ഹോം ക്വാറന്റെയിൻ പുതിയ നിർദേശങ്ങൾ അറിഞ്ഞിരിക്കണം

തിരുവനന്തപുരം: കേരളത്തിലേയ്ക്ക് ഇതര സംസ്ഥാനത്ത് നിന്നുള്ള മലയാളികളുടെ മടങ്ങിവരവ് ആരംഭിച്ചതിനെ തുടര്‍ന്ന് കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ ഹോം ക്വാറന്റൈന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി ഉത്തരവിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

പരിമിതമായ സൗകര്യങ്ങളുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ രോഗ വ്യാപനത്തിന് വഴിവച്ചേക്കാമെന്നും അതിനേക്കാള്‍ മെച്ചം കേരളത്തില്‍ ആദ്യ രണ്ട് ഘട്ടങ്ങളില്‍ വളരെ ഫലപ്രദമായി നടപ്പാക്കിയ ഹോം ക്വാറന്റൈന്‍ സംവിധാനം കര്‍ശനമായ മേല്‍നോട്ടത്തിലും കേരളത്തില്‍ എത്തിച്ചേരുന്നവരുടെ വ്യക്തിപരമായ ഉത്തരവാദിത്തം ഉറപ്പാക്കിയും നടപ്പാക്കുന്നതാണ് ഉചിതമെന്ന് എക്‌സ്‌പേര്‍ട്ട് കമ്മിറ്റി ശിപാര്‍ശ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കുകയും ശിപാര്‍ശ അംഗീകരിക്കുകയും ചെയ്താണ് വിശദമായ ഉത്തരവ് പുറപ്പെടുവിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ഇതര സംസ്ഥാനത്തുനിന്നും മടങ്ങിവരുന്ന എല്ലാവരെയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതും രോഗലക്ഷണമുള്ളവരെ തുടര്‍ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതുമാണ്. ആര്‍.റ്റി.പി.സി.ആര്‍. പരിശോധന ഫലം നെഗറ്റീവ് ആകുന്നവരെയും വൈദ്യ പരിശോധനാ സമയത്ത് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരേയും 14 ദിവസത്തേയ്ക്ക് ഹോം ക്വാറന്റൈനില്‍ അയക്കേണ്ടതാണ്. ഇങ്ങനെ ഹോം ക്വാറന്റൈനില്‍ പാര്‍പ്പിക്കപ്പെടുന്നവര്‍ പിന്നീട് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ അവരെ ആര്‍.റ്റി.പി.സി.ആര്‍. പരിശോധനയ്ക്ക് വിധേയമാക്കേണ്ടതും തുടര്‍ നടപടികള്‍ കൈക്കൊള്ളേണ്ടതുമാണ്.

ഇന്ത്യയ്ക്കകത്ത് നിന്ന് വരുന്ന എല്ലാവര്‍ക്കും 14 ദിവസത്തെ ഹോം ക്വാറന്റൈന്‍ കര്‍ശനമായി നടപ്പാക്കേണ്ടതാണ്. എന്നാല്‍ അതേസമയം ഇങ്ങനെ എത്തുന്ന വ്യക്തികളുടെ വീട്ടില്‍ ഹോം ക്വാറന്റൈന്‍ നിബന്ധനകള്‍ പാലിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഹോട്ടലുകളില്‍ പെയിഡ് ക്വാറന്റൈന്‍ സൗകര്യമോ, സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ സൗകര്യമോ സ്വീകരിക്കാവുന്നതാണ്.

ഹോം ക്വാറന്റൈന്‍ കൃത്യമായി പാലിക്കപ്പെടുന്നതിന് കര്‍ശനമായി നടപ്പിലാക്കേണ്ട മാര്‍ഗനിര്‍ദേശങ്ങൾ

1. സ്വന്തം വാസസ്ഥലത്ത് പ്രത്യേകമായി ഒരു മുറിയും അനുബന്ധമായി ഒരു ബാത്ത്‌റൂമും ഉള്ള വ്യക്തികള്‍ക്ക് മാത്രമേ ഹോം ക്വാറന്റൈന്‍ അനുവദിക്കാന്‍ പാടുള്ളു. ഈ സൗകര്യങ്ങള്‍ മാര്‍ഗരേഖ പ്രകാരം ലഭ്യമാണോ എന്ന വസ്തുത സ്ഥലത്തെ ആരോഗ്യ, തദ്ദേശസ്വയം ഭരണ, ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു ടീം പരിശോധന നടത്തി ഉറപ്പുവരുത്തേണ്ടതാണ്. മാര്‍ഗരേഖ പ്രകാരം സൗകര്യം ലഭ്യമല്ലെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഹോട്ടലുകളില്‍ പെയിഡ് ക്വാറന്റൈന്‍ സൗകര്യമോ, സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ സൗകര്യമോ അനുവദിക്കാവുന്നതാണ്.

2. ക്വാറന്റൈനിലുള്ള വ്യക്തി വീട്ടിലെ മുതിര്‍ന്ന വ്യക്തികള്‍/മറ്റ് രോഗബാധയുള്ള വ്യക്തികള്‍ എന്നിവരുമായി യാതൊരു വിധത്തിലും സമ്പര്‍ക്കവത്തില്‍ ഏര്‍പ്പെകടാന്‍ പാടുള്ളതല്ല.

3. നേരത്തെ തീരുമാനിച്ച പ്രകാരം ആരോഗ്യ, തദ്ദേശസ്വയംഭരണ, ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു ടീം ഇവരെ നിരീക്ഷണത്തില്‍ വെക്കേണ്ടതാണ്.

4. ഹോം ക്വാറന്റൈന്‍ ചട്ടങ്ങള്‍ അനുസരിച്ചുകൊളളാമെന്ന് വ്യക്തിയുടെ സമ്മതപത്രം ആവശ്യമാണ്.

5. ആരോഗ്യ വകുപ്പിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടാത്തപക്ഷം ഇത് തെറ്റിക്കുന്ന വ്യക്തിയെ പകര്‍ച്ചാവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ്, മറ്റ് അനുബന്ധ സര്‍ക്കാര്‍ ഉത്തരവുകള്‍ എന്നിവയുടെ വ്യവസ്ഥകള്‍ പ്രകാരം ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റേണ്ടതാണ്.

*നിലവിലെ പരിശോധനാ നടപടിക്രമം തുടരേണ്ടതിങ്ങനെ*

1. യാത്രാചരിത്രമുള്ളവരില്‍ കോവിഡ്-19 രോഗലക്ഷണമുള്ളവരെ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തേണ്ടതാണ്.

2. നിലവില്‍ നിരീക്ഷണത്തിന്റെ എഴാം ദിവസം ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തേണ്ടതാണ് എന്ന നിബന്ധന പിന്‍വലിച്ചിട്ടുണ്ട്.

3. നിലവില്‍ രോഗം ബാധിക്കാന്‍ സാധ്യത ഉള്ള വിഭാഗങ്ങളില്‍ സെന്റിനല്‍ സര്‍വൈലൈന്‍സിന്റെ റാന്‍ഡം സാമ്പ്‌ളിംഗ് മുഖേന നടത്തുന്നുണ്ട്.
ഇതിനുപുറമേ കേരളത്തില്‍ മടങ്ങിയെത്തിയിട്ടുള്ള യാത്രാ ചരിത്രമുള്ള രോഗലക്ഷണമില്ലാത്ത വ്യക്തികളില്‍ നിന്നും റാന്‍ഡം സാമ്പ്‌ളിംഗ് മുഖേന ആര്‍.ടി.പി.സി.ആര്‍. പരിശോധന (പൂള്ഡ് സാമ്പ്‌ളിംഗ് വഴി) നടത്തുന്നതാണ്. ഐ.സി.എം.ആര്‍. നിന്നും ആന്റി ബോഡി ടെസ്റ്റ് കിറ്റ് ലഭ്യമാകുന്നതുവരെ ഇത് തുടരും. ആന്റി ബോഡി ടെസ്റ്റ് കിറ്റ് ലഭ്യമായാല്‍ മേല്‍പ്പറഞ്ഞ മുന്‍ഗണനാ വിഭാഗങ്ങളില്‍ നിരീക്ഷണം ആന്റി ബോഡി ടെസ്റ്റ് വഴി നടപ്പിലാക്കും. ആന്റി ബോഡി ടെസ്റ്റ് കിറ്റ് വഴി പരിശോധനാ ഫലം പോസറ്റീവ് ആകുന്ന വ്യക്തികളെ ആര്‍.ടി.പി.സി.ആര്‍. പരിശോധന വഴി രോഗ സ്ഥിരീകരണം നടത്തും.

4. ആര്‍.ടി.പി.സി.ആര്‍. പരിശോധന വഴി രോഗ സ്ഥിരീകരണം നടത്തുന്നവര്‍ക്ക് നിലവില്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് തുടര്‍ പരിശോധനകള്‍ ക്രമീകരിച്ചിട്ടുള്ളത്. ഇതിനുപകരം രോഗം സ്ഥിരീകരിച്ച് ഏഴാം ദിവസം മുതലാണ് തുടര്‍ പരിശോധനാ സാമ്പിളുകള്‍ അയക്കേണ്ടത്.

pathram desk 2:
Leave a Comment