്യവിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നതും അതുകൊണ്ടാണ്.

ലോക്ഡൗണ്‍ തീരുന്ന 17 വരെയുള്ള ആദ്യ ഘട്ട ആസൂത്രണമാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നു മടങ്ങുന്നവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. 17നു ശേഷം പൊതുഗതാഗത സംവിധാനങ്ങളുടെ കാര്യത്തിലെ തീരുമാനം അനുസരിച്ചാവും മറ്റു നടപടികള്‍.

pathram:
Leave a Comment