ഗര്‍ഭിണികളെ നാട്ടിലെത്തിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച ജിഎസ് ആതിര പറയുന്നു

നാട്ടിലേക്കു പോകുന്നതിന്റെ സന്തോഷത്തിലായിരിക്കെയാണ് ഒട്ടും പ്രതീക്ഷിക്കാതെ വിവാദവും സമൂഹമാധ്യമങ്ങളിലെ ചോദ്യോത്തരങ്ങളുമൊക്കെ എത്തിയത്. സത്യം പറയാമല്ലോ, ഒന്നും മനസ്സിലായില്ല. ആകെ മൂഡ് ഓഫ് ആയിപ്പോയി. എന്തൊരു മാനസിക സംഘര്‍ഷമാണ് ഒരു കാര്യവുമില്ലാതെ അനുഭവിച്ചത്.

ഞാന്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായ ആള്‍ പോലുമല്ല. ഏപ്രില്‍ ഒന്നു മുതല്‍ വര്‍ക് ഫ്രം ഫോം ആണ്. കഴിഞ്ഞ മാസം പകുതിയോടെ നാട്ടിലേക്കു വരാമെന്നു കരുതിയിരിക്കെയാണ് വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചത്. പുനരാരംഭിക്കുമെന്നു കരുതി കാത്തിരുന്നെങ്കിലും അതുണ്ടായില്ല.

എനിക്ക് ഐടി കമ്പനിയില്‍ ജോലിയുണ്ട്. ഭര്‍ത്താവ് നിതിന്‍ മെക്കാനിക്കല്‍ എന്‍ജിനീയറുമാണ്. കൂടാതെ, ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ളതുകൊണ്ടു ചികിത്സയ്ക്ക് അധികം പ്രയാസവും നേരിട്ടില്ല. കോവിഡ് ചുറ്റും പടര്‍ന്നുപിടിക്കുമ്പോള്‍ നാട്ടിലെത്താനുള്ള വഴിയാണു തേടിയത്. എന്റെ മാത്രമല്ല, പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യം സ്വപ്നം കാണുന്ന എല്ലാ ഗര്‍ഭിണികളുടെയും ആഗ്രഹം അതാണല്ലോ. ഇന്‍കാസിന്റെ യൂത്ത് വിങ് വഴി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഷാഫി പറമ്പില്‍ എംഎല്‍എ എനിക്കു ടിക്കറ്റ് എടുത്തു നല്‍കിയതും ഇങ്ങനെയൊരു കാര്യത്തിനായി കോടതിയെ സമീപിച്ചതിന്റെ പേരിലാണ്. അതുകൊണ്ടു മാത്രമാണു ടിക്കറ്റ് സ്വീകരിച്ചത്. അദ്ദേഹത്തോട് ഇക്കാര്യം പറയുകയും ചെയ്തു. ടിക്കറ്റെടുക്കാന്‍ കഷ്ടപ്പെടുന്ന പലരും ഉള്ളതുകൊണ്ട് അങ്ങനെയുള്ള 2 പേര്‍ക്ക് ഞാനും ഭര്‍ത്താവും ചേര്‍ന്നു ടിക്കറ്റിനു പണം നല്‍കാനും തീരുമാനിച്ചു.

ഭര്‍ത്താവ് ഈ സമയത്തും ജോലിക്കു പോകുന്നുണ്ടായിരുന്നതിനാല്‍ കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. 2 ദിവസം മുന്‍പാണ് നെഗറ്റീവ് എന്നു ഫലം വന്നത്. എങ്കിലും നമ്മളില്‍ നിന്ന് ആര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടാകരുത് എന്നുള്ളതു കൊണ്ട് സുരക്ഷാ വസ്ത്രം (പിപിഇ) ധരിച്ചാണു വിമാനത്താവളത്തിലെത്തിയത്. ഇവിടെ വന്നപ്പോള്‍ ഒട്ടേറെ ഗര്‍ഭിണികളെ കണ്ടു. എല്ലാവരും നാട്ടിലേക്കു മടങ്ങുന്നതിന്റെ സന്തോഷത്തില്‍.

റാപ്പിഡ് ടെസ്റ്റ് കഴിഞ്ഞ് നെഗറ്റീവ് ഫലം ലഭിച്ച ഞങ്ങളെയെല്ലാം അകത്തേക്കു കടത്തിവിട്ടു. എല്ലായിടത്തും കര്‍ശനമായി അകലം പാലിച്ചിരുന്നു. രോഗികളും പ്രായമായവരും എല്ലാം വീട്ടിലെത്താമെന്നുള്ളതിന്റെ ആശ്വാസത്തിലാണ്. അല്‍പം തളര്‍ച്ചയുണ്ടെങ്കിലും എന്റെ ഉള്ളിലും ആശ്വാസം. വെറുതേ കടന്നുവന്ന വിവാദങ്ങളെക്കുറിച്ച് ഇനി ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ഗര്‍ഭകാലം 31 ആഴ്ചയായിട്ടുണ്ട്. 32 ആയിരുന്നെങ്കില്‍ പിന്നെ യാത്ര ചെയ്യാന്‍ അനുവാദം കിട്ടാതെ വന്നേനെ. ഇനി നാടിന്റെ തണലിലേക്ക്…

ജി.എസ്.ആതിര (ഗര്‍ഭിണികളെ നാട്ടിലെത്തിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച യുവതി)

pathram:
Related Post
Leave a Comment