സംസ്ഥാനത്തിന്റെ വിവിധ അതിര്‍ത്തികളില്‍ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു

ഇതര സംസ്ഥാനത്തുനിന്നു രജിസ്‌ട്രേഷനും അംഗീകൃത പാസും ഇല്ലാതെയെത്തുന്നവരെ കടത്തി വിടേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം വന്നതോടെ സംസ്ഥാനത്തിന്റെ വിവിധ അതിര്‍ത്തികളില്‍ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു. മുത്തങ്ങയില്‍ തിരക്ക് കുറവുണ്ടെങ്കിലും മഞ്ചേശ്വരം, വാളയാര്‍ ചെക്ക് പോസ്റ്റുകളില്‍ ഒട്ടേറെ പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ വാളയാറാണ് ഏറ്റവും കൂടുതല്‍ ആളുകളുള്ളത്. ഏറെ നേരം കാത്തിരിക്കേണ്ടി വരുന്നതിനാല്‍ ഇവിടത്തെ കനത്ത ചൂടും വെല്ലുവിളിയാകുന്നുണ്ട്.

സംസ്ഥാനത്തേക്ക് പ്രവേശിക്കുമ്പോള്‍ പുറപ്പെടുന്ന സംസ്ഥാനത്തിന്റേയും എത്തിച്ചേരണ്ട സംസ്ഥാനത്തിന്റേയും പാസ് ഉണ്ടായിരിക്കണമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ ഇത് പാലിക്കാതെ പലരും അതിര്‍ത്തിയില്‍ എത്തിയതിനാല്‍ ഇവരെ കൃത്യമായി പരിശോധിക്കാനോ മറ്റ് നടപടിക്രമങ്ങള്‍ സ്വീകരിക്കാനോ കഴിയാനാവാത്തത് ഏറെ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ആളുകള്‍ വലിയ രീതിയില്‍ എത്തി തുടങ്ങിയതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇത് വെല്ലുവിളി. തുടര്‍ന്നാണ് പാസ് കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പാസില്ലാതെ ആളുകള്‍ കൂട്ടമായി എത്തുമ്പോള്‍ കൃത്യമായി പാസ് ലഭിച്ച് നിയമാനുസൃതമായ മാര്‍ഗങ്ങളിലൂടെ യാത്ര ചെയ്യാനെത്തുന്നവര്‍ക്കും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്. ഇവര്‍ക്ക് പെട്ടെന്ന് ആരോഗ്യ പരിശോധനയും മറ്റും നടത്തി യാത്രാ അനുമതി നല്‍കാന്‍ പോലും ഏറെ സമയമെടുക്കുന്നു. തുടര്‍ന്നാണ് നടപടി കര്‍ശനമാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുള്ളത്. സ്ഥലത്തെത്തി കുടുങ്ങുന്നവര്‍ക്ക് ഭക്ഷണമോ വെള്ളമോ കിട്ടാത്ത അവസ്ഥയുമുണ്ട്.

മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കോവിഡ് 19 ജാഗ്രതാ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാതെ എത്തുന്നവരെ മുത്തങ്ങ ചെക്‌പോസ്റ്റ് വഴി കേരളത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് വയനാട് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള പറഞ്ഞു. മൂലഹള്ള ചെക്‌പോസ്റ്റില്‍ തന്നെ മാനദണ്ഡങ്ങള്‍ പ്രകാരം പരിശോധന നടത്തി അര്‍ഹരല്ലാത്തവരെ കര്‍ണാടകയിലേക്ക് തിരിച്ചയക്കും. ആളുകള്‍ കൂടുന്നത് ഒഴിവാക്കാന്‍ അനുവദിക്കപ്പെട്ട സമയത്ത് മാത്രമേ യാത്രക്കാര്‍ എത്താന്‍ പാടുള്ളൂവെന്നും കളക്ടര്‍ പറഞ്ഞു. കോവിഡ്-19 ജാഗ്രത പാസ് ഉപയോഗിച്ചാണ് അയല്‍ സംസ്ഥാനത്ത് നിന്നും പ്രവേശനം അനുവദിക്കുന്നത്.

ഗര്‍ഭിണികള്‍, അടുത്ത ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് വരുന്നവര്‍, അടിയന്തര ചികിത്സാവശ്യങ്ങള്‍ക്കായി വരുന്നവര്‍, അതിഗുരുതരാവസ്ഥയിലുള്ള ബന്ധുവിനെ കാണാന്‍ വരുന്നവര്‍ എന്നിവര്‍ക്ക് മാത്രമേ എമര്‍ജന്‍സി പാസ് അനുവദിക്കൂ. മറ്റുള്ളവരെല്ലാം കോവിഡ്19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം ലഭിക്കുന്ന പാസ് ഉപയോഗിച്ച് മാത്രമേ യാത്ര അനുവദിക്കാന്‍ പാടുള്ളൂവെന്നും കളക്ടര്‍ അറിയിച്ചു. കാസര്‍കോടിന്റെ ജില്ലാ അതിര്‍ത്തിയായ മഞ്ചേശ്വരത്തും പാലക്കാട് ജില്ലാ അതിര്‍ത്തിയായ വാളയാറിലും പാസില്ലാതെയെത്തുന്നവരുടെ എണ്ണം വലിയ രീതിയില്‍ കൂടിയിട്ടുണ്ട്.

follow us…

pathram:
Related Post
Leave a Comment