ഗ്രീൻ സിഗ്നൽ…!! രാജ്യത്ത് ട്രെയിൻ സർവീസ് ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കും; ആദ്യ ഘട്ടത്തിൽ ഡൽഹി – തിരുവനന്തപുരം ട്രെയിൻ ഓടും; ടിക്കറ്റ് ഓൺലൈൻ ബുക്കിങ്ങിലൂടെ മാത്രം

ന്യൂഡൽഹി: രാജ്യത്തെ ‍ട്രെയിൻ സർവീസ് പുനരാരംഭിക്കാൻ നടപടികള്‍ ആരംഭിച്ചു. ചൊവ്വാഴ്ച മുതൽ 15 ട്രെയിനുകൾ ഓടിക്കുമെന്നു റെയിൽവേ അറിയിച്ചു. ഈ സർവീസുകൾക്കുള്ള ബുക്കിങ് തിങ്കളാഴ്ച വൈകിട്ട് 4 മുതൽ ആരംഭിക്കുമെന്ന് ഐആർടിസി വ്യക്തമാക്കി. ഘട്ടം ഘട്ടമായി ആയിരിക്കും സർവീസ് പുനരാരംഭിക്കുക. ആദ്യ ഘട്ടത്തിൽ തന്നെ ഡൽഹി – തിരുവനന്തപുരം റൂട്ടിൽ ട്രെയിൻ ഓടും.

ലോക്ഡൗണിനെ തുടർന്നു മാർച്ച് 25 മുതലാണ് രാജ്യത്തെ ട്രെയിൻ സർവീസുകൾ നിർത്തിവച്ചത്. 15 ട്രെയിനുകളാണ് ആദ്യ ഘട്ടത്തിൽ ഓടിക്കുന്നത് (ആകെ 30 സർവീസുകൾ). ന്യൂഡൽഹിയിൽ നിന്നു അസം, ബംഗാൾ, ബിഹാർ, ഛത്തീസ്ഗഡ്, ഗുജറാത്ത്, ജമ്മു, ജാർഖണ്ഡ്, കർണാടക, കേരളം, മഹാരാഷ്ട്ര, ഒഡീഷ, തമിഴ്‌നാട്, തെലങ്കാന, ത്രിപുര എന്നിവിടങ്ങളിലേക്കായിരിക്കും ട്രെയിൻ.

പ്രത്യേക തീവണ്ടികള്‍ എന്ന നിലയിലായിരിക്കും തീവണ്ടികള്‍ സര്‍വീസ് നടത്തുക. ഐആര്‍സിടിസി വെബ്‌സൈറ്റിലൂടെ മാത്രമായിരിക്കും ടിക്കറ്റ് ബുക്കിങ്. സ്‌റ്റേഷനില്‍നിന്ന് ടിക്കറ്റ് വില്‍പന ഉണ്ടാവില്ല. കണ്‍ഫേം ആയ ടിക്കറ്റുകള്‍ ഉള്ളവര്‍ക്ക് മാത്രമാണ് റെയില്‍വേ സ്റ്റേഷനില്‍ പ്രവേശനം അനുവദിക്കുക.

കര്‍ശനമായ ആരോഗ്യപരിശോധന നടത്തിയ ശേഷമായിരിക്കും തീവണ്ടിയില്‍ യാത്രക്കാരെ പ്രവേശിപ്പിക്കുക. യാത്രക്കാര്‍ മാസ്‌ക് ധരിച്ചിരിക്കണം. കൈയിലുള്ള ബാഗുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമായിരിക്കും യാത്ര അനുവദിക്കുക.

pathram desk 2:
Leave a Comment