ലോക്ഡൗണ്‍ ലംഘിച്ച്; അന്ന് സെക്‌സ് പാര്‍ട്ടി , ഇന്ന് വീട് സന്ദര്‍ശനം

ലണ്ടന്‍: വിവാദങ്ങളൊഴിയാതെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലിഷ് താരം കൈല്‍ വോക്കര്‍. ലോക്ഡൗണിനിടെ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം സെക്‌സ് പാര്‍ട്ടി സംഘടിപ്പിച്ചതിന് കഴിഞ്ഞ മാസം വിവാദത്തില്‍ കുരുങ്ങിയ കൈല്‍ വോക്കര്‍, ലോക്ഡൗണ്‍ ചട്ടലംഘനത്തിന് വീണ്ടും കുരുക്കില്‍. ഇത്തവണ ലോക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ച് സഹോദരിയുടെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുത്തതാണ് വിവാദമായത്. ഇതിനു പിന്നാലെ വേറൊരിടത്തു താമസിക്കുന്ന മാതാപിതാക്കളെയും സന്ദര്‍ശിക്കാന്‍ പോയതായി ആരോപണമുണ്ട്. കൊറോണ വൈറസ് ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളിലൊന്നായ ബ്രിട്ടനില്‍ ശക്തമായ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് താരം വീണ്ടും കുരുക്കിലായത്.

സെക്‌സ് പാര്‍ട്ടി സംഘടിപ്പിച്ച സംഭവം വിവാദമായതോടെ പരസ്യമായി മാപ്പു പറഞ്ഞ വോക്കര്‍, പ്രഫഷനല്‍ ഫുട്‌ബോള്‍ താരമെന്ന നിലയില്‍ സമൂഹത്തിനു മുന്നില്‍ മാതൃകയായി ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞിരുന്നു. ഇതിനിടെയാണ് താരത്തിനെതിരെ വീണ്ടും നിയമലംഘനം ആരോപിക്കപ്പെടുന്നത്. വോക്കറിനെതിരെ പൊലീസ് പിഴ ചുമത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

24 മണിക്കൂറിനിടെ ആദ്യം സഹോദരിയെയും പിന്നീട് മാതാപിതാക്കളേയും സന്ദര്‍ശിക്കാന്‍ ദീര്‍ഘദൂരം യാത്ര ചെയ്ത വോക്കര്‍, സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാമതും നിയമം ലംഘിക്കേണ്ടി വന്നതിന് മാപ്പുപറഞ്ഞ താരം, ഇക്കുറി പക്ഷേ മാധ്യമങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സുദീര്‍ഘമായ പ്രസ്താവനയിലാണ് തന്റെ സ്വകാര്യ ജീവിതത്തില്‍ അനാവശ്യമായി എത്തിനോക്കുന്ന മാധ്യമങ്ങളെ വോക്കര്‍ വിമര്‍ശിച്ചത്.

ഞാന്‍ ആവശ്യത്തിലേറെ മൗനം പാലിച്ചെന്ന് കരുതുന്നു. ഏറ്റവുമൊടുവില്‍ എനിക്കും കുടുംബത്തിനുമെതിരെ പ്രസിദ്ധീകരിച്ച മാധ്യമ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഇനിയും നിശബ്ദനായിരിക്കുന്നതില്‍ കാര്യമില്ലെന്ന് തോന്നുന്നു. അതുകൊണ്ടാണ് പരസ്യമായ ഈ പ്രസ്താവന. എന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടത്തിലൂടെയാണ് ഈ ദിവസങ്ങളില്‍ കടന്നുപോയത്. അതിന്റെ പൂര്‍ണ ഉത്തരവാദിത്തം എനിക്കു തന്നെയാണെങ്കിലും അര്‍ഹിക്കുന്നതിലുമധികം ഞാന്‍ അപമാനിക്കപ്പെടുന്നുണ്ടെന്നാണ് തോന്നല്‍. ഇത് എന്നെ മാത്രമല്ല ബാധിക്കുന്നത്, എന്റെ കുഞ്ഞുമക്കളുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ കൂടിയാണ്’ – വോക്കര്‍ കുറിച്ചു.

‘ഇനി ബുധനാഴ്ച സംഭവിച്ച കാര്യങ്ങളെക്കുറിച്ച്. എന്റെ സഹോദരിക്ക് ജന്മദിന കാര്‍ഡും സമ്മാനവും നല്‍കാനാണ് ഞാന്‍ ഷെഫീല്‍ഡിലേക്കു പോയത്. അതിനു പുറമെ ജീവിതത്തില്‍ ഞാനേറ്റവും വിശ്വസിക്കുന്ന ഏതാനും പേരെ കാണുകയും ചെയ്തു. എന്നെ കണ്ട മാത്രയില്‍ സഹോദരി ആലിംഗനം ചെയ്ത് എന്നോടുള്ള കരുതല്‍ പ്രകടമാക്കി. അപ്പോള്‍ ഞാനെന്താണ് ചെയ്യേണ്ടത്? സഹോദരിയെ തള്ളിമാറ്റണോ?’ – വോക്കര്‍ കുറിച്ചു.

‘അതിനുശേഷം ഞാന്‍ എന്റെ മാതാപിതാക്കളുടെ അടുത്തേക്കു പോയി. വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം കൊണ്ടാണത്. ഓര്‍ക്കണം, കഴിഞ്ഞ ഏതാനും ആഴ്ചകളായി ഞാന്‍ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങളും അതേ തീവ്രതയോടെ അനുഭവിക്കുന്നവരാണ് അവരും. എന്റെ യാത്രകളില്‍ വിടാതെ പിന്തുടര്‍ന്ന് ചിത്രങ്ങളെടുക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ എന്റെ സഹോദരിയുടെയും മാതാപിതാക്കളുടെയും സ്വകാര്യതയിലേക്കുകൂടിയാണ് കടന്നുകയറുന്നത്. ചിലര്‍ എന്നെ എപ്പോഴും പിന്തുടരുകയാണെന്ന തോന്നല്‍ ശക്തമായുണ്ട്. എന്റെ വീട്ടില്‍പ്പോലും ഞാന്‍ സുരക്ഷിതനല്ല. എന്തിനാണ് എല്ലാവരും ചേര്‍ന്ന് ഇങ്ങനെയൊരു സാഹചര്യം സൃഷ്ടിക്കുന്നത്? ഞാന്‍ ഇതൊക്കെ അര്‍ഹിക്കുന്നുണ്ടോ? – വോക്കര്‍ എഴുതി. ഇതെല്ലാം എപ്പോഴാണ് അവസാനിപ്പിക്കുകയെന്നും വോക്കര്‍ ചോദിച്ചു.

കൃത്യം ഒരു മാസം മുന്‍പാണ് ലോക്ഡൗണ്‍ ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി വോക്കര്‍ ചെഷയറിലെ തന്റെ വസതിയില്‍ പാര്‍ട്ടി നടത്തിയ വിവരം ബ്രിട്ടനിലെ സണ്‍ ദിനപ്പത്രം പുറത്തുവിട്ടത്. വോക്കറും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും പണം നല്‍കി രണ്ട് ലൈംഗിക തൊഴിലാളികളെ വീട്ടിലെത്തിച്ചെന്നാണ് സണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ക്രിമിനോളജി വിദ്യാര്‍ഥി കൂടിയായ 21കാരി എസ്‌കോര്‍ട്ട് ലൂയിസ്, 24 വയസ്സുള്ള ഒരു ബ്രസീലുകാരി എന്നിവരാണ് വോക്കറിന്റെ ഫ്‌ലാറ്റിലെത്തിയത്. രാത്രി 10.30ന് എത്തിയ ഇരുവരും പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഇവിടെനിന്ന് മടങ്ങിയതെന്നായിരുന്നു റിപ്പോര്‍ട്ട്. അവിടെവച്ച് ലൂയിസ് പകര്‍ത്തിയ വോക്കറിന്റെ അടിവസ്ത്രം മാത്രം ധരിച്ചുള്ള ചിത്രവും സണ്‍ പ്രസിദ്ധീകരിച്ചിരുന്നു. സംഭവം വിവാദമായതോടെ വോക്കര്‍ മാപ്പു ചോദിച്ചിരുന്നു. അതേസമയം, ഈ പ്രശ്‌നത്തില്‍ ക്ലബ്ബില്‍നിന്ന് വോക്കറിനെതിരെ അച്ചടക്ക നടപടിക്കുള്ള സാധ്യത നിലനില്‍ക്കുകയാണ്.

pathram:
Related Post
Leave a Comment