വിദേശത്തുനിന്ന് എത്തിയ രണ്ട് പേര്‍ക്ക് കൊറോണ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. രണ്ടു പേരും വിദേശത്തുനിന്നു കഴിഞ്ഞ ദിവസം വിമാനത്തില്‍ എത്തിയവരാണ്. ഒരാള്‍ കോഴിക്കോട്ടും മറ്റൊരാള്‍ കൊച്ചിയിലും ചികിത്സയിലാണ്. ഏഴാം തീയതി ദുബായില്‍നിന്ന് കോഴിക്കോട്ടെത്തിയ വിമാനത്തിലും അബുദാബിയില്‍നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലും യാത്ര ചെയ്തവര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ഇടുക്കിയില്‍ ചികില്‍സയിലായിരുന്ന ആളുടെ പരിശോധന ഫലം നെഗറ്റീവ് ആയി. ഇതുവരെ 505 പേര്‍ക്കാണ് രോഗം വന്നത്. ഇപ്പോള്‍ 17 പേര്‍ ചികിത്സയിലുണ്ട്. 23,930 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 23,596 പേര്‍ വീടുകളിലും 334 പേര്‍ ആശുപത്രികളിലുമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഇന്ന് 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 36648 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 36002 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി. സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി 3475 സാംപിളുകള്‍ ശേഖരിച്ചതില്‍ 3231 നെഗറ്റീവായി. ഇതെല്ലാം സൂചിപ്പിക്കുന്നത് നമ്മുടെ ഇടപെടലും പ്രതിരോധവും കൂടുതല്‍ ശക്തിപ്പെടുത്തണം എന്നാണ്. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും ഇങ്ങോട്ടുവരുന്നവരും സുരക്ഷാ സംവിധാനങ്ങളും പൂര്‍ണ ജാഗ്രതയോടെ തുടരണം എന്ന മുന്നറിയിപ്പ് കൂടിയാണിത്.

ലോകത്തിന്റെ ഏതുഭാഗത്തു കുടുങ്ങിയാലും കേരളീയരെ നാട്ടിലെത്തിക്കാൻ പ്രതിജ്ഞാ ബദ്ധമാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രവാസികളുടെ തിരിച്ചുവരവിനായി വേണ്ട തയാറെടുപ്പുകൾ സർക്കാർ നടത്തി. കേന്ദ്രസർക്കാരുമായി ആശയവിനിമയം നടത്തി. വരുന്നവരുടെ മുൻഗണനാ ക്രമം, എത്രപേർ വരണം, ഏതു വിമാനത്താവളത്തിൽ വരണം, യാത്രാ സൗകര്യം, ചെലവ് എന്നിവ തീരുമാനിക്കുന്നത് കേന്ദ്രമാണ്. നാട്ടിലെത്തുന്നവർക്കുള്ള സൗകര്യം ഒരുക്കുന്നത് സംസ്ഥാന സർക്കാരാണ്. ഇതിനായി എല്ലാ ജില്ലകളിലും നോഡൽ ഓഫിസർമാരെ നിയമിച്ചു. ക്വാറന്റീൻ സംവിധാനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് ഇവരാണ്.

pathram:
Related Post
Leave a Comment