ഏജന്റുമാര്‍ കബളിപ്പിക്കുന്ന സാഹചര്യം; പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 5000 രൂപ വിതരണം നീളാന്‍ സാധ്യത

തിരുവനന്തപുരം: പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 5000 രൂപ വിതരണം ചെയ്യുന്നത് നീളാന്‍ സാധ്യത. ഏജന്റുമാര്‍ കബളിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍, അപേക്ഷിച്ചവരെ നേരില്‍കണ്ട് രേഖകള്‍ പരിശോധിക്കാനാണ് നോര്‍ക്ക ആലോചിക്കുന്നത്. വില്ലേജ് ഓഫിസുകള്‍ വഴി അപേക്ഷകള്‍ പരിശോധിക്കാനാണ് ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും നോര്‍ക്ക അധികൃതര്‍ വ്യക്തമാക്കുന്നു.

നോര്‍ക്കയുടെ വെബ്‌സൈറ്റിലാണ് ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചത്. 2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുകയും ലോക്ഡൗണ്‍ കാരണം തൊഴിലിടങ്ങളിലേക്കു മടങ്ങിപോകാന്‍ സാധിക്കാത്തവര്‍ക്കും ഈ കാലയളവില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്കുമാണ് 5000 രൂപയുടെ ധനസഹായം ലഭിക്കുക. അപേക്ഷയോടൊപ്പം നാട്ടില്‍ എത്തിയ തീയതി തെളിയിക്കുന്ന പാസ്‌പോര്‍ട്ട് പേജ് അപ്‌ലോഡ് ചെയ്യണമെന്നും നിര്‍ദേശമുണ്ടായിരുന്നു.

അവസാന തീയതിയായ മെയ് 5 വരെ 1,70,000 പേരാണ് അപേക്ഷിച്ചത്. ചില സ്ഥലങ്ങളില്‍ ഏജന്റുമാര്‍ പ്രവാസികളുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ കൂട്ടത്തോടെ ശേഖരിച്ച് റജിസ്റ്റര്‍ ചെയ്യുന്നത് നോര്‍ക്കയുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് അപേക്ഷകന്റെ വിവരങ്ങള്‍ നേരിട്ട് പരിശോധിക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയത്. രേഖകള്‍ പരിശോധിച്ചശേഷം ധനസഹായം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് അയയ്ക്കുന്നത്. എന്‍ആര്‍ഐ അക്കൗണ്ടിലേക്ക് പണം അയയ്ക്കില്ല.

pathram:
Leave a Comment