ലോക്ഡൗണ്‍: ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ടു

മലപ്പുറം: ലോക്ഡൗണ്‍ കാലത്ത് കരാര്‍ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ പിരിച്ചുവിടരുതെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന നിലനില്‍ക്കെ, ബിഎസ്എന്‍എല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മെയിന്റനന്‍സ് വിഭാഗം തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ടു. ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളും മൊബൈല്‍ ഫോണ്‍ ടവറുകളും ഉള്‍പ്പെടെയുള്ളവ കൈകാര്യം ചെയ്യുന്ന തൊഴിലാളികളുടെ സേവനം ഏപ്രില്‍ 30ന് അവസാനിപ്പിച്ചതായി കാണിച്ചാണ് ചെന്നൈ ആസ്ഥാനമായുള്ള ഒരു കരാര്‍ കമ്പനി നോട്ടിസ് നല്‍കിയത്.

വൈകിട്ട് 5 മുതല്‍ രാവിലെ 9 വരെ, വരിക്കാരുടെ പരാതി രേഖപ്പെടുത്തുന്നതു മുതല്‍ ജനറേറ്ററും എസിയും പ്രവര്‍ത്തിപ്പിക്കുന്നതു വരെയുള്ള ജോലികള്‍ ചെയ്യുന്നത് ഇവരാണ്. പിരിച്ചുവിടലോടെ പല എക്‌സ്‌ചേഞ്ചുകളിലും വൈദ്യുതി മുടങ്ങുന്നതു പതിവായിട്ടുണ്ട്. അവശ്യസേവന വിഭാഗങ്ങളുടെ ഫോണ്‍ വഴിയുള്ള ആശയവിനിമയത്തെയും പ്രതിസന്ധി ബാധിച്ചുതുടങ്ങി. കരാര്‍ നടപ്പാക്കിത്തുടങ്ങി ഒരുവര്‍ഷമായിട്ടും ബിഎസ്എന്‍എല്‍ ഒരു പൈസ പോലും തന്നില്ലെന്നും ഏപ്രിലില്‍ സേവനം അവസാനിപ്പിക്കുകയാണെന്നും കമ്പനി തൊഴിലാളികളെ അറിയിച്ചു.

10 മാസമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക്, ബിഎസ്എന്‍എല്‍ പണം അനുവദിക്കുന്ന മുറയ്ക്ക് ശമ്പളം നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്. 2019 മേയില്‍ ജോലിക്കു കയറിയവര്‍ക്ക് ആദ്യ മൂന്നു മാസത്തെ ശമ്പളം മാത്രമാണ് ലഭിച്ചത്. ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്ക് സ്വയംവിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ഇന്‍ഫ്രാസ്ട്രക്ചര്‍ തൊഴിലാളികള്‍ക്ക് ജോലിഭാരം കൂടി. ലോക്ഡൗണില്‍ എക്‌സ്‌ചേഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിപ്പിച്ചും ടവറുകള്‍ പരിപാലിച്ചും ഔദ്യോഗിക ആശയവിനിമയത്തില്‍ പ്രധാനപങ്കുവഹിച്ച തൊഴിലാളികള്‍ക്കാണ് ലോക്ഡൗണ്‍ അവസാനിക്കും മുന്‍പേ ജോലി നഷ്ടമായത്. 2019ലെ പ്രളയകാലത്തും ശമ്പളമില്ലാതെയാണ് ഇവര്‍ ജോലി ചെയ്തത്. ഇഎസ്‌ഐ, പിഎഫ് വിഹിതം അടയ്ക്കുന്ന കാര്യത്തിലും വീഴ്ച വന്നതായി തൊഴിലാളികള്‍ പറയുന്നു.

pathram:
Leave a Comment