മൂന്നാംഘട്ട ലോക്‌ഡൗണും കോവിഡ് വ്യാപനം കുറച്ചില്ല; ഇനി എന്ത്..?

മൂന്നാംഘട്ട ലോക്ഡൗൺ അഞ്ചുദിവസം പിന്നിടുമ്പോഴും രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. രാജ്യത്ത് ആകെ കോവിഡ് കേസുകൾ 56,342 ആയി ഉയർന്നു. മരണം 1886 ആയി. മഹാരാഷ്ട്രയ്ക്ക് പുറമേ കോവിഡ് വ്യാപനം രൂക്ഷമായ ഗുജറാത്ത്, ഡൽഹി സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ക്രമാതീതമായി കൂടുകയാണ്. ഗുജറാത്തിൽ മരണം 200 ആയി.

മൂന്നാംഘട്ട ലോക്‌ഡൗണും രാജ്യത്ത് കോവിഡ് വ്യാപനം കുറയ്ക്കുന്നില്ല എന്നാണ് പുറത്തു വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്ര ആശങ്കയായി തുടരുകയാണ്. ഗുജറാത്തിൽ ഇന്നലെ മാത്രം 24 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 390 പുതിയ കേസുകൾ. സംസ്ഥാനത്തു ആകെ കേസുകൾ 7403 ഉം മരണം 449 ഉം ആണ്. മധ്യപ്രദേശിൽ മരണം 200 ആയി. രോഗബാധിതരുടെ എണ്ണം 3341 ആയി ഉയർന്നു.

ഇൻഡോറിൽ രണ്ട് മാസം പ്രായമുള്ള കുട്ടി കോവിഡിൽ നിന്ന് മുക്തി നേടി. രാജസ്ഥാനിലും സ്ഥിതി വ്യത്യസ്തമല്ല. 152 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രോഗ ബാധിതർ 3579ആയി. മരണം 103. ഡൽഹിയിൽ ഇന്നലെ 338 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യതലസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 6318 ആണ്. ബംഗാളിലും കോവിഡ് കേസുകൾ ഉയരുകയാണ്. ഇതുവരെ 1678 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണം 88 ആയി. സിഐഎസ്എഫ് ജവാൻ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്ന് കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയം സീൽ ചെയ്തു. ബിഹാറിൽ 8 മാസം പ്രായമായ കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒഡിഷയിൽ തിരിച്ചെത്തിയവർക്ക് ക്വാറന്റീൻ ദിവസം 28 ആക്കി ഉയർത്തി. അതേസമയം ഒരു വശത്ത് കോവിഡ് മുക്തി നിരക്കും ഉയരുന്നത് ആശ്വാസത്തിന് വക നൽകുന്നുണ്ട്. 29.36 ശതമാനം പേർക്കാണ് ഇപ്പോൾ രോഗം ഭേദമാകുന്നത്.

pathram desk 2:
Related Post
Leave a Comment