ന്യൂഡല്‍ഹി : വിദേശത്തു നിന്നു തിരിച്ചെത്തുന്നവര്‍ 28 ദിവസത്തെ ക്വാറന്റീനില്‍ കഴിയണം എന്ന് കേന്ദ്രസര്‍ക്കാരിന്റെ വ്യക്തമായ നിര്‍ദ്ദേശം. വിദേശത്തു നിന്ന് വിമാനത്തിലോ കപ്പലിലോ ഇന്ത്യയില്‍ എത്തുന്നവര്‍ ആദ്യത്തെ 14 ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും അതിനു ശേഷം പരിശോധനയില്‍ നെഗറ്റീവ് എന്നു കാണുന്നവര്‍ വീട്ടില്‍ അടുത്ത 14 ദിവസം സ്വയം ക്വാറന്റീനിലും കഴിയണം.14 ദിവസത്തിനു ശേഷം നെഗറ്റീവ് അല്ലാതെ പരിശോധനാ ഫലം പോസിറ്റീവ് ആകുന്നവരെ സംസ്ഥാനങ്ങളോ കേന്ദ്രഭരണ പ്രദേശങ്ങളിലെ അധികൃതരോ കോവിഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കണം.
കേരളം മാത്രമാണ് ഈ വ്യവസ്ഥ മാറ്റി ഏഴു ദിവസത്തെ ക്വാറന്റീന്‍ എന്ന് പ്രഖ്യാപിച്ചത്. വിദേശത്തു നിന്ന് ഡല്‍ഹിയിലും ഒഡീഷയിലും പഞ്ചാബിലും കഴിഞ്ഞ ദിവസങ്ങളില്‍ കൊണ്ടു വന്ന എല്ലാവര്‍ക്കും 14 ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനും പിന്നീട് 14 ദിവസം ഹോം ക്വാറന്റീനുമാണ് സംസ്ഥാനസര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ മാസം അഞ്ചാം തീയതി ഇതു സംബന്ധിച്ച വിശദമായ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റീവ് പ്രൊസീഡിയര്‍ പുറത്തിറക്കിയിരുന്നു.
അതില്‍ ആദ്യത്തെ 14 ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനും പിന്നീട് 14 ദിവസം വീട്ടിലോ സ്വന്തം നിലയ്‌ക്കോ ക്വാറന്റീനും വേണം എന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. ഇതനുസരിച്ചുള്ള സത്യവാങ്മൂലമാണ് കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്ര മാര്‍ഗരേഖ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ടു നേരത്തെ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചതനുസരിച്ചു തിരിച്ചെത്തുന്നവരെ സര്‍ക്കാര്‍ ഒരുക്കുന്ന സംവിധാനത്തിലാണ് ആദ്യം ക്വാറന്റീന്‍ ചെയ്യേണ്ടത്. 14 ദിവസം ഇതു തുടരണമെന്നും പറഞ്ഞിരുന്നു. ഇതിനു വിരുദ്ധമായിരുന്നു കേരളത്തിന്റെ നിലപാട്. വിമാനത്താവളത്തില്‍നിന്നു നേരെ സര്‍ക്കാര്‍ സംവിധാനത്തിലെത്തിച്ച് 7 ദിവസം അവിടെയും തുടര്‍ന്ന് 7 ദിവസം വീടുകളിലും ക്വാറന്റീനിലാക്കുമെന്നു മുഖ്യമന്ത്രി തന്നെ അറിയിച്ചിരുന്നു.
സര്‍ക്കാര്‍ സംവിധാനത്തില്‍ തന്നെ 14 ദിവസം പാര്‍പ്പിക്കുന്നതില്‍ ചില സംസ്ഥാനങ്ങള്‍ പ്രായോഗിക ബുദ്ധിമുട്ട് അറിയിച്ചിരുന്നു. ക്വാറന്റീന്‍ സൗകര്യങ്ങളുടെ അപര്യാപ്തതയാണ് മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രശ്‌നം. ഇതിനിടെ മടങ്ങി വരുന്നവര്‍ക്കു സ്വന്തം നിലയില്‍ ആവശ്യമെങ്കില്‍ പണം നല്‍കി ഹോട്ടല്‍, ലോഡ്ജ് തുടങ്ങിയിടങ്ങളില്‍ സജ്ജമാക്കുന്ന ക്വാറന്റീന്‍ സൗകര്യങ്ങള്‍ ഉപയോഗിക്കാമെന്നു വ്യക്തമാക്കി മാര്‍ഗനിര്‍ദേശവും പുറത്തിറക്കിയിരുന്നു. സ്വകാര്യ സംവിധാനമാണെങ്കിലും ജില്ലാ കോവിഡ് നിരീക്ഷണ സമിതിയുടെ മേല്‍നോട്ടത്തിലാണ് ഇവ പ്രവര്‍ത്തിക്കുകയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Leave a Comment