400 കോടിയുടെ ബാങ്ക് വായ്പ തട്ടിപ്പ് നടത്തി നാടുവിട്ടവരെക്കുറിച്ച് നാല് വര്‍ഷത്തിനു ശേഷം പരാതിയുമായി എസ്ബിഐ

ന്യൂഡല്‍ഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കം നിരവധി ബാങ്കുകളില്‍നിന്ന് 400 കോടി രൂപയിലധികം വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മറ്റൊരു കമ്പനി ഉടമകള്‍ കൂടി രാജ്യം വിട്ടു. ബസ്മതി അരി കയറ്റുമതിയില്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാം ദേവ് ഇന്റര്‍നാഷനല്‍ ലിമിറ്റഡിന്റെ ഉടമകളാണ് വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിടുന്ന വ്യവസായികളുടെ പട്ടികയിലേക്ക് അവസാനമായി പേരുചേര്‍ത്തത്. 2016ല്‍ രാജ്യം വിട്ട ഇവരെ കുറിച്ച് ഒരു പരാതി വരുന്നത് നാലു വര്‍ഷത്തിനുശേഷവും.

2016 മുതല്‍ ഇവരെ കാണാതായി. ആ വര്‍ഷം മുതല്‍ കമ്പനിയെ നിഷ്‌ക്രിയ ആസ്തയായി പരിഗണിച്ചിട്ടുണ്ട്. എന്നാല്‍ നാലു വര്‍ഷത്തിനു ശേഷം ഈ വര്‍ഷം ഫെബ്രുവരിയിലാണ് എസ്ബിഐ സിബിഐക്ക് പരാതി നല്‍കുന്നത്. ഏപ്രില്‍ 28നാണ് സിബിഐ പരാതി ഫയലില്‍ സ്വീകരിക്കുന്നത്.

വിവിധ ബാങ്കുകളില്‍നിന്നായി 414 കോടി രൂപയാണ് രാംദേവ് ഇന്റര്‍നാഷനല്‍ വായ്പയെടുത്തത്. ഇതില്‍ 173.11 കോടി രൂപ എസ്ബിഐയില്‍നിന്നും 76.09 കോടി രൂപ കാനറ ബാങ്കില്‍നിന്നും 64.31 കോടി രൂപ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്നും 51.31 കോടി രൂപ സെന്‍ട്രല്‍ ബാങ്ക് ഓപ് ഇന്ത്യയില്‍നിന്നും 36.91 കോടി രൂപ കോര്‍പറേഷന്‍ ബാങ്കില്‍നിന്നും 12.27 കോടി രൂപ ഐഡിബിഐ ബാങ്കില്‍നിന്നുമാണ് വായ്പയെടുത്തത്.

എസ്ബിഐ നല്‍കിയ പരാതിയിന്മേല്‍ കമ്പനി ഡയറക്ടര്‍മാരായ നരേഷ് കുമാര്‍, സുരേഷ് കുമാര്‍, സംഗീത, പേരു വെളിപ്പെടുത്താത്ത ചില പൊതു പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ സിബിഐ കേസ് റജിസ്റ്റര്‍ ചെയ്തു. കള്ളയൊപ്പിടല്‍, വിശ്വാസ വഞ്ചന, അഴിമതി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

173.11 കോടി രൂപയുടെ കുടിശ്ശികയുമായി ലിക്വിഡിറ്റി പ്രശ്‌നങ്ങള്‍ കാരണം 2016 ജനുവരി 27ന് കമ്പനിയുടെ അക്കൗണ്ട് നിഷ്‌ക്രിയ ആസ്തിയായി മാറിയതായി എസ്ബിഐ പരാതിയില്‍ പറയുന്നുണ്ടെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. വ്യാജ അക്കൗണ്ടുകള്‍ വഴി ഇവര്‍ കൃത്രിമ ബാലന്‍സ് ഷീറ്റ് ഉണ്ടാക്കിയതായി 2016ല്‍ നടത്തിയ സ്‌പെഷന്‍ ഓഡിറ്റില്‍ വ്യക്തമായി. കൂടാതെ ബാങ്കില്‍നിന്നുള്ള പണത്തിന്റെ ചെലവില്‍ വ്യവസായ പ്ലാന്റും മറ്റ് യന്ത്രസാമഗ്രികളും നീക്കം ചെയ്തു. കമ്പനിയെ നിഷ്‌ക്രിയ ആസ്തിയില്‍ ഉള്‍പ്പെടുത്തിയ ശേഷം 2016 ഓഗസ്റ്റ് – ഒക്ടോബര്‍ മാസങ്ങളിലായി കമ്പനിയുടെ സ്വത്തുവകകളില്‍ ഒരു പരിശോധന എസ്ബിഐ നടത്തി. അപ്പോഴാണ് കമ്പനി ഉടമകള്‍ നാടുവിട്ടവിവരം അറിയുന്നതെന്നും എസ്ബിഐ പരാതിയില്‍ പറയുന്നു.

നാഷനല്‍ കമ്പനി ലോ െ്രെടബ്യൂണലില്‍(എന്‍സിഎല്‍ടി) മറ്റൊരു കമ്പനിയുമായി ബന്ധപ്പെട്ട കേസ് രാം ദേവ് ഇന്റര്‍നാഷനലിന്റെ പേരിലുണ്ട്. അതില്‍ കമ്പനി ഉടമകള്‍ നാടുവിട്ടിട്ട് ഒരു വര്‍ഷത്തിലേറെയായെന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. എന്‍സിഎല്‍ടിയില്‍ ‘മിസിങ് ‘സ്റ്റാറ്റസ് രേഖപ്പെടുത്തിയിട്ട് ഒരു വര്‍ഷത്തിനു മേലെയായിട്ടും പരാതി നല്‍കാന്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നാണ് എസ്ബിഐയുടെ വാദം.

pathram:
Related Post
Leave a Comment