രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,100 കടന്നു, 24 മണിക്കൂറിനിടെ 3277 പുതിയ കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,109 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 128 പേര്‍ മരിക്കുകയും 3,277 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു

രാജ്യത്ത് തുടര്‍ച്ചയായി മൂവായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആശങ്കയായി. രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന സമയം പന്ത്രണ്ടു ദിവസത്തില്‍ നിന്ന് പത്തു ദിവസമായി കുറഞ്ഞു. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് കോവിഡ് കേസുകള്‍ 60,000 കടന്നു. രാവിലെയും വൈകിട്ടും കോവിഡ് കേസുകളുടെ കണക്കുകള്‍ പുറത്തുവിട്ടുകൊണ്ടിരുന്ന കേന്ദ്ര ആരോഗ്യമന്ത്രാലയം അത് ഒരു തവണ മാത്രമായി ചുരുക്കിയിട്ടുണ്ട്.

20,228 കേസുകളും 779 മരണവും റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്ര തന്നെയാണ് രോഗവ്യാപനത്തിലും മരണനിരക്കിലും മുന്നില്‍. സംസ്ഥാനത്ത് ശനിയാഴ്ച 1165 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്, 48 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 7,796 കേസുകളുള്ള ഗുജറാത്തില്‍ 394 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 23 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായതോടെ ആകെ മരണസംഖ്യ 472 ആയി. 224 പേര്‍ക്ക് കൂടി രോഗം റിപ്പോര്‍ട്ട് ചെയ്തതോടെ ഡല്‍ഹിയില്‍ ആകെ കേസുകള്‍ 6,542 ആയി.

തമിഴ്‌നാട് – 526, മധ്യപ്രദേശ് – 273, ഉത്തര്‍പ്രദേശ് – 159, രാജസ്ഥാന്‍ – 129, ബംഗാള്‍ – 108 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം. സിആര്‍പിഎഫില്‍ 62 പേര്‍ക്കും ബിഎസ്എഫില്‍ 35 പേര്‍ക്കും രോഗം സ്ഥിരീകരിച്ചതോടെ അര്‍ധസൈനിക വിഭാഗങ്ങളിലെ രോഗബാധിതരുടെ എണ്ണം 650 കടന്നു

pathram:
Leave a Comment