പ്രവാസികളെ തിരികെ എത്തിക്കുന്നതിന് എല്ലാ സംവിധാനങ്ങളും ഒരുങ്ങി

കൊച്ചി: പ്രവാസികളെ തിരികെ എത്തിക്കുന്നതിന് എല്ലാ സംവിധാനങ്ങളും ഒരുങ്ങിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. വിദേശത്തു കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരിച്ചു കൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെഎംസിസി ഉള്‍പ്പടെയുള്ള സംഘനടനകളും ഏതാനും വ്യക്തികളും കോടതിയെ സമീപിച്ചിരുന്നു. ഇതിനായി സ്വീകരിച്ചിരിക്കുന്ന നടപടിക്രമങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നു സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ തയാറെടുപ്പുകള്‍ വിശദീകരിച്ചത്.

വിദേശത്തു നിന്നു തിരികെ കൊണ്ടുവരുന്നവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിനായി 116500 മുറികള്‍ തയാറാക്കിയിട്ടുണ്ട്. പണം നല്‍കി ഉപയോഗിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി 9000 ഹോട്ടല്‍ മുറികളും ഒരുക്കിയിട്ടുണ്ട്. അല്ലാത്തവര്‍ക്കു സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ള സ്ഥലങ്ങളില്‍ താമസിക്കാം. ഇവരുടെ ചെലവുകള്‍ക്കായി ജില്ലാ ഭരണകൂടങ്ങള്‍ക്ക് 14 കോടി രൂപ ഇതിനകം കൈമാറിക്കഴിഞ്ഞു. വരുന്നവരെ പരിശോധിക്കുന്നതിന് സര്‍ക്കാര്‍ കൈവശമുള്ള 40,000 ആര്‍ടി പിസിആര്‍ കിറ്റുകള്‍ ഉപയോഗിക്കും.

വിമാനത്താവളത്തില്‍ എത്തുന്നവരെ പരിശോധിച്ച് രോഗമുണ്ടോ എന്ന് ഉറപ്പു വരുത്തുന്നതിനും ആരോഗ്യ പരിശോധനകള്‍ക്കുമായി വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ജില്ല തിരിച്ച്, വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് വിപുലമായ സജ്ജീകരണങ്ങളാണ് പ്രവാസികള്‍ക്കായി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. കുടുംബശ്രീ യൂണിറ്റുകള്‍ വഴി ഇവര്‍ക്കു ഭക്ഷണം നല്‍കുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. വാഹന സൗകര്യം കെഎസ്ആര്‍ടിസി ആയിരിക്കും നല്‍കുക. കോവിഡ് കെയര്‍ സെന്ററുകള്‍ക്കു പൊലീസ് സംരക്ഷണമുണ്ടായിരിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

pathram:
Related Post
Leave a Comment