കൊച്ചി: മാലദ്വീപില്‍ നിന്ന് ഐഎന്‍എസ് ജലാശ്വ കപ്പലില്‍ കൊച്ചിയിലെത്തിയ രണ്ട് യാത്രക്കാരെ പനിയെത്തുടര്‍ന്ന് കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. ഇന്ന് രാവിലെ ഒമ്പതരയോടെയാണു കടല്‍മാര്‍ഗമുള്ള രക്ഷാദൗത്യം സമുദ്രസേതുവിന്റെ ഭാഗമായുള്ള ആദ്യ കപ്പല്‍ ഐഎന്‍എസ് ജലാശ്വ കൊച്ചി തുറമുഖത്തെത്തിയത്. മാലദ്വീപില്‍നിന്നുള്ള 698 യാത്രക്കാരുമായാണ് നാവികസേന യുദ്ധകപ്പല്‍ തീരമണഞ്ഞത്. കേരളത്തിന് പുറമേ 20 സംസ്ഥാനങ്ങളില്‍നിന്നുള്ള യാത്രക്കാരാണു കപ്പലിലെത്തിയത്.
മാലദ്വീപ് തലസ്ഥാനത്തെ വെലന തുറമുഖത്തുനിന്ന് വെള്ളിയാഴ്ച വൈകിട്ടാണ് കപ്പല്‍ കൊച്ചിയിലേക്കു യാത്രതിരിച്ചത്. കേരളത്തില്‍നിന്നുളള 440 പേരാണ് കപ്പലിലുണ്ടായിരുന്നത്. രാവിലെ കൊച്ചി പുറംകടലിലെത്തിയ കപ്പലിനെ പ്രത്യേക പൈലറ്റ് ബോട്ടെത്തി തുറമുഖത്തേക്കു നയിച്ചു. കൃത്യം 9.30ഓടെ തുറമുഖത്തെത്തിയ കപ്പലില്‍നിന്ന് മുക്കാല്‍ മണിക്കൂറിനു ശേഷമാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. ചികില്‍സാര്‍ഥം എത്തിയവരെ ആദ്യം പുറത്തെത്തിച്ചു.
പിന്നീട് ഓരോരുത്തരെയായി സമുദ്രിക കണ്‍വന്‍ഷന്‍ സെന്ററിലെ ഹെല്‍ത്ത് ഡസ്‌കിലെത്തിച്ച് വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. ഓരോ ജില്ലകളിലുള്ളവരെയും അതാതു ജില്ലകളിലെത്തിച്ച ക്വാറന്റീന്‍ ചെയ്യാന്‍ കെഎസ്ആര്‍ടിസി ബസുകളും ഒരുക്കിയിരുന്നു. 19 ഗര്‍ഭിണികള്‍ക്കായി വീടുകളിലെത്തി ക്വാറന്റീനില്‍ പ്രവേശിക്കാന്‍ പ്രത്യേക കാറുകളും ഒരുക്കിയിരുന്നു. തമിഴ്‌നാട് ഒഴിച്ചുള്ള സംസ്ഥാനങ്ങളിലെ ആളുകളെ എറണാകുളത്തുതന്നെ ക്വാറന്റീനിലാക്കി. മുപ്പത്തിയഞ്ച് മണിക്കൂറിലധികം പിന്നിട്ടാണ് ഐഎന്‍എസ് ജലാശ്വ അതിന്റെ ദൗത്യം പൂര്‍ത്തീകരിച്ചത്.
Leave a Comment