രാജ്യത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം 60,266 ആയി, മരണസംഖ്യ 1981 ആയി ഉയര്‍ന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം അറുപതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3320 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 95 പേര്‍ മരിച്ചു. രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 59,662 ആണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കെങ്കിലും സംസ്ഥാനങ്ങളുടെ കണക്ക് പ്രകാരം 60,266 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ആകെ മരണസംഖ്യ 1981 ആയി. 17,847 പേര്‍ രോഗമുക്തി നേടി. 29.91 ശതമാനമാണ് രോഗമുക്തി നിരക്ക്. ഞായറാഴ്ച ഇത് 26.59% ആയിരുന്നു. കേരളത്തിലും മറ്റു ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമൊഴികെ രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയുണ്ട്. ഡല്‍ഹിയില്‍ ശനിയാഴ്ച 224 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 6,542 ആയി. തമിഴ്‌നാട്ടില്‍ നാല് പേര്‍ക്കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 44 ആയി. രാജസ്ഥാനില്‍ 76ഉം കര്‍ണാടകയില്‍ 36ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു.

ജൂലൈ അവസാനത്തോടെ ഇന്ത്യയില്‍ കോവിഡ് ബാധ പാരമ്യത്തിലെത്തുമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഡോ. ഡേവിഡ് നബാരോ പറഞ്ഞിരുന്നു. ലോക്ഡൗണ്‍ നീക്കുമ്പോള്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യും. എന്നാല്‍ ജനങ്ങള്‍ പേടിക്കേണ്ട കാര്യമില്ല. വരും മാസങ്ങളില്‍ എണ്ണം കൂടുമെങ്കിലും ഇന്ത്യ സ്ഥിരത നേടുമെന്നും അദ്ദേഹം പറഞ്ഞു.

pathram:
Leave a Comment