വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ നിരീക്ഷിക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം : മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്നു വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ ഇതു ലംഘിക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ ജനമൈത്രി ബീറ്റ് ഓഫിസര്‍മാര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദേശം പാലിക്കാതെ അയല്‍ വീടുകളിലും ബന്ധു വീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും സന്ദര്‍ശനം നടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരം സമീപനം സുരക്ഷാ മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമാണ്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി അറിയിച്ചു.

അതേസമയം, ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് ഓണ്‍ലൈന്‍ പാസ് ലഭിക്കുന്നതിന് അപേക്ഷിക്കാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ക്ക് അതതു പൊലീസ് സ്‌റ്റേഷനുകളില്‍ നിന്നു നേരിട്ട് പാസ് വാങ്ങാമെന്നു ഡിജിപി അറിയിച്ചു. ഇതിനായി പൊലീസിന്റെ വെബ്‌സൈറ്റിലും ഫെയ്‌സ്ബുക്ക് പേജിലും ലഭ്യമായ പാസിന്റെ മാതൃക പൂരിപ്പിച്ചു സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് നല്‍കിയാല്‍ മതി.

പാസിന്റെറെ മാതൃകയില്‍ ഫോട്ടോ പതിക്കുകയോ പാസിനായി പ്രത്യേക അപേക്ഷ നല്‍കുകയോ ചെയ്യേണ്ടതില്ല. പാസിന് അപേക്ഷിക്കുന്നവരുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു പൊലീസ് സ്‌റ്റേഷനില്‍ റജിസ്റ്റര്‍ സൂക്ഷിക്കണം. ഇതില്‍ അപേക്ഷകര്‍ ഒപ്പിടുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് പൊലീസിനെ കാണിക്കേണ്ടതാണ്. അയല്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലും പ്രവര്‍ത്തനം അനുവദിക്കപ്പെട്ട കടകളിലും ജോലിചെയ്യുന്നവര്‍ക്ക് ജില്ല വിട്ടു യാത്രചെയ്യുന്നതിന് പ്രത്യേക പാസ് അനുവദിക്കും. ഇതിനായി അതതു സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരെയാണ് സമീപിക്കേണ്ടത്.

pathram:
Related Post
Leave a Comment