കൊച്ചി: ഇന്നലെ വാളയാര്‍ അതിര്‍ത്തിയില്‍ എത്തി കുടുങ്ങിയവര്‍ക്ക് മാത്രം അടിയന്തരമായി പാസ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. ഇന്നലെ കുടുങ്ങിയവര്‍ക്ക് മാത്രമാണ് തത്ക്കാലികമായി ഇളവ് നല്‍കുന്നതെന്നും മറ്റുള്ളവര്‍ പാസില്ലാതെ വരാന്‍ ശ്രമിക്കരുതെന്നും ഹൈക്കോടതി പ്രത്യേകം നിര്‍ദേശം നല്‍കി.
അതിര്‍ത്തിയില്‍ കുടുങ്ങിയവരുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. പാസില്ലാതെ ആരും അതിര്‍ത്തി കടക്കരുതെന്നും, ലോക്ഡൗണ്‍ നിയന്ത്രണത്തില്‍ ഇളവ് വരുത്താന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
പാസില്ലാതെ ആരെയും അതിര്‍ത്തി കടത്തി വിടാനാകില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. പാസില്ലാതെ കടത്തിവിട്ടാല്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നിരീക്ഷണ സംവിധാനം തകരാന്‍ ഇടയാക്കുമെന്നും, അതിനാല്‍ പാസില്ലാതെ ആരെയും കടത്തിവിടാനാകില്ലെന്ന് കോടതി നിര്‍ദേശിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് വാളയാറില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് മാത്രം പാസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. എന്നാല്‍ ഇനിയാരും പാസില്ലാതെ അതിര്‍ത്തി കടക്കരുതെനനും കോടതി ചൂണ്ടിക്കാട്ടി. ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു. പാസ് ലഭിച്ചുവെന്ന് ഉറപ്പ് ലഭിച്ചാല്‍ മാത്രമേ യാത്ര പുറപ്പെടാവൂ എന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. അതിനാല്‍ സര്‍ക്കാര്‍ മനുഷ്യത്വരഹിതമായാണ് പെരുമാറുന്നതെന്ന് പറയാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു.
Leave a Comment