മസ്‌കത്ത് : ഒരു മാസത്തിലേറെയായി കണ്ണില്‍ തറച്ചിരിക്കുന്ന സ്‌റ്റേപ്ലര്‍ പിന്‍ പുറത്തെടുക്കണം, കാഴ്ച പോകാതെ കണ്ണിനെ രക്ഷിച്ചെടുക്കണം; നാട്ടിലേക്കുള്ള വിമാനം പിടിക്കാനായി 1005 കിലോമീറ്റര്‍ ട്രക്കില്‍ യാത്രചെയ്യുമ്പോള്‍ ഇതുമാത്രമായിരുന്നു മനസ്സിലെന്നു കോഴിക്കോട് പേരാമ്പ്ര സ്വദേശി സുധി (40). കണ്ണില്‍ പഴുപ്പു കയറാതിരിക്കാനുള്ള മരുന്നുകളുമായി ഉറക്കമില്ലാത്ത ദിവസങ്ങള്‍ പിന്നിട്ടതിന്റെ ആധി വച്ചു നോക്കുമ്പോള്‍ 2 രാത്രി നീണ്ട സാഹസികയാത്ര ഒന്നുമല്ലെന്നും സുധി പറയുന്നു.
സലാലയില്‍ സോഫ നിര്‍മാണ സ്ഥാപനത്തിലാണു ജോലി. ഏപ്രില്‍ 5ന് തടിയിലേക്കു യന്ത്രം (ഗണ്‍) ഉപയോഗിച്ചു പിന്‍ കയറ്റിയപ്പോള്‍ അബദ്ധത്തില്‍ കണ്ണില്‍ തുളച്ചുകയറുകയായിരുന്നു. ഉടന്‍ അടുത്തുള്ള ഖാബൂസ് ആശുപത്രിയില്‍ എത്തിയെങ്കിലും പിന്‍ പുറത്തെടുക്കാനുള്ള ആധുനിക സംവിധാനം ഇല്ലാത്തതിനാല്‍ മസ്‌കത്തിലേക്കോ നാട്ടിലേക്കോ പോകാന്‍ നിര്‍ദേശിച്ചു. കൃഷ്ണമണിക്ക് സമീപമായതിനാല്‍ പുറത്തെടുക്കുമ്പോള്‍ കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യതയും ഏറെ.
കോവിഡ് പശ്ചാത്തലത്തില്‍ യാത്ര നടക്കാതായതോടെ സ്ഥാപന ഉടമ ഡോ. കൃഷ്ണന്‍, സുധിയുടെ കാര്യങ്ങള്‍ക്കായി ജോലിക്കാരനെ നിയോഗിച്ചു. യാത്രാചെലവ് ഉള്‍പ്പെടെ ഉറപ്പേകി. അതിനിടെ, വിമാനസര്‍വീസ് ആരംഭിച്ചതോടെ മുന്‍ മന്ത്രി എം.കെ. മുനീറുമായി ബന്ധപ്പെട്ടു. അങ്ങനെ, സലാല കെഎംസിസി പ്രസിഡന്റ് നാസര്‍ പെരിങ്ങത്തൂര്‍ സഹായത്തിനെത്തി.
എങ്കിലും കടമ്പകള്‍ അനവധി. വിമാനത്താവളത്തിലേക്ക് 1005 കിലോമീറ്റര്‍. ഗവര്‍ണറേറ്റുകള്‍ താണ്ടിയുള്ള യാത്രയ്ക്ക് അനുവാദമില്ല. മസ്‌കത്തില്‍ എത്തിയാലും ഇന്ത്യന്‍ എംബസി യാത്ര അനുവദിക്കണം. തുടര്‍ന്ന് എംബസി ഉദ്യോഗസ്ഥന്‍ കണ്ണന്‍ നായരെ വിളിച്ചപ്പോള്‍ വിമാനം പുറപ്പെടുന്നതിന് 5 മണിക്കൂര്‍ മുന്‍പ് വന്നാല്‍ നാട്ടിലെത്തിക്കാമെന്ന് ഉറപ്പുകിട്ടി.
ചരക്കുമായി പോകുന്ന ട്രക്കില്‍ യാത്ര ശരിയാക്കിയതു നാസറാണ്. മഞ്ചേരി സ്വദേശി െ്രെഡവര്‍ സക്കീര്‍ എല്ലാ സഹായവുമായി ഒപ്പം നിന്നു. അങ്ങനെ സുധി നാട്ടിലേക്ക്. നല്ല ചികിത്സ കിട്ടിയാല്‍ കാഴ്ച പോകില്ലെന്ന പ്രതീക്ഷയോടെ. ഭാര്യ നീനുവും മകള്‍ സനയും കോഴിക്കോട്ടു കാത്തിരിക്കുന്നുണ്ട്.
Leave a Comment