ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചു; കാസര്‍കോട് കൊറോണ ഭേദമായ ഗര്‍ഭിണി വീട്ടില്‍ പ്രസവിച്ചു

കാസര്‍കോട്: പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു കോവിഡ് ഭേദമായി ഒരു മാസം മുന്‍പു വീട്ടിലെത്തിയ ഗര്‍ഭിണി പ്രസവിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ ആംബുലന്‍സില്‍ ചെങ്കള സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ‘മുന്‍’ കോവിഡ് രോഗിയായതിനാല്‍ ആശുപത്രി അധികൃതര്‍ പ്രവേശനം നല്‍കാതെ മടക്കി. പ്രതിഷേധത്തെ തുടര്‍ന്നു കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസില്‍ നിന്നു മാനസിക പീഡനമുണ്ടായതായും ബന്ധുക്കള്‍ ആരോപിച്ചു. കളനാട് സ്വദേശിയായ യുവതിയാണു കഴിഞ്ഞ ദിവസം ഉച്ചയ്ക്കു വീട്ടില്‍ പ്രസവിച്ചത്. ഉച്ചയ്ക്കു മുന്‍പു ഫളയിങ് സ്‌ക്വാഡ് രണ്ടു തവണ വീട്ടിലെത്തി ആരോഗ്യവിവരം തിരക്കിയിരുന്നതായി മേല്‍പ്പറമ്പ് പൊലീസ് പറയുന്നു.

108 ആംബുലന്‍സിന്റെ നമ്പറും കൈമാറിയിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ പെട്ടെന്നു പ്രസവവേദന അനുഭവപ്പെട്ടു. ഉടന്‍ പ്രസവിച്ചു. വിവരമറിഞ്ഞു സിഐ അടക്കം പൊലീസ് എത്തിയിരുന്നു. 108 ആംബുലന്‍സ് ഉടന്‍ പുറപ്പെട്ടെങ്കിലും ചുറ്റി വളഞ്ഞ് എത്തേണ്ടി വന്നതിനാല്‍ വൈകി. ആരോഗ്യ പ്രവര്‍ത്തകര്‍ അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രുഷ നല്‍കി ആംബുലന്‍സില്‍ കയറ്റുമ്പോള്‍ 2 മണി കഴിഞ്ഞിരുന്നു.

കാസര്‍കോട് ജനറല്‍ ആശുപത്രി കോവിഡ് ചികിത്സയ്ക്കു മാത്രമായി മാറ്റിയതിനാല്‍ ചെങ്കള നായനാര്‍ ആശുപത്രിയിലാണു സര്‍ക്കാര്‍ പ്രസവ ചികിത്സയ്ക്കു സൗകര്യമുള്ളത്. അവിടെ എത്തിച്ചെങ്കിലും, യുവതിക്കു കോവിഡ് ചികിത്സ കഴിഞ്ഞതിനാല്‍ പ്രവേശിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ല. ബഹളമായതോടെ മുറിവില്‍ തുന്നലിട്ടശേഷം, ഡിഎംഒ അടക്കം ഇടപെട്ടു വൈകുന്നേരത്തോടെ കാസര്‍കോട് ആശുപത്രിയില്‍ പ്രത്യേക സംവിധാനം ഒരുക്കി അങ്ങോട്ടു മാറ്റുകയായിരുന്നു.

നാട്ടില്‍ തന്നെ ഏതെങ്കിലും ആശുപത്രിയില്‍ പ്രസവത്തിനു സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പിനോട് അപേക്ഷിച്ചിരുന്നുവെങ്കിലും പരിഗണിച്ചില്ലെന്നു ഭര്‍ത്താവ് പറഞ്ഞു. ചികിത്സ നിഷേധിച്ചതിനെതിരെ മുഖ്യമന്ത്രിക്കു പരാതി അയച്ചിട്ടുണ്ട്. ചില പൊലീസ് ഉദ്യോഗസ്ഥരും മോശമായാണു പെരുമാറിയത്. കോവിഡ് മുക്തനായി ഒരു മാസം കഴിഞ്ഞിട്ടും ഭാര്യയ്‌ക്കൊപ്പം ആശുപത്രിയില്‍ പോകാന്‍ തന്നെ പൊലീസ് അനുവദിക്കുന്നില്ലെന്നും ഭര്‍ത്താവ് ആരോപിച്ചു.

pathram:
Leave a Comment